Readers edit

കശ്മീരില്‍ വീണ്ടും ഭരണസ്തംഭനം

അഡ്വ. എസ് എ കരീം, തിരുവനന്തപുരം

ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദ് മരണമടഞ്ഞതോടെ അദ്ദേഹത്തിന്റെ മകള്‍ മെഹബൂബ മുഫ്തി മുഖ്യമന്ത്രിയാവുമെന്ന് ഉറപ്പായിരുന്നു. അതു യാഥാര്‍ഥ്യമാവുമ്പോള്‍ കശ്മീരിലും ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടാവും. തമിഴ്‌നാട്ടിലെ ജയലളിതയ്ക്കും ഉത്തര്‍പ്രദേശിലെ മായാവതിക്കും രാജസ്ഥാനിലെ വസുന്ധര രാജെ സിന്ധ്യക്കും പശ്ചിമ ബംഗാളിലെ മമത ബാനര്‍ജിക്കും ഡല്‍ഹിയിലെ ഷീല ദീക്ഷിതിനും പിന്നാലെ ജമ്മുകശ്മീരിലും ഒരു വനിതാ മുഖ്യമന്ത്രി. എന്നാല്‍, അധികാരാരോഹണം നീളുന്നതിനെ ജനം പല രീതിയിലും വിലയിരുത്തുന്നു. ജമ്മുകശ്മീരില്‍ ഭരണം നടത്തുന്നത് രണ്ടു കുടുംബങ്ങളാണ്. നാഷനല്‍ കോണ്‍ഫറന്‍സിന്റെ ശെയ്ഖ് അബ്ദുല്ല ആദ്യം സംസ്ഥാനം ഭരിച്ചു. പിന്നീട് മകന്‍ ഫാറൂഖ് അബ്ദുല്ല വന്നു. 2014ലെ തിരഞ്ഞെടുപ്പില്‍ ഫാറൂഖ് അബ്ദുല്ലയുടെ മകന്‍ ഉമര്‍ അബ്ദുല്ല പുറത്തായി. അങ്ങനെയാണ് മുഫ്തി മുഹമ്മദ് സഈദ് മുഖ്യമന്ത്രിയായത്. അദ്ദേഹം ഒമ്പതു മാസക്കാലം ഭരിച്ചപ്പോഴാണ് മരണം അപഹരിച്ചത്. മുഫ്തിയുടെ സ്ഥാനാരോഹണം തന്നെ വളരെ പ്രയാസപ്പെട്ടായിരുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് രണ്ടുമാസത്തോളം അവിടെ ഗവര്‍ണര്‍ ഭരണമായിരുന്നു.
87 അംഗ നിയമസഭയില്‍ പിഡിപിക്ക് 28ഉം ബിജെപിക്ക് 25ഉം നാഷനല്‍ കോണ്‍ഫറന്‍സിന് 15ഉം കോണ്‍ഗ്രസ്സിന് 12ഉം സ്വതന്ത്രന്മാര്‍ക്ക് ഏഴും സീറ്റുകളാണുള്ളത്. ആരു ഭരിച്ചാലും പിഡിപിയില്ലാതെ ഭരണം നടപ്പില്ലെന്ന സ്ഥിതി. ബിജെപിയോട് സഹകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. പിഡിപിയുടെ എതിര്‍പാര്‍ട്ടി എന്ന നിലയില്‍ എന്‍സിക്ക് പിഡിപിയോട് സഹകരിക്കുക സാധ്യമല്ല. അങ്ങനെ രണ്ടുമാസത്തെ ഗവര്‍ണര്‍ ഭരണത്തിനു ശേഷമാണ് 2015 മാര്‍ച്ച് ഒന്നിന് മുഫ്തിയുടെ നേതൃത്വത്തിലുള്ള പിഡിപി-ബിജെപി സഖ്യം നിലവില്‍ വന്നത്. എന്നാല്‍, മുഫ്തി-ബിജെപി ഭരണം സുഗമമായിരുന്നില്ല. പലതരം പ്രശ്‌നങ്ങള്‍ സര്‍ക്കാരില്‍ അപശബ്ദങ്ങള്‍ ഉണ്ടാക്കി. ഏറ്റവും ഒടുവിലായി ശ്രീനഗറിലെ ഒരു റാലിയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കശ്മീര്‍ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി മുഫ്തിയുടെ ഉപദേശം വേണ്ടെന്ന അഭിപ്രായം മുഫ്തി-ബിജെപി ബന്ധത്തെ ഉലച്ചിരുന്നു. ജനങ്ങളോട് അടുത്തുനില്‍ക്കുന്നതും അവരുടെ കാര്യങ്ങള്‍ നന്നായി അറിയുന്നതും പ്രാദേശിക പാര്‍ട്ടിയാണെന്നും അവരെ കേന്ദ്രസര്‍ക്കാര്‍ വിശ്വാസത്തിലെടുക്കണമെന്നുമായിരുന്നു മുഫ്തിയുടെ അഭിപ്രായം. അതിനു മറുപടിയായിട്ടായിരുന്നു കശ്മീര്‍ പ്രശ്‌നത്തില്‍ പ്രധാനമന്ത്രിക്ക് ആരുടെയും ഉപദേശം വേണ്ടെന്ന തിരിച്ചടി.
മുഫ്തിയുടെ മരണത്തെ തുടര്‍ന്ന് നാലുദിവസം സംസ്ഥാനത്ത് ദുഃഖാചരണമുണ്ടായിരുന്നു. ആ സമയത്ത് ഭരണം ഏല്‍ക്കാന്‍ മെഹബൂബ തയ്യാറായില്ല. അങ്ങനെ വീണ്ടും ഭരണം ഗവര്‍ണര്‍ ഏറ്റെടുത്തു. ദുഃഖാചരണവേളയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മെഹബൂബയെ വന്നുകണ്ടിരുന്നു. അതൊരു ദുഃഖാന്വേഷണ സന്ദര്‍ശനമായിരുന്നു എന്നാണ് പുറത്തുവന്ന വാര്‍ത്ത. ദുഃഖാന്വേഷണത്തിനപ്പുറത്തേക്ക് സംഭവം നീണ്ടുപോയിക്കൂടെന്നില്ല. മന്ത്രിസഭാ രൂപീകരണം നീളുന്തോറും പിഡിപി-കോണ്‍ഗ്രസ് സഖ്യവും പുതിയ ഭരണവും തെളിഞ്ഞുവരുന്നുണ്ട്. പിഡിപി-കോണ്‍ഗ്രസ് സഖ്യം പുതുമയുള്ളതല്ല. 2002ലെ ജമ്മുകശ്മീര്‍ തിരഞ്ഞെടുപ്പില്‍ മുഫ്തി സഈദ് മുഖ്യമന്ത്രിയായത് കോണ്‍ഗ്രസ് പിന്തുണയോടെയാണ്. മെഹബൂബയുടെ ഇപ്പോഴത്തെ നീക്കം പിഡിപി-കോണ്‍ഗ്രസ് ബന്ധം ആവര്‍ത്തിക്കാനാണെന്ന് സംശയിച്ചാല്‍ അവരെ കുറ്റംപറയാന്‍ സാധിക്കുകയില്ല.
Next Story

RELATED STORIES

Share it