കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണത്തിനു വഴിയൊരുങ്ങി

ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ സര്‍ക്കാര്‍ രൂപീകരണത്തിനു വഴിയൊരുങ്ങുന്നു. പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയില്‍ നടന്ന കൂടിക്കാഴ്ച അനുകൂലമായിരുന്നുവെന്നും നാളെ പാര്‍ട്ടി എംഎല്‍എമാരുടെ യോഗം വിളിക്കുമെന്നും മെഹബൂബ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കഴിഞ്ഞ മൂന്നുമാസമായി സര്‍ക്കാര്‍ രൂപീകരണം സ്തംഭനാവസ്ഥയിലായിരുന്നു. എന്നാല്‍ ഇന്ന് സംതൃപ്തയാണ്. ശ്രീനഗറിലെത്തി പാര്‍ട്ടി എംഎല്‍എമാരുമായി സംസാരിച്ചതിനു ശേഷം സര്‍ക്കാര്‍ രൂപീകരണത്തിന്റെ പ്രഖ്യാപനം ഉണ്ടാവുമെന്നും മെഹബൂബ പറഞ്ഞു. ഒരാഴ്ചയ്ക്കകം പുതിയ സര്‍ക്കാര്‍ ഉണ്ടായേക്കുമെന്ന് പിഡിപി മുതിര്‍ന്ന നേതാവ് നയീം അക്തര്‍ ജമ്മുവില്‍ അറിയിച്ചു.
സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുമായി നടത്തിയ കൂടിക്കാഴ്ച പരാജയപ്പെട്ടതിനെത്തുടര്‍ന്ന് മെഹബൂബ ശ്രീനഗറിലേക്കു മടങ്ങിയതു ദിവസങ്ങള്‍ക്കു മുമ്പാണ്. ഒരുവര്‍ഷം മുമ്പ് സഖ്യസര്‍ക്കാര്‍ രൂപീകരിക്കുന്ന വേളയില്‍ ഇരു പാര്‍ട്ടികളും തമ്മിലുണ്ടാക്കിയ മുന്നണി അജണ്ടകള്‍ നിറവേറ്റുന്നതുമായി ബന്ധപ്പെട്ട് ബിജെപിയില്‍ നിന്ന് ഉറപ്പു വേണമെന്നായിരുന്നു മെഹബൂബയുടെ ആവശ്യം. എന്നാല്‍ പുതിയ യാതൊരു ഉറപ്പും നല്‍കാന്‍ കഴിയില്ലെന്നായിരുന്നു ബിജെപി ദേശീയ നേതൃത്വത്തിന്റെ നിലപാട്. ഇരുപാര്‍ട്ടികളും തമ്മില്‍ ഉണ്ടായിരുന്ന ഈ അഭിപ്രായവ്യത്യാസം മെഹബൂബ-മോദി കൂടിക്കാഴ്ചയോടെ ലഘൂകരിക്കപ്പെട്ടെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്.
അതേസമയം, പിഡിപിക്കെതിരേ വിമര്‍ശനവുമായി സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം രംഗത്തുവന്നു. സര്‍ക്കാര്‍ രൂപീകരണത്തിനു മുമ്പായി പുതിയ ഉറപ്പു വേണമെന്ന പിഡിപിയുടെ നിലപാട് നാടകമായിരുന്നുവെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ജി എ മിര്‍ പറഞ്ഞു. മുന്നണി അജണ്ട കൂടാതെ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ എന്തു വാഗ്ദാനമാണു നല്‍കിയതെന്ന് മെഹബൂബ പറയണമെന്നും മിര്‍ ആവശ്യപ്പെട്ടു. ജനുവരി ഏഴിന് പിഡിപി നേതാവുകൂടിയായ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് അന്തരിച്ചതോടെയാണ് ജമ്മുകശ്മീരില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ ഉണ്ടായത്.
Next Story

RELATED STORIES

Share it