കശ്മീരില്‍ സ്ഥാനാര്‍ഥികളും അതീവരഹസ്യം

കെ എ സലിം

ന്യൂഡല്‍ഹി: സ്ഥാനാര്‍ഥികള്‍ ആരെന്നു വോട്ടര്‍മാരെ അറിയിക്കാതെ, പ്രചാരണമില്ലാതെ രഹസ്യമായി ജമ്മുകശ്മീരില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു തിരഞ്ഞെടുപ്പ്. സുരക്ഷാ കാരണം പറഞ്ഞാണു സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ രഹസ്യമാക്കി വച്ചത്. ഈ മാസം എട്ടിനാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ്.
എന്നാല്‍ ഏതെല്ലാം രാഷ്ട്രീയപ്പാര്‍ട്ടിയാണ് മല്‍സരത്തിനുള്ളതെന്നു പോലും വോട്ടര്‍മാര്‍ക്കറിയില്ല. സ്ഥാനാര്‍ഥികളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുന്നത് അവരുടെ ജീവനു ഭീഷണിയായതു കൊണ്ടാണു രഹസ്യമാക്കി വച്ചിരിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. സ്ഥാനാര്‍ഥികള്‍ ആരെന്നു പോളിങ് ബൂത്തില്‍ ചെന്ന ശേഷമാവും അറിയുക.
കശ്മീരിലെ 598 വാര്‍ഡുകളിലേക്കും 40 മുനിസിപ്പല്‍ ബോഡികളിലേക്കുമായി 851 സ്ഥാനാര്‍ഥികളാണു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ജമ്മുകശ്മീരിലാകെ 1145 സീറ്റുകളാണുള്ളത്. ഇതില്‍ 79 എണ്ണം മുനിസിപ്പല്‍ സീറ്റുകളാണ്. ആകെ മല്‍സരിക്കുന്നത് 3005 സ്ഥാനാര്‍ഥികള്‍. സംസ്ഥാനത്തെ ഏറ്റവും വലിയ പാര്‍ട്ടികളായ പിഡിപി, നാഷനല്‍ കോണ്‍ഫറന്‍സ് എന്നിവര്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരണം പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാല്‍ ബിജെപി, കോണ്‍ഗ്രസ്, സജ്ജാദ് ഗനി ലോണിന്റെ പീപ്പിള്‍സ് കോണ്‍ഫറന്‍സ് എന്നീ പാര്‍ട്ടികള്‍ മല്‍സരിക്കും. 60 ശതമാനം സീറ്റുകളിലേക്കും മല്‍സരം നടക്കാനിടയില്ല.
കശ്മീരിലെ 598 വാര്‍ഡുകളില്‍ 172 സീറ്റുകളിലേക്ക് ആരും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടില്ല. 190 വാര്‍ഡുകളില്‍ ഒരാള്‍ മാത്രമാണു സ്ഥാനാര്‍ഥിയായുള്ളത്. അവിടെ വോട്ടെടുപ്പുണ്ടാകാനും സാധ്യത കുറവാണ്. 40 മുനിസിപ്പല്‍ സീറ്റുകളില്‍ 21 എണ്ണത്തിലും വോട്ടെടുപ്പുണ്ടാവില്ല.
ശ്രീനഗര്‍ മുനിസിപ്പല്‍ കോര്‍പറേഷനിലെ 74 വാര്‍ഡുകളിലാണ് കാര്യമായ മല്‍സരം നടക്കുന്നത്. ഇവിടെ 310 പേര്‍ മല്‍സരിക്കുന്നുണ്ട്. എന്നാല്‍ സ്ഥാനാര്‍ഥികള്‍ ആരെല്ലാമാണെന്ന് ആര്‍ക്കും അറിയില്ല. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി കഴിഞ്ഞാലുടന്‍ സ്ഥാനാര്‍ഥികളുടെ പേരുവിവരങ്ങള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണമെന്നാണു ചട്ടം.
എന്നാല്‍ ഇത്തവണ അത് വേണ്ടതില്ലെന്നു കര്‍ശന നിര്‍ദേശം ലഭിച്ചതായി ജമ്മുകശ്മീര്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ഷലീന്‍ കാബ്‌റ പറഞ്ഞു.
ഇക്കാര്യത്തില്‍ വാക്കാലുള്ള ഉത്തരവാണു ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഹജന്‍, സുംബാല്‍ എന്നിവിടങ്ങളിലെ സാഹചര്യം മോശമായതിനാലാണു തങ്ങള്‍ സ്ഥാനാര്‍ഥികളുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താത്തതെന്നു ബന്ദിപോര്‍ ഡപ്യൂട്ടി കമ്മീഷണര്‍ ഷാഹിദ് ചൗധരി പറഞ്ഞു.
മാധ്യമങ്ങളോട് പോലും സംസാരിച്ചു പോവരുതെന്നാണ് തങ്ങള്‍ക്കു ലഭിച്ച നിര്‍ദേശമെന്ന് ബാരാമുല്ലയില്‍ നിന്നുള്ള ഒരു സ്ഥാനാര്‍ഥി വ്യക്തമാക്കി. മല്‍സരിക്കുന്നുവെന്നു വെളിപ്പെടുത്തിയാല്‍ ആരെങ്കിലും കൊല്ലാനുള്ള സാധ്യതയുണ്ടെന്നാണ് അധികൃതര്‍ പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it