കശ്മീരില്‍ മൂന്നു യുവാക്കള്‍ വെടിയേറ്റു മരിച്ച നിലയില്‍

ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ ബാരാമുല്ല ജില്ലയില്‍ മൂന്നു യുവാക്കളെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. സായുധസംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടേതാണ് മൃതദേഹമെന്നു പോലിസ് പറഞ്ഞു. പഠാന്‍ പ്രദേശത്തെ ഡാജര്‍പോറയില്‍ മൃതദേഹം കണ്ട ഗ്രാമീണര്‍ പോലിസിനെ വിവരമറിയിക്കുകയായിരുന്നു.

സോപോറിലെ ഹാര്‍ദ്ശിവയില്‍ നിന്നു കഴിഞ്ഞ ജൂലൈ 15ന് കാണാതായ ആമിര്‍ ഖാദിര്‍ റിഷി(18)യുടേതാണ് ഒരു മൃതദേഹം. ഹിസ്ബുല്‍ മുജാഹിദീനില്‍ നിന്നു വേര്‍പിരിഞ്ഞ ലശ്കറെ ഇസ്‌ലാമിന്റെ പ്രവര്‍ത്തകനാണ് റിഷിയെന്നു പോലിസ് പറഞ്ഞു. മറ്റു രണ്ടു മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. മൂന്നു മൃതദേഹങ്ങളും പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.

അതേസമയം, മൃതദേഹങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയതോടെ ശ്രീനഗര്‍-ബാരാമുല്ല റോഡിലെ പഠാനിലും പാല്‍ഹലനിലും കടകള്‍ അടച്ചു. പ്രകടനം നടത്തിയ ജനക്കൂട്ടം പോലിസിനു നേരെ കല്ലെറിഞ്ഞു. ദുരൂഹ സാഹചര്യത്തില്‍ യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it