Flash News

കശാപ്പ് നിരോധനം : സര്‍ക്കാര്‍ കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി ; കേന്ദ്രനീക്കം ഭരണഘടനാവിരുദ്ധം



തിരുവനന്തപുരം: കശാപ്പ് നിരോധനവുമായി ബന്ധപ്പെട്ടുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഭരണഘടനാവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതു തടഞ്ഞ വിജ്ഞാപനത്തിനെതിരേ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിക്കും. വിഷയത്തില്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കുന്ന കാര്യം ആലോചിക്കുന്നുണ്ട്. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് പ്രത്യേക മന്ത്രിസഭായോഗം ചേരുമെന്നും മന്ത്രിസഭായോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. നിയമവകുപ്പും നിയമവിദഗ്ധരും കൂടിയാലോചിച്ചശേഷമായിരിക്കും വിജ്ഞാപനത്തിനെതിരായ ഹരജി ഹൈക്കോടതിയിലാണോ സുപ്രിംകോടതിയിലാണോ സമര്‍പ്പിക്കേണ്ടത് എന്ന കാര്യത്തില്‍ അന്തിമതീരുമാനം. കശാപ്പ് നിയന്ത്രണം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം പ്രധാനമന്ത്രിക്കു കത്തയച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചിട്ടില്ല. സംസ്ഥാനത്തിന്റെ അധികാരത്തിലേക്ക് ചട്ടങ്ങളിലൂടെ കടന്നുകയറാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരമൊരു ചട്ടമുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമില്ല. പൗരന്റെ തൊഴില്‍സ്വാതന്ത്ര്യം ഹനിക്കുന്നത് അനുവദനീയമല്ല. കന്നുകാലി കശാപ്പ് നിരോധനം പാര്‍ലമെന്റിന്റെ നിയമനിര്‍മാണ അധികാരത്തില്‍പ്പെടുന്നതല്ല. ഇക്കാര്യത്തില്‍ യോജിക്കാനാവാത്തതിനാലാണ് നിയമപരമായി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. വിഷയത്തില്‍ കേരളം മുന്‍കൈയെടുത്ത് മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചുചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ ഏഴാം പട്ടികയില്‍ സ്റ്റേറ്റ് ലിസ്റ്റില്‍ (ലിസ്റ്റ് 2) പതിനഞ്ചാം ഇനമായി കന്നുകാലി സംരക്ഷണവും രോഗങ്ങള്‍ തടയലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചന്തകളും മേളകളും ഉള്‍പ്പെടുന്നത് സ്റ്റേറ്റ് ലിസ്റ്റിലാണ്. ചില സംസ്ഥാനങ്ങള്‍ ഗോവധം നിരോധിച്ച് നിയമം പാസാക്കിയിട്ടുണ്ടെങ്കിലും പല സംസ്ഥാനങ്ങളിലും ഗോവധം നിയമവിധേയമാണ്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമം അനുസരിച്ച് കാലിച്ചന്തകള്‍ നിയന്ത്രിക്കുന്നതിന് ചട്ടങ്ങള്‍ നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it