കശുവണ്ടി കോര്‍പറേഷന്‍ അഴിമതി; സിബിഐ അന്വേഷണം പുരോഗമിക്കുന്നു: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കശുവണ്ടി വികസന കോര്‍പറേഷനിലെ അഴിമതിയാരോപണങ്ങളെക്കുറിച്ചു സിബിഐ അന്വേഷണം പുരോഗമിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയെ അറിയിച്ചു. സിബിഐയുടെ എറണാകുളം യൂനിറ്റാണ് പ്രാഥമികപരിശോധന നടത്തുന്നത്. പ്രാഥമികാന്വേഷണ റിപോര്‍ട്ട് ആഭ്യന്തരസെക്രട്ടറിക്കു ലഭിച്ചിട്ടുണ്ട്. അന്തിമ റിപോര്‍ട്ട് ലഭിച്ചശേഷം ഇക്കാര്യത്തില്‍ അനന്തരനടപടികളെടുക്കുമെന്നു പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ സബ്മിഷനു മന്ത്രി മറുപടി നല്‍കി.
ഒക്ടോബര്‍ 7ലെ മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 30ന് സിബിഐ അന്വേഷണത്തിന് വിജ്ഞാപനമിറക്കിയിരുന്നു. തുടര്‍ന്ന് അന്വേഷണം കേന്ദ്രത്തിനു കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് എറണാകുളം സിബിഐ യൂനിറ്റ് പ്രാഥമിക പരിശോധന തുടങ്ങിയത്. കശുവണ്ടി വികസന കോര്‍പറേഷനില്‍ കഴിഞ്ഞ 30 വര്‍ഷത്തെ ഇടപാടുകളാണ് അന്വേഷിക്കുന്നത്.
അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അതില്‍ എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ട്. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും പ്രതിനിധികള്‍ ഉള്‍പ്പെട്ട ബോര്‍ഡാണ് കോര്‍പറേഷന്‍ ഭരിച്ചുവരുന്നത്. അഴിമതിയാരോപണങ്ങള്‍ സംബന്ധിച്ച് സിബിഐ അന്വേഷിച്ചു കുറ്റക്കാരെ കണ്ടെത്തട്ടെ എന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിറക്കിയിട്ട് രണ്ടുമാസമായിട്ടും ഇതുവരെ കേസ് സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നായിരുന്നു വിഎസിന്റെ ആരോപണം. കശുവണ്ടി കോര്‍പറേഷന്‍ നഷ്ടത്തില്‍നിന്നു നഷ്ടത്തിലേക്കും അതുവഴി കശുവണ്ടി തൊഴിലാളികളുടെ കുടുംബങ്ങളെ നിത്യദാരിദ്ര്യത്തിലേക്കും തള്ളിവിട്ടിരിക്കുകയാണ്.
ദുര്‍ഭരണവും ധൂര്‍ത്തും അഴിമതിയുമാണ് കാരണം. സെക്രട്ടേറിയറ്റിനു മുന്നില്‍ തൊഴിലാളി പ്രതിനിധികള്‍ നിരാഹാരസമരം അനുഷ്ഠിക്കുകയാണ്. വര്‍ഷങ്ങളായി കശുവണ്ടി വാങ്ങിയതിലെ ക്രമക്കേടുകള്‍ സംസ്ഥാനത്തെ വിവിധ ഏജന്‍സികള്‍ അന്വേഷിച്ചു കോടിക്കണക്കിന് രൂപയുടെ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, ഇതിനെതിരേ സര്‍ക്കാര്‍ നടപടികളെടുക്കാന്‍ തയ്യാറാവാത്ത സാഹചര്യത്തിലാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതെന്നും വിഎസ് കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it