Flash News

കശാപ്പ് നിരോധനം റദ്ദാക്കണമെന്ന് തുകല്‍ കയറ്റുമതിക്കാര്‍



കൊല്‍ക്കത്ത: കശാപ്പിനായി കന്നുകാലികളെ വാങ്ങുന്നതും വില്‍ക്കുന്നതും നിരോധിക്കുന്ന നിയമം റദ്ദാക്കുകയോ ഭേദഗതി വരുത്തുകയോ ചെയ്യണമെന്ന് തുകല്‍ കയറ്റുമതിക്കാര്‍. തുകല്‍ വ്യവസായത്തെ പുതിയ നിയമം ദോഷകരമായി ബാധിക്കുമെന്നും അവര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ തെരുവിലിറങ്ങുമെന്ന് കൗണ്‍സില്‍ ഓഫ് ലെതര്‍ എക്‌സ്‌പോര്‍ട്‌സിന്റെ റീജ്യനല്‍ ചെയര്‍മാന്‍ രമേശ്കുമാര്‍ ജഡേജ പറഞ്ഞു. തുകല്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 35 ദശലക്ഷം ആളുകളെ ഈ നിയമം ബാധിക്കും.സര്‍ക്കാര്‍ ഈ നിയമത്തിലൂടെ മരണപത്രമാണ് തങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. 35 ദശലക്ഷം ജനങ്ങളെ ബാധിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുമ്പോള്‍ കേന്ദ്രം സംസ്ഥാനങ്ങളോടോ തുകല്‍ വ്യവസായ മേഖലയുമായോ ആലോചിച്ചില്ല. സര്‍ക്കാര്‍ തീരുമാനംമൂലം തുകല്‍ കയറ്റുമതി 70 ലക്ഷം  ഡോളറില്‍ നിന്നും 35 ലക്ഷം ഡോളറായി കുറയും. നോട്ട് നിരോധനം തുകല്‍ വ്യവസായത്തെ ഏറെക്കുറെ തകര്‍ത്തിരുന്നു. കശാപ്പ് നിരോധനംകൂടി വന്നതോടെ തകര്‍ച്ച പൂര്‍ണ്ണമായെന്നും അദ്ദേഹം പറഞ്ഞു.പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ തുകല്‍ വ്യവസായമേഖല പൂര്‍ണമായും ബംഗ്ലാദേശ് കൈയടക്കുമെന്നും തുകല്‍ കയറ്റുമതിക്കാരനായ മുഹമ്മദ് സിയാ നഫിസ് പറഞ്ഞു. സംഭവത്തില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇടപെടണമന്ന് തുകല്‍ കയറ്റുമതിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 50,000 മുതല്‍ 60,000 ടണ്‍ തുകല്‍ എല്ലാ മാസവും പശ്ചിമ ബംഗാളില്‍ നിന്നു കയറ്റി അയക്കുന്നുണ്ട്. കശാപ്പ് നിരോധനം വരുന്നതോടെ ഇവിടുത്തെ 200 തുകല്‍ നിര്‍മാണ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടേണ്ടിവരും.
Next Story

RELATED STORIES

Share it