Flash News

കശാപ്പ് നിരോധനം : ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയിലേക്ക്



എ  പി വിനോദ്

കാഞ്ഞങ്ങാട്: രാജ്യത്ത് പശു, കാള, എരുമ, പോത്ത്, ഒട്ടകം എന്നിവയെ കശാപ്പിനായി വില്‍ക്കാന്‍ പാടില്ലെന്ന നിയമം കൊണ്ടുവന്നത് ക്ഷീരകര്‍ഷകരെ പ്രതികൂലമായി ബാധിക്കും. കന്നുകാലികളുടെ പാല്‍, മോര്, വെണ്ണ, നെയ്യ് എന്നിവയ്ക്കു പുറമെ മാംസവും തുകലും ഉള്‍പ്പെടെയുള്ളവ വ്യാവസായികാടിസ്ഥാനത്തില്‍ വില്‍പന നടത്തിയതിലൂടെയാണ് ഇന്ത്യയില്‍ ധവളവിപ്ലവം സാധ്യമായത്. പശുവിനെ യഥേഷ്ടം വില്‍ക്കാനും വാങ്ങാനും സാധിച്ചാല്‍ മാത്രമേ കന്നുകാലി കൃഷി, വ്യവസായം എന്നിവ സമൃദ്ധമാകൂ. കറവ വറ്റിയ കന്നുകാലികളെയും പോത്തിന്‍കുട്ടികളെയും മൂരിക്കുട്ടികളെയും കര്‍ഷകര്‍ വില്‍പന നടത്തും. തുടര്‍ന്ന് പുതിയ കന്നുകാലികളെ വാങ്ങും. പശുക്കളെ നന്നായി സംരക്ഷിക്കുന്ന കര്‍ഷകര്‍ 10 വര്‍ഷത്തിലേറെ പ്രായമുള്ള കന്നുകാലികളെ പോറ്റാറില്ല. പാലുല്‍പ്പാദനം ഓരോ കറവയിലും കുറഞ്ഞുവരികയും കന്നുകാലി വളര്‍ത്തല്‍ നഷ്ടമാവുകയും ചെയ്യുന്നത് ഒഴിവാക്കാനാണ് കറവ വറ്റാറായ പ്രായംകൂടിയ കന്നുകാലികളെ വില്‍പന നടത്തുന്നത്. കശാപ്പ് ചെയ്യുന്ന കന്നുകാലികളുടെ തുകല്‍ ഉപയോഗിച്ച് ചെരുപ്പ് നിര്‍മിക്കുന്ന നിരവധി കുടില്‍വ്യവസായ കേന്ദ്രങ്ങള്‍ കേരളത്തില്‍പോലുമുണ്ട്. മൂരിയുടെയും പോത്തിന്റെയും തുകല്‍ ഊറക്കിട്ട് ഉണക്കിയെടുത്താണു ഗുണനിലവാരമുള്ള ചെരുപ്പ് നിര്‍മിക്കുക. പ്രത്യുല്‍പ്പാദനശേഷിയില്ലാത്ത കാളകളെയാണ് നിലം ഉഴുന്നതിന് കര്‍ഷകര്‍ ഉപയോഗിക്കുന്നത്. പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഇങ്ങനെ നിലം ഉഴുന്നതുപോലും കുറ്റകരമാണ്. വര്‍ഷങ്ങളായി കേരളത്തില്‍ ഇറച്ചി വ്യാപാരവും തുകല്‍ വ്യവസായവും നിലനില്‍ക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഉത്തരവോടെ ജനങ്ങള്‍ ആശങ്കയിലാണ്. ആര്‍എസ്എസിന്റെ അജണ്ട നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കന്നുകാലി വില്‍പ്പനയ്ക്ക് തടയിട്ടത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും. വര്‍ഗീയ സംഘര്‍ഷം അരങ്ങേറാറുള്ള കാസര്‍കോട്ട് വില്‍പനയ്ക്ക് കന്നുകാലികളെ കൊണ്ടുപോവുകയായിരുന്ന രണ്ടുപേരെ നേരത്തെ സംഘപരിവാര സംഘം ആക്രമിച്ചിരുന്നു. പുതിയ നിയമത്തിന്റെ മറവില്‍ സംഘപരിവാരത്തിന്റെ അക്രമം ഉണ്ടാവുമെന്ന ഭയത്തിലാണു ക്ഷീരകര്‍ഷകര്‍. സ്വാശ്രയ സംഘങ്ങളും യുവകര്‍ഷകരും കന്നുകാലി ഫാമുകള്‍ നടത്തുന്നുണ്ട്. ഫാമുകളി ല്‍ ആണ്‍ കന്നുകുട്ടികളെ ഒരു വര്‍ഷത്തിനകം വിറ്റഴിക്കുകയാണു പതിവ്. ഇങ്ങനെ വിറ്റഴിക്കാ ന്‍ പറ്റാതിരുന്നാല്‍ ഫാം നഷ്ടത്തിലാവും. മില്‍മ അടക്കമുള്ള കേരളത്തിലെ പാലുല്‍പാദന കേന്ദ്രങ്ങളെയും കാര്‍ഷിക സമ്പദ്ഘടനയെയും പുതിയ നിയമം ത്രിശങ്കുവിലാക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
Next Story

RELATED STORIES

Share it