Flash News

കശ്മീരില്‍ ഉദ്യോഗസ്ഥ തലത്തില്‍ സുപ്രധാന നിയമനങ്ങള്‍; ദേശീയ സുരക്ഷാ സേനയെ വിന്യസിക്കുന്നു

ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ ഗവര്‍ണര്‍ ഭരണം നിലവില്‍വന്നതിനു തൊട്ടുപിറകേ സംസ്ഥാനത്തെ സൈനിക നടപടികള്‍ ശക്തമാക്കാനൊരുങ്ങി കേന്ദ്രം. ഇതിന്റെ പ്രാഥമിക നടപടിയെന്നോണം സായുധരെ ശക്തമായി നേരിടാന്‍ ദേശീയ സുരക്ഷാ ഗാര്‍ഡുകളെ(എന്‍എസ്ജി) കശ്മീരില്‍ വിന്യസിക്കുന്നു.
കശ്മീരില്‍ എന്‍എസ്ജി കമാന്‍ഡോകളെ അയക്കുന്നതിനു കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞമാസം അനുമതി നല്‍കിയിരുന്നു. ഭീകരവിരുദ്ധ നടപടികള്‍ക്കായി ഇവരുടെ വിന്യാസം ഉടനുണ്ടാവുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. പരിശീലനം നേടിയ സ്‌നൈപ്പര്‍മാരും റഡാറുകളുമടങ്ങുന്ന സംഘം കഴിഞ്ഞ രണ്ടാഴ്ചയായി അതിര്‍ത്തിയില്‍ പരിശീലനം നടത്തുന്നതായാണ് റിപോര്‍ട്ടുകള്‍. കരിമ്പൂച്ചകളെന്ന് അറിയപെടുന്ന ഈ സേന 1984ല്‍ ഓപറേഷന്‍ ബ്ലൂസ്റ്റാറും ഇന്ദിരാഗാന്ധി വധത്തിനോടും അനുബന്ധമായി രൂപീകരിക്കപ്പെട്ടതാണ്.
അതേസമയം, കശ്മീരില്‍ സൈന്യത്തിനു നേര്‍ക്ക് കല്ലെറിയുന്നവര്‍ക്ക് ആദ്യത്തെ തവണ മാപ്പുനല്‍കുന്ന നയം ഗവര്‍ണര്‍ ഭരണത്തിനു കീഴില്‍ പുനപ്പരിശോധിക്കാന്‍ സാധ്യതയുള്ളതായാണ് വിലയിരുത്തല്‍.
റംസാന്‍ വെടിനിര്‍ത്തലിനോടനുബന്ധിച്ച് നിര്‍ത്തിവച്ച ഭീകരവിരുദ്ധ നടപടികള്‍ ശക്തമാക്കുമെന്ന് ജമ്മുകശ്മീര്‍ പോലിസ് മേധാവി എസ്പി വൈദ് ഒരു ദേശീയ മാധ്യമത്തിനനുവദിച്ച അഭിമുഖത്തില്‍ അറിയിച്ചു.
ഗവര്‍ണര്‍ എന്‍ എന്‍ വോഹ്‌റയുടെ കാലാവധി ഞായറാഴ്ച അവസാനിക്കുമെങ്കിലും ഈമാസം 28ന് അമര്‍നാഥ് യാത്ര ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടിനല്‍കിയേക്കും.
Next Story

RELATED STORIES

Share it