കശ്മീരിലെ വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചു

ന്യൂഡല്‍ഹി: റമദാനോടനുബന്ധിച്ച് ജമ്മുകശ്മീരില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ തുടരേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. നോമ്പുകാലം അവസാനിച്ചതിനെ തുടര്‍ന്ന് വെടിനിര്‍ത്തല്‍ അവസാനിപ്പിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. വെടിനിര്‍ത്തല്‍ താല്‍പര്യപ്പെടുന്നില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് ട്വീറ്റ് ചെയ്തു. സായുധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികളെടുക്കാന്‍ സുരക്ഷാ സേനയ്ക്ക് നിര്‍ദേശം നല്‍കിയതായി ആഭ്യന്തരമന്ത്രി അറിയിച്ചു. വെടിനിര്‍ത്തല്‍ കാലയളവില്‍ ആക്രമണങ്ങള്‍ വര്‍ധിച്ചതായി ആഭ്യന്തരമന്ത്രി പറഞ്ഞു. കശ്മീരിലെ സ്ഥിതി വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവര്‍ കഴിഞ്ഞദിവസം യോഗം ചേര്‍ന്നിരുന്നു. ഇതിനു പിറകെയാണ് വെടിനിര്‍ത്തല്‍ തുടരേണ്ടതില്ലെന്ന തീരുമാനം ആഭ്യന്തരമന്ത്രി പുറത്തുവിട്ടത്. മെയ് 16നാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. വെടിനിര്‍ത്തല്‍ പിന്‍വലിക്കുന്നതിനെ അനുകൂലിച്ച് ദേശീയ സുരക്ഷാ ഏജന്‍സികളും ഭരണകക്ഷിയായ ബിജെപിയും നിലപാടെടുത്തിരുന്നു.  28ന് അമര്‍നാഥ് തീര്‍ത്ഥയാത്ര തുടങ്ങുന്ന സാഹചര്യത്തില്‍ വെടിനിര്‍ത്തല്‍ തുടരുന്നത് ഉചിതമാവില്ലെന്ന് സുരക്ഷാ ഉപദേഷ്ടാവും കരസേനാ മേധാവിയും അഭിപ്രായപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it