Flash News

കശാപ്പ് നിരോധനം : ലക്ഷദ്വീപുകാര്‍ ആശങ്കയില്‍

കശാപ്പ്  നിരോധനം : ലക്ഷദ്വീപുകാര്‍ ആശങ്കയില്‍
X


തേഞ്ഞിപ്പലം: കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപില്‍ കശാപ്പ് നിയന്ത്രണത്തിന്റെ പേരില്‍ ജനങ്ങള്‍ ആശങ്കയിലായി. നോമ്പുകാലത്തേക്കാവശ്യമായ മാടുകളെ നേരത്തെ തന്നെ വിവിധ ദ്വീപുകളിലെത്തിച്ചെങ്കിലും കശാപ്പ് ചെയ്യാന്‍ കഴിയുമോയെന്ന ആശങ്കയിലാണു ദ്വീപുകാര്‍. ഞായറാഴ്ച ഓഫിസ് അവധിയായതിനാല്‍ കശാപ്പ് നിയന്ത്രണത്തിന്റെ നിര്‍ദേശങ്ങള്‍ ഉത്തരവായി ഇറങ്ങിയിട്ടില്ല. പ്രവൃത്തിദിനങ്ങളില്‍ ഉത്തരവിറങ്ങുന്നതോടെ കൂടുതല്‍ വിലകൊടുത്ത് കേരളത്തില്‍ നിന്നു കൊണ്ടുവന്ന പശുക്കളെ എന്തുചെയ്യുമെന്ന ആശങ്കയിലാണ് മാംസവില്‍പ്പന നടത്തി ഉപജീവനം കഴിക്കുന്നവര്‍. ലക്ഷദ്വീപിലെ 10 ദ്വീപുകളിലും സബ്ഡിവിഷനല്‍ ഓഫിസര്‍മാരായി ഡല്‍ഹി ആന്തമാന്‍ നിക്കോബാര്‍ ഐലന്റ് സിവില്‍ സര്‍വീസില്‍ പെട്ട ബിജെപി അനുകൂലികളായ ഉദ്യോഗസ്ഥരെയാണു നിയമിച്ചിരിക്കുന്നത്. അതിനാല്‍ കേന്ദ്ര നിര്‍ദേശത്തെ ലംഘിച്ചാല്‍ അവര്‍ ഉടന്‍തന്നെ ഡല്‍ഹിയിലേക്ക് റിപോര്‍ട്ട് ചെയ്യുമെന്നതിനാല്‍ കേരളത്തെ പോലെ പ്രതികരിക്കാനാവാത്ത അവസ്ഥയിലാണ് ദ്വീപുകാര്‍.  ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി ഇപ്പോഴുള്ള ഫാറൂഖ് ഖാന്‍ എന്ന റിട്ട. ഐപിഎസ് ഉദ്യോഗസ്ഥന്‍ ബിജെപി നേതാവാണ്. നേരത്തെ ഓരോ ദ്വീപിന്റെയും നിയന്ത്രണമുള്ള സബ്ഡിവിഷനല്‍ ഓഫിസര്‍മാരായി ദ്വീപുകാര്‍ മാത്രമായിരുന്നുവെങ്കിലും ബിജെപി ഭരണത്തോടെ ഡല്‍ഹിയില്‍ നിന്നുള്ളവരെയാണ് എസ്ഡിഒമാരായി നിയമിക്കുന്നത്. കശാപ്പുനിരോധനം വന്നതോടെ നോമ്പ് പതിനേഴിന് വ്യാപകമായി ബദര്‍ ശുഹദാക്കളെ സ്മരിച്ചുകൊണ്ടുള്ള നേര്‍ച്ചയില്‍ 100കണക്കിനു പശുക്കളെ അറുക്കുന്ന പതിവ് ഈ വര്‍ഷം എങ്ങനെ നടത്താനാവുമെന്നാണു വിവിധ ദ്വീപുകളിലെ ഖാസിമാരും ചോദിക്കുന്നത്. മല്‍സ്യത്തിന്റെ ലഭ്യതപോലും നോമ്പുകാലത്ത് കുറയുമെന്നതിനാല്‍ മാംസവും കിട്ടാതാവുന്നതോടെ നോമ്പുകാലം ഇത്തവണ ലക്ഷദ്വീപില്‍ പൊലിമ കുറയുകയാണ്. കശാപ്പ് നിയന്ത്രണം പോലുള്ള കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്കെതിേര ലക്ഷദ്വീപുകാരായ തങ്ങള്‍ പ്രതികരിച്ചാല്‍ കേരളം ഉള്‍പ്പെടെ മറ്റു സംസ്ഥാനങ്ങളിലേക്കുള്ള യാത്രകള്‍ക്കു പോലും നിയന്ത്രണമേര്‍പ്പെടുത്തുമോ എന്ന ഭീതിയോടെയാണു തങ്ങള്‍ കഴിയുന്നതെന്ന് ദ്വീപ് നിവാസികള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it