Flash News

കശ്മീരില്‍ പാക് വെടിവയ്പ് ; 3 കുട്ടികള്‍ മരിച്ചു



ശ്രീനഗര്‍: ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖയില്‍ പാക് സൈന്യം നടത്തിയ വെടിവയ്പിലും ഷെല്ലാക്രമണത്തിലും മൂന്നു കുട്ടികള്‍ മരിച്ചു. എട്ടുപേര്‍ക്ക് പരിക്കേറ്റു. മൊഹല്ലാഹ് കസ്ബയിലെ അസ്‌റാര്‍ അഹമ്മദ് (9), ദിഗ്വാറിലെ കെര്‍മ ഗ്രാമത്തിലെ യാസ്മീന്‍ അക്തര്‍ (15) എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരെ പൂഞ്ചിലെ ദിഗ്‌വാര്‍ മേഖലയിലുള്ള ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ അഞ്ചുപേര്‍ കുട്ടികളാണ്. ആക്രമണത്തില്‍ സൈനിക വാഹനത്തിനും കേടുപാട് സംഭവിച്ചു. ദിഗ്‌വാര്‍, ഷാഹ്പൂര്‍, ക്വാസ്ബ്, കെര്‍നി, മന്ദാര്‍ മേഖലകളിലാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം വെടിവയ്പും ഷെല്ലാക്രമണവും നടത്തിയത്. രാവിലെ 6.30നു തുടങ്ങിയ വെടിവയ്പ് 11.30 വരെ നീണ്ടതായി പൂഞ്ച് ജില്ലാ കമ്മീഷണര്‍ താരിഖ് അഹമ്മദ് സര്‍ഗാര്‍ പറഞ്ഞു. ജനവാസകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയതെന്നും പോലിസ് വക്താവ് പറഞ്ഞു. പാക് വെടിവയ്പിന് ഇന്ത്യന്‍ സൈന്യവും കനത്ത തിരിച്ചടി നല്‍കി. പാക് സൈന്യം പ്രകോപനമില്ലാതെ വെടിയുതിര്‍ത്തതോടെ തിരിച്ചടിക്കുകയായിരുന്നുവെന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി.മാസങ്ങള്‍ക്കു ശേഷമാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പൂഞ്ച്, ബിംഭര്‍ഗലി എന്നിവിടങ്ങളില്‍ വെടിവയ്പ് നടത്തിയത്. കഴിഞ്ഞ ദിവസം കശ്മീരിലെ അര്‍ണിയ മേഖലയില്‍ 14 അടി നീളമുള്ള തുരങ്കം കണ്ടെത്തിയിരുന്നു.  ഒരുഭാഗത്ത് സമാധാനം പറയുകയും മറുഭാഗത്ത് ആക്രമണം നടത്തുകയുമാണ് പാകിസ്താന്‍  ചെയ്യുന്നതെന്നു ജമ്മുകശ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങ് പറഞ്ഞു.
Next Story

RELATED STORIES

Share it