malappuram local

കശുവണ്ടി ഇത്തവണയും കാഷ്യൂ കോര്‍പറേഷന്

ഇരിട്ടി: ആറളം ഫാമിലെ ഗുണമേന്‍മയുള്ള കശുവണ്ടി ഇത്തവണയും സംസ്ഥാന കശുവണ്ടി വികസന കോര്‍പറേഷന്‍ വാങ്ങും. കശുവണ്ടി കാഷ്യു ഡവലപ്‌മെന്റ് കോര്‍പറേഷന് നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞ ദിവസം ഇറങ്ങി. ആദ്യ ലോഡിനായി കോര്‍പറേഷന്‍ അധികൃതര്‍ ഫാമിലെത്തി. ഇന്നലെ 20 ടണ്‍ കശുവണ്ടി ഫാമില്‍ നിന്ന് കയറ്റിപ്പോയി. കഴിഞ്ഞ വര്‍ഷം 303 ടണ്‍ കശുവണ്ടി കശുവണ്ടി വികസന കോര്‍പറേഷന് ഫാം നല്‍കിയിരുന്നു. കിലോയ്ക്ക് 130 രൂപ നിരക്കിലാണ് ഫാമിന് കഴിഞ്ഞ വര്‍ഷം ലഭിച്ചത്.
സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ വില നിര്‍ണയ കമ്മിറ്റിയാണു വില നിശ്ചയിച്ചത്. സീസണ്‍ കഴിഞ്ഞ ശേഷമായിരുന്നു വില നിര്‍ണയം. ഇത്തവണ പൊതുമാര്‍ക്കറ്റില്‍ കശുവണ്ടിക്ക് 165 രൂപ വിലയുണ്ട്. ഈ നിരക്കില്‍ ഫാമിലെ കശുവണ്ടിക്കും വില ലഭിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. വില നിര്‍ണയ കമ്മിറ്റിയില്‍ തൊഴിലാളി യൂനിയന്‍ പ്രതിനിധികളെ കൂടി ഉള്‍പ്പെത്തണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ഇക്കുറി കശുവണ്ടി ഉല്‍പാദനം കുറവാണ്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി വരെ 38,772 കിലോ കശുവണ്ടി ലഭിച്ച സ്ഥാനത്ത് ഇത്തവണ ലഭിച്ചത്് 19732 കിലോ മാത്രമാണ്. ഉല്‍പാദനത്തില്‍ പകുതിയോളം കുറവാണ് ഉണ്ടായിരിക്കുന്നത്. ഉയര്‍ന്ന വില കൃത്യമായി ലഭിച്ചാലേ ഉല്‍പ്പാദനക്കുറവിലെ വരുമാന ഇടിവിന് പരിഹാരമാവൂകയുള്ളൂ. ഫാം തൊഴിലാളികള്‍ക്ക് പുറമേ കരാര്‍ നിരക്കില്‍ കശുവണ്ടി ശേഖരിക്കുന്ന താല്‍ക്കാലിക തൊഴിലാളികളെ നിയോഗിച്ചുമാണ് കശുവണ്ടി ശേഖരിക്കുന്നത്. 12 രൂപയാണ് ഒരു കിലോയ്ക്ക് ഫാമില്‍ പെറുക്കുകൂലി.
കശുവണ്ടി വില്‍പ്പന കരാര്‍ ആയതോടെ ഫാമിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമായി. ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും മൂന്നുമാസത്തെ ശമ്പള കുടിശ്ശികയുണ്ട്. റബര്‍ ലാറ്റക്‌സ് വിറ്റ് ജനുവരി മാസത്തെ ശമ്പളം കഴിഞ്ഞ ദിവസം നല്‍കി. കശുവണ്ടി വിനിമയ ഇടപാടില്‍ കാഷ്യു കോര്‍പറേഷന്‍ അഡ്വാന്‍സായി ഒരു കോടി രൂപ ഫാമിന് ഉടന്‍ നല്‍കും.
ഇത് ലഭിച്ചാല്‍ ശമ്പള കുടിശ്ശിക പൂര്‍ണമായും നല്‍കാനാവും. അഡ്വാന്‍സ് തുക ഉടന്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഫാം അധികൃതര്‍. ഫാമില്‍ നിന്നു കശുവണ്ടി കയറ്റിയ ലോറി ഫാം എംഡി കെ പി വേണുഗോപാല്‍ ഫഌഗ് ഓഫ് ചെയ്തു. സെക്യൂരിറ്റി ഓഫിസര്‍ ശ്രീകുമാര്‍, ജീവനക്കാരായ സുകുമാരന്‍, രാജന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it