കശ്മീരിലെ സായുധസംഘടനകളെ പ്രോല്‍സാഹിപ്പിക്കരുത്

ഇസ്‌ലാമാബാദ്: കശ്മീരിലെ സായുധസംഘടനകള്‍ക്കു പ്രോല്‍സാഹനം നല്‍കുന്ന നടപടികളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്ന് പാകിസ്താനിലെ പാര്‍ലമെന്ററിസമിതി സര്‍ക്കാരിനോടാവശ്യപ്പെട്ടു.
കശ്മീരില്‍ ആക്രമണം നടത്തുന്നതില്‍ പങ്കാളികളായ സംഘടനകള്‍ക്കെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും പാകിസ്താനിലെ നാഷനല്‍ അസംബ്ലി സ്റ്റാന്‍ഡിങ് കമ്മിറ്റി കശ്മീര്‍ വിഷയത്തില്‍ തയ്യാറാക്കിയ നയരേഖയില്‍ ആവശ്യപ്പെട്ടതായി എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപോര്‍ട്ട് ചെയ്തു. പാകിസ്താന്‍ സ്വന്തം രാജ്യത്തുനിന്ന് പ്രവര്‍ത്തിക്കുന്ന സായുധസംഘടനകള്‍ക്കെതിരേ നടപടിയെടുക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത്. കശ്മീരിലെ നിരോധിക്കപ്പെട്ട സംഘടനകള്‍, സായുധസംഘടനകള്‍ തുടങ്ങിയവയ്ക്കു പിന്തുണ നല്‍കുന്ന പ്രചാരണങ്ങള്‍ അനുവദിക്കരുതെന്നും ഇന്ത്യ-പാകിസ്താന്‍ ബന്ധം സംബന്ധിച്ച ശുപാര്‍ശകളടങ്ങിയ രേഖയില്‍ വ്യക്തമാക്കുന്നു.
കശ്മീരിലെ സായുധപ്രവര്‍ത്തനങ്ങള്‍ക്കെതിരേ പാകിസ്താന്‍ എടുക്കുന്ന നടപടികള്‍ അപര്യാപ്തമാണെന്ന ധാരണ തിരുത്താനും ആക്രമണങ്ങള്‍ക്കെതിരേ നടപടി ശക്തമാക്കാനും പാകിസ്താന്‍ മുസ്‌ലിം ലീഗ്-നവാസ് (പിഎംഎല്‍-എന്‍) എംപി അവൈസ് അഹ്മദ് ലെഖാരി തലവനായ സമിതി ശുപാര്‍ശ ചെയ്യുന്നു. പ്രശ്‌നങ്ങളില്‍ സംബന്ധിച്ച് ഇന്ത്യയും പാകിസ്താനും തമ്മില്‍ സമഗ്രമായ ഇടപെടലുകള്‍ വേണം. ഉഭയകക്ഷി ബന്ധം സംബന്ധിച്ച കാതലായ പ്രശ്‌നമെന്ന നിലയില്‍ കശ്മീര്‍ തര്‍ക്കത്തിന് പരിഹാരം കാണുന്നതിനുള്ള ചര്‍ച്ച ഇരു രാജ്യങ്ങളും തുടരണം. കശ്മീര്‍, ജലം, വ്യാപാരം, സംസ്‌കാരം എന്നീ വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഇന്ത്യയുമായി സര്‍ക്കാര്‍ ബന്ധം പുലര്‍ത്തണം. കശ്മീരികള്‍ക്ക് നയതന്ത്രപരവും ധാര്‍മികവുമായി ഉറച്ച പിന്തുണ നല്‍കുന്ന തരത്തിലാവണം പാകിസ്താന്റെ ഇടപെടലുകളെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.
Next Story

RELATED STORIES

Share it