thrissur local

കശാപ്പ് നിരോധനം : ബീഫടക്കമുള്ള മാംസങ്ങള്‍ക്കും മല്‍സ്യങ്ങള്‍ക്കും തീവില



ചാലക്കുടി: കശാപ്പ് നിരോധന ഉത്തരവിനെ തുടര്‍ന്ന് ബീഫടക്കമുള്ള മാംസങ്ങള്‍ക്കും മല്‍സ്യങ്ങള്‍ക്കും തീവിലയായി. പച്ചക്കറികളുടെ വിലയിലും വന്‍ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. 280രൂപയില്‍ നിന്നും ബീഫിന്റെ വില ഒറ്റയടിക്ക് 340രൂപയിലെത്തി. ഗ്രാമപ്രദേശങ്ങളില്‍ ഇതിന്റെ വില 400രൂപ കടന്നു. കോഴിക്കും മല്‍സ്യത്തിനും കാര്യമായ വില വര്‍ദ്ധനവ് തന്നെയാണ് ഉണ്ടായിട്ടുള്ളത്. ഇറച്ചി കോഴിക്ക് ഒരു കിലോയ്ക്ക് 140രൂപയായി. മത്തിക്ക് ഒറ്റയടിക്ക് നൂറ് രൂപയുടെ വര്‍ദ്ധനവാണുണ്ടായിട്ടുള്ളത്. കിലോയ്ക്ക് 50-60രൂപയുണ്ടായിരുന്ന മത്തിക്കിപ്പോള്‍ 150രൂപ കൊടുക്കണം. നെയ്മീന്‍ കഷണങ്ങളാക്കിയതിന് കിലോയ്ക്ക് ആയിരം രൂപയായി. 250രൂപയാണ് വര്‍ദ്ധിച്ചത്. ആവോരിക്ക് നാനൂറും കിളിമീന്‍ ചെറുതിന് 80രൂപയും വലുതിന് 160രൂപയുമാണ് ഇപ്പോഴത്തെ വില. മീനുകള്‍ ഉള്‍ക്കടലില്‍ പോയതും മഴക്കാല ട്രോളിംഗ് നിരോധനവുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായി പറയുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ള മത്സങ്ങളുടെ വരവും കുറഞ്ഞു. വെണ്ടയ്ക്ക 20രൂപയില്‍ നിന്ന് 40രൂപയായി ഉയര്‍ന്നപ്പോള്‍ ബീന്‍സ് 50ല്‍ നിന്ന് നൂറായി. ചുരുക്കത്തില്‍ സാധാരണക്കാര്‍ക്ക് മാര്‍ക്കറ്റിലെത്തിയാല്‍ കൈപൊള്ളുന്ന അവസ്ഥയിലായി. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ഉരുക്കള്‍ എത്താത്തതാണ് ബീഫിന് വില ഉയരാന്‍ കാരണമായതെന്നും ഇത് വരുന്ന മുറയ്ക്ക് ബീഫിന് വില പഴയ അവസ്ഥിയിലേക്ക് എത്തുമെന്ന് മാംസ കച്ചവടക്കാര്‍ പറയുന്നു. ബീഫിന് വിലകുറയുന്ന മുറയ്ക്ക് മറ്റ് മത്സ്യ-മാംസങ്ങള്‍ക്കും പച്ചക്കറിക്കും വിലകുറയുമെന്ന് പ്രതീക്ഷയിലാണ് ജനങ്ങള്‍.
Next Story

RELATED STORIES

Share it