Flash News

കശാപ്പ് നിരോധന നിയമത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം : ജയറാം രമേശ്‌



കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധന നിയമം മൃഗക്ഷേമം ലക്ഷ്യമിട്ടല്ലെന്നും അതിനുപിന്നില്‍ രാഷ്ട്രീയ ഉദ്ദേശ്യങ്ങളാണ് ഉള്ളതെന്നും കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജയറാം രമേശ്. എറണാകുളം ഡിസിസി ഓഫിസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുകയും ധ്രുവീകരണം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷിതത്വം അപകടത്തിലായി.  വലിയൊരു വിഭാഗം ജനങ്ങള്‍ അരക്ഷിതാവസ്ഥയിലാണ്. സാമുദായിക സൗഹാര്‍ദം തകര്‍ന്നിരിക്കുന്നു. ജനാധിപത്യം പോയി ഒരാള്‍ എല്ലാം തീരുമാനിക്കുന്ന സ്ഥിതിയിലെത്തി. പാര്‍ലമെന്റിനെയും ജനാധിപത്യ സ്ഥാപനങ്ങളെയും ദുര്‍ബലമാക്കി. മാധ്യമങ്ങളെയും ജുഡീഷ്യറിയെയും ഭീഷണിപ്പെടുത്തുകയും പ്രതിപക്ഷ നേതാക്കളെ ടാര്‍ജറ്റ് ചെയ്യുകയും ചെയ്യുന്നു. കോണ്‍ഗ്രസ്സിന്റെ തത്വശാസ്ത്രം ഐക്യത്തിന്റേതാണെങ്കില്‍ ബിജെപി വിഭാവനം ചെയ്യുന്നത് ഏകത്വമാണ്. നാനാത്വത്തില്‍ ഏകത്വം എന്ന പാരമ്പര്യംമൂല്യം അവഗണിക്കുകയാണെന്നും ജയറാം രമേശ് പറഞ്ഞു.  നരേന്ദ്ര മോദിയുടെ ഭരണത്തിന്റെ നേട്ടം ഓസ്‌ട്രേലിയയിലെയും കാനഡയിലെയും കൃഷിക്കാര്‍ക്കാണ് ലഭിക്കുന്നത്. ആറ് ദശലക്ഷം ടണ്‍ ഗോതമ്പാണ് വിദേശത്തു നിന്ന് രാജ്യത്ത് ഇറക്കുമതി ചെയ്തിരിക്കുന്നത്. രാജ്യത്തെ കൃഷിക്കാര്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കാര്‍ഷിക വിളകളുടെ കുറഞ്ഞ താങ്ങുവില ഉയര്‍ത്താന്‍ കേന്ദ്രം തയ്യാറായിട്ടില്ല. നോട്ട് അസാധുവാക്കി ഏഴു മാസമായിട്ടും എത്ര പണം ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന് വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. യുപിഎ സര്‍ക്കാരുകളുടെ പദ്ധതികള്‍ക്ക് പുതിയ രൂപം നല്‍കി പ്രഖ്യാപിക്കുകയാണ് മോദി ചെയ്യുന്നത്. കേരളം ഗുജറാത്ത് മോഡല്‍ അനുകരിക്കണം എന്ന അമിത് ഷായുടെ പ്രസ്താവന കേരളീയരെ അപമാനിക്കുന്നതാണ്. ഏത് മേഖല എടുത്ത് നോക്കിയാലും കേരളവും തമിഴ്‌നാടും ഗുജറാത്തിനേക്കാള്‍ ഏറെ മുന്നിലാണ്. ആരോഗ്യ, വിദ്യാഭ്യാസ, കുട്ടികളുടെ അനുപാതം, ജീവിത ശൈലി, പാര്‍പ്പിടം തുടങ്ങിയ മേഖലകളില്‍ കേരളം പ്രശംസാര്‍ഹമായ മുന്നേറ്റമാണ് നടത്തിയത്. ഈ മേഖലകളിലൊക്കെ ഗുജറാത്ത് എന്ത് മുന്നേറ്റമാണ് നടത്തിയതെന്ന് അമിത്ഷാ വിശദീകരിക്കണമെന്നും ജയറാം രമേശ് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ പി സി ചാക്കോ, ബെന്നി ബെഹനാന്‍, വി ഡി സതീശന്‍എംഎല്‍എ, ഡിസിസി പ്രസിഡന്റ് ടി ജെ വിനോദ് എന്നിവര്‍  പങ്കെടുത്തു.
Next Story

RELATED STORIES

Share it