Flash News

കശ്മീരില്‍ പോലിസുകാരനെ നഗ്നനാക്കി മര്‍ദിച്ചു കൊന്നു



ശ്രീനഗര്‍: ജമ്മുകശ്മീരിലെ ശ്രീനഗറില്‍ പോലിസ് ഉദ്യോഗസ്ഥന്‍ ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് (ഡിഎസ്പി) മുഹമ്മദ് അയൂബ് പണ്ഡിറ്റാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ രാത്രി 12.30ഓടെ ശ്രീനഗറിലെ നൗഹാട്ടയിലെ ജാമിഅ മസ്ജിദിനു സമീപമായിരുന്നു സംഭവം. അക്രമികള്‍ ഉദ്യോഗസ്ഥനെ വിവസ്ത്രനാക്കി കല്ലെറിഞ്ഞും മര്‍ദിച്ചും കൊല്ലുകയായിരുന്നുവെന്ന് പോലിസ് വക്താവ് അറിയിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റിലായി. മൂന്നാമതൊരാളെ കൂടി തിരിച്ചറിഞ്ഞതായും പോലിസ് അറിയിച്ചു.പോലിസ് ഉദ്യോഗസ്ഥനെതിരായ ആക്രമണം ലജ്ജാകരമെന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പ്രതികരിച്ചു. ഉദ്യോഗസ്ഥരുടെ ക്ഷമ പരിശോധിക്കരുതെന്നും പരിധിവിട്ടാല്‍ അതിന്റെ പരിണതഫലം വളരെ വലുതായിരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി. പോലിസുകാര്‍ പരമാവധി ക്ഷമിക്കുകയാണെന്നും അത് അവര്‍ക്ക് എത്രകാലം തുടരാനാവുമെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല, ഹുര്‍രിയത്ത് നേതാവ് മീര്‍വായിസ് ഉമര്‍ ഫാറൂഖ് എന്നിവരും കൊലപാതകത്തെ അപലപിച്ചു. തന്റെ ഒരുമാസത്തെ ശമ്പളം പോലിസ് വെല്‍ഫെയര്‍ ഫണ്ടിന്  സമര്‍പ്പിക്കുന്നതായി ഉമര്‍ അബ്ദുല്ല അറിയിച്ചു. മസ്ജിദില്‍ നിന്നു പുറത്തുവരുന്നവരുടെ ചിത്രങ്ങള്‍ ഡിഎസ്പി പകര്‍ത്തിയെന്നു പറഞ്ഞായിരുന്നു ആക്രമണമെന്ന് പോലിസ് അറിയിച്ചു. ഒരുകൂട്ടം ആളുകള്‍ക്കു നേരെ ഉദ്യോഗസ്ഥന്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് കല്ലേറും മര്‍ദനവും ഉണ്ടായതെന്നും റിപോര്‍ട്ടുണ്ട്. വെടിവയ്പില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. വെടിവയ്പിനെ തുടര്‍ന്ന് ആളുകള്‍ പോലിസുദ്യോഗസ്ഥനെ വിവസ്ത്രനാക്കി കല്ലെറിയുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. അതേസമയം, ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതെന്നും ഇത് ദൗര്‍ഭാഗ്യകരമാണെന്നും ഡിജിപി എസ് പി വൈദ് പ്രതികരിച്ചു. സ്വരക്ഷയ്ക്കു വേണ്ടിയാണ് വെടിയുതിര്‍ത്തതെന്നും ഡിജിപി വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് ശ്രീനഗറിലെ പഴയ നഗരഭാഗങ്ങളില്‍ സംഘര്‍ഷാവസ്ഥ തുടരുന്നുണ്ട്. നൗഹാട്ടയിലും സമീപപ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.
Next Story

RELATED STORIES

Share it