Flash News

കശാപ്പ് നിരോധനം : തുകല്‍ വ്യവസായരംഗം പ്രതിസന്ധിയില്‍



ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കശാപ്പുനിരോധനം തുകല്‍ വ്യവസായ മേഖലയെ സാരമായി ബാധിച്ചു. ആഗ്ര, കാണ്‍പൂര്‍, അലിഗഡ് തുടങ്ങിയ സ്ഥലങ്ങളില്‍ കാലങ്ങളായി ഷൂസ്, ബാഗ് തുടങ്ങിയവ ഉല്‍പാദിപ്പിക്കുന്ന ചെറുകിട നിര്‍മാതാക്കളാണ് കശാപ്പ് നിരോധനം ഉണ്ടാക്കിയ പ്രതിസന്ധിയില്‍ ഏറെ ക്ലേശിക്കുന്നത്. നിരോധനം പ്രാബല്യത്തില്‍ വന്നതോടെ തുകല്‍നിര്‍മാണ സ്ഥാപനങ്ങളില്‍ നിന്നു തൊഴിലാളികളെ പിരിച്ചുവിടാനും ആരംഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയായി നരേന്ദ്രമോദി തിരഞ്ഞെടുക്കപ്പെട്ടതോടെ തന്നെ തീവ്ര ഹിന്ദു വലതുപക്ഷ പാര്‍ട്ടികള്‍ തങ്ങള്‍ വിശുദ്ധ മൃഗമെന്നു കരുതുന്ന പശുവിനെ സംരക്ഷിക്കുന്നതിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയതോടെ സംസ്ഥാനത്തെ അനധികൃത അറവുശാലകളും പൂട്ടിച്ചു. ഇതു മാംസ ഉല്‍പാദന മേഖലയില്‍ വന്‍ തിരിച്ചടിയുണ്ടാക്കി. മെയ് മാസത്തില്‍ പശു ഉള്‍പ്പെടെയുള്ള എല്ലാ കാലികളുടെയും കശാപ്പ് നിരോധിച്ചതോടെ മാംസ-തുകല്‍ വ്യവസായങ്ങള്‍ പ്രതിസന്ധിയിലായി. കശാപ്പ് നിരോധനം മുസ്‌ലിം സമുദായത്തെ മാത്രമല്ല, കാലികളെ ഉപയോഗിച്ചു വണ്ടി തെളിക്കുന്ന താഴ്ന്ന ജാതിക്കാരെയും ബാധിച്ചു. തുകല്‍ വ്യവസായ മേഖലയില്‍ ജോലിചെയ്യുന്നവരും അന്താരാഷ്ട്ര ബ്രാന്‍ഡുകളായ സാറ, ക്ലര്‍ക്‌സ് എന്നിവയും പ്രതിസന്ധി നേരിടുകയാണ്. രാജ്യത്തെ മാംസവ്യവസായവും തുകല്‍ വ്യവസായവും അനൗപചാരിക സമ്പദ്‌വ്യവസ്ഥയിലുള്‍പ്പെടുന്നതിനാല്‍ കശാപ്പ് നിരോധനം എത്രത്തോളം ഈ മേഖലകളെ ബാധിച്ചുവെന്നു കൃത്യമായി തിട്ടപ്പെടുത്താനാവില്ല. എന്നാല്‍ കാലിച്ചന്തകളിലും തുകല്‍ കച്ചവടത്തിലും വലിയൊരു ഇടിവ് സംഭവിച്ചതായി റിപോര്‍ട്ടുകളുണ്ട്. ഇത് ഇന്ത്യയിലെ ദരിദ്ര ജനവിഭാഗങ്ങളായ മുസ്‌ലിംകളെയും ദലിതരെയും ആയിരിക്കും ബാധിക്കുകയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ വന്‍കിട തുകല്‍ വ്യവസായികള്‍ ബിജെപി സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നുണ്ട്. ഇതിലൂടെ ഈ വ്യവസായങ്ങളുടെ പൂര്‍ണ നിയന്ത്രണം വന്‍കിട വ്യവസായ സംരംഭങ്ങളുടെ കൈപ്പിടിയിലൊതുങ്ങും.
Next Story

RELATED STORIES

Share it