Flash News

കശാപ്പ് നിരോധനത്തിനെതിരേ നിലപാട് കടുപ്പിച്ച് കേരളം ; ഇഷ്ടമുള്ളത് കഴിക്കാം



ആലപ്പുഴ-തിരുവനന്തപുരം: കന്നുകാലികളെ കശാപ്പിനു വില്‍ക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ ശക്തമായ നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര വിജ്ഞാപനം മറികടക്കുന്നതിന് നിയമനിര്‍മാണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ തീരുമാനിക്കാന്‍ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കും. ഇതുസംബന്ധിച്ച അന്തിമതീരുമാനം കൈക്കൊള്ളാന്‍ മന്ത്രി കെ രാജു തിങ്കളാഴ്ച മുഖ്യമന്ത്രിയെ കാണും. വിഷയത്തില്‍  കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചു. ജനങ്ങള്‍ക്ക് ഇഷ്ടമുള്ളത് കഴിക്കാന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ ഭക്ഷണക്രമം ഡല്‍ഹിയില്‍നിന്നോ നാഗ്പൂരില്‍നിന്നോ തീരുമാനിക്കേണ്ടെന്നും ആരു വിചാരിച്ചാലും അതു മാറ്റാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കശാപ്പ് നിരോധനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു.കേന്ദ്രത്തിന്റെ വിജ്ഞാപനം കേരളത്തിന് തിരിച്ചടിയാവുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. കാലികളുടെ വില്‍പന മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കൂടുതലാണ്. കേരളീയരില്‍ 90 ശതമാനം പേരും താരതമ്യേന വില കുറഞ്ഞ മാംസഭക്ഷണമായ ബീഫാണ് കഴിക്കുന്നത്.  മാത്രമല്ല, സാധാരണ കര്‍ഷകരുടെ സാമ്പത്തികസ്ഥിതിയെ മാറ്റിമറിക്കാവുന്ന പ്രശ്‌നമായതിനാലാണ് വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നത്. സമാന ചിന്താഗതിക്കാരായ സംസ്ഥാനങ്ങളെ പങ്കെടുപ്പിച്ചുവിഷയം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്ന നടപടികളാവും സര്‍ക്കാര്‍ കൈക്കൊള്ളുക. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് സര്‍വകക്ഷിയോഗം വിളിക്കുന്നത്. പ്രശ്‌നത്തില്‍ പ്രത്യേക നിയമനിര്‍മാണ സാധ്യത പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കി.
Next Story

RELATED STORIES

Share it