Flash News

കശാപ്പ് നിരോധനം : ഹൈക്കോടതി വിശദീകരണം തേടി



കൊച്ചി: കശാപ്പിനായുള്ള കാലികളുടെ വില്‍പന തടഞ്ഞ ഉത്തരവിനെതിരായ ഹരജിയില്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും പെരുമ്പാവൂര്‍ സ്വദേശിയുമായ ടി ജി സുനില്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് ഡിവിഷന്‍ ബെഞ്ച് കേന്ദ്രസര്‍ക്കാരില്‍ നിന്ന് കൂടുതല്‍ വിശദീകരണം തേടിയത്. ഹരജി വീണ്ടും നാളെ പരിഗണിക്കാനായി മാറ്റി. ഹൈബി ഈഡന്‍ എംഎല്‍എ, ഇറച്ചിവില്‍പനക്കാരനായ കെ യു കുഞ്ഞുമുഹമ്മദ് എന്നിവര്‍  നല്‍കിയ ഹരജി സിംഗിള്‍ ബെഞ്ച് ഡിവിഷന്‍ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു. വ്യക്തിസ്വാതന്ത്ര്യത്തിലേക്കും സംസ്ഥാനത്തിന്റെ അവകാശത്തിലേക്കും കടന്നുകയറുന്നതാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവെന്ന് സുനില്‍ ഹരജിയില്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തിനകത്തും പുറത്തും നിന്നു മാംസ വില്‍പനയ്ക്കായി കാലികളെ എത്തിക്കുന്ന തന്നെപ്പോലുള്ള വ്യാപാരികളുടെ തൊഴില്‍ ചെയ്യാനുള്ള അവകാശത്തെയാണ് നിഷേധിച്ചിരിക്കുന്നതെന്നാണ് കുഞ്ഞുമുഹമ്മദിന്റെ ഹരജിയിലെ ആരോപണം. ഭരണഘടന നല്‍കിയിട്ടുള്ള അവകാശങ്ങള്‍ ഹനിക്കുന്ന പുതിയ ഉത്തരവ് നിയമപരമായി നിലനില്‍പ്പില്ലാത്തതാണെന്ന് പ്രഖ്യാപിക്കണമെന്നും ഒപ്പം കേരളത്തില്‍ ഇതു നടപ്പാക്കരുതെന്ന് ഉത്തരവിടണമെന്നുമാണ് ഹരജികളിലെ ആവശ്യം. കന്നുകാലിസംരക്ഷണം സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയിലാണെന്നും കേന്ദ്രസര്‍ക്കാരിന് ഇക്കാര്യത്തില്‍ നിയമം കൊണ്ടുവരാനാവില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടേണ്ടതുണ്ടെന്നു കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചു. തുടര്‍ന്നാണ് കൂടുതല്‍ വിശദീകരണത്തിനായി ഹരജി ഡിവിഷന്‍ബെഞ്ച് നാളത്തേക്കു മാറ്റിയത്.
Next Story

RELATED STORIES

Share it