കശ്മീരിലെ ജയിലുകള്‍ നിറഞ്ഞുകവിയുന്നു

സ്വന്തം പ്രതിനിധി

ശ്രീനഗര്‍: ജമ്മുവിലെയും കശ്മീരിലെയും ജയിലുകളില്‍ അനുവദനീയമായതിലും കൂടുതല്‍ തടവുകാരെ പാര്‍പ്പിച്ചിരിക്കുന്നതായി സര്‍ക്കാര്‍. നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ബഷീര്‍ അഹ്മദ് വീരി വിവരാവകാശ നിയമപ്രകാരം നല്‍കിയ ചോദ്യത്തിനാണ് സംസ്ഥാന ആഭ്യന്തരമന്ത്രാലയം കശ്മീരിലെ ജയിലുകള്‍ നിറഞ്ഞുകവിഞ്ഞിരിക്കുകയാണെന്നു വ്യക്തമാക്കിയത്. പ്രശ്‌നം പരിഹരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പുതിയ സെന്‍ട്രല്‍ ജയില്‍ നിര്‍മിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അറിയിച്ചു.നിലവില്‍ 14 ജയിലുകളാണ് സംസ്ഥാനത്തുള്ളത്.


ഇതില്‍ ഒമ്പത് ജയിലുകളിലും അനുവദനീയമായതില്‍ കൂടുതല്‍ തടവുകാരെ പാര്‍പ്പിച്ചിട്ടുണ്ട്. 14 ജയിലുകളിലും കൂടി ആകെ 2,406 തടവുകാര്‍ക്കുള്ള സൗകര്യങ്ങളാണുള്ളത്. എന്നാല്‍, 3,011 ആളുകള്‍ ഈ ജയിലുകളില്‍ കഴിയുന്നുണ്ടെന്നു സര്‍ക്കാര്‍ തന്നെ വ്യക്തമാക്കുന്നു. ജമ്മുവിലെയും കശ്മീരിലെയും സെന്‍ട്രല്‍ ജയിലുകളില്‍ യഥാക്രമം 311, 329 തടവുകാരെയാണ് ഉള്‍ക്കൊള്ളാനാവുക. എന്നാല്‍, നിലവില്‍ ഇവിടെ 920, 360 എന്നിങ്ങനെയാണ് തടവുകാരെ പാര്‍പ്പിച്ചിട്ടുള്ളത്.  സംസ്ഥാനത്തെ ജില്ലാ ജയിലുകളിലെയും സ്ഥിതി വിഭിന്നമല്ല. 60 തടവുകാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള അനന്ത്‌നാഗ് ജയിലില്‍ 158 തടവുകാരാണ് നിലവില്‍ കഴിയുന്നത്. 450 പേര്‍ക്കു സൗകര്യമുള്ള ജമ്മു ജില്ലാജയിലില്‍ 522 തടവുകാരുണ്ട്. 120 തടവുകാര്‍ക്കു മാത്രം സൗകര്യമുള്ള ബാരാമുള്ളയില്‍ 158 തടവുകാരും തിങ്ങിഞെരുങ്ങി കഴിയുന്നുണ്ട്.


ശ്രീനഗറിലെ സവൂര സെവാന്‍ പ്രദേശത്തു പുതിയ സെന്‍ട്രല്‍ ജയില്‍ നിര്‍മിക്കാന്‍ സ്ഥലം കണ്ടെത്തിയതായാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. പല്‍വാമ ജില്ലയില്‍ നിര്‍മിക്കുന്ന പുതിയ ജയിലിന്റെ നിര്‍മാണം പൂര്‍ത്തിയായതായും സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷമുണ്ടായ വെള്ളപ്പൊക്കത്തില്‍ ശ്രീനഗറിലെ ജയില്‍ ആസ്ഥാനത്തുനിന്ന് കേസുകളുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ ഒലിച്ചുപോയിരുന്നു.

Next Story

RELATED STORIES

Share it