Flash News

കശാപ്പ് നിരോധനം : കൂടുതല്‍ സംസ്ഥാനങ്ങള്‍ രംഗത്ത് ന്



യൂഡല്‍ഹി: കന്നുകാലി വിജ്ഞാപനത്തിനെതിരേ കൂടുതല്‍ സംസ്ഥാനങ്ങള്‍ രംഗത്ത്. കോണ്‍ഗ്രസ് ഭരിക്കുന്ന മേഘാലയയും സിപിഎം അധികാരത്തിലുള്ള ത്രിപുരയുമാണ് പുതുതായി വിജ്ഞാപനത്തെ എതിര്‍ത്തത്. ത്രിപുരയില്‍ കശാപ്പ് നിയന്ത്രണം നടപ്പാക്കാനാവില്ലെന്ന് സംസ്ഥാന കൃഷി മൃഗസംരക്ഷണ ക്ഷേമമന്ത്രി അഗോര്‍ ദെബ്ബാര്‍മ്മ വ്യക്തമാക്കി. ജനങ്ങളുടെ താല്‍പര്യത്തിന് എതിരാണ് കേന്ദ്രത്തിന്റെ വിജ്ഞാപനം. ആവശ്യമായ ചര്‍ച്ചകളോ പഠനങ്ങളോ നടത്താതെ സാമുദായികതാല്‍പര്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തിയുള്ളതാണ് കേന്ദ്ര തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് മേഘാലയ മുഖ്യമന്ത്രി മുകുള്‍ സാംഗ്മ പറഞ്ഞു. ഇഷ്ടമുള്ളത് വാങ്ങാനും വില്‍ക്കാനുമുള്ള അവകാശം ലംഘിക്കപ്പെടുന്നതോടെ വ്യാപാരമേഖലയുടെ സ്വാഭാവികത നഷ്ടപ്പെടുത്തുകയാണ് ഈ നിയമം ചെയ്യുന്നത്. ആര്‍എസ്എസിന്റെ രഹസ്യ അജണ്ട നടപ്പാക്കുകയാണ് തീരുമാനത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. രാജ്യത്തുടനീളം ഹിന്ദുത്വ അജണ്ട അടിച്ചേല്‍പിക്കുകയാണ് ആര്‍എസ്എസ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മേഘാലയിലെ പ്രതിപക്ഷകക്ഷിയായ ബിജെപി നിയമം പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ വ്യക്തിപരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മേഘാലയ ഘടകം ബിജെപി അധ്യക്ഷന്‍ കോന്റാഡ് സാംഗ്മ പ്രധാനമന്ത്രിക്കു കത്തെഴുതി. ഭക്ഷ്യസ്വാതന്ത്ര്യം അനുവദിച്ചുതരണമെന്നാണ് അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിയമം നടപ്പാക്കുകയാണെങ്കില്‍ പാര്‍ട്ടിയില്‍ നിന്നു രാജിവയ്ക്കുമെന്ന് മുന്നറിയിപ്പ് നല്‍കി നിരവധി ബിജെപി പ്രവര്‍ത്തകര്‍ ഷില്ലോങില്‍ പ്രകടനം നടത്തിയിരുന്നു.കര്‍ഷകരോടുള്ള അനീതിയാണെന്ന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ ശരത് പവാര്‍ പറഞ്ഞു. കറവ വറ്റിയ പ്രായം കൂടിയ കന്നുകാലികളെ പരിചരിക്കാന്‍ സര്‍ക്കാര്‍ ആശ്രമം തുടങ്ങുക. അല്ലെങ്കില്‍ കാലികളെ പരിചരിക്കാന്‍ കര്‍ഷകര്‍ക്കു നിശ്ചിത ധനസഹായം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആര്‍എസ്എസിനു നിരവധി സ്ഥാപനങ്ങളുണ്ടെന്നും അതുപോലെ ഒരു സ്ഥാപനം കാലികള്‍ക്കായി തുടങ്ങണമെന്നു പറഞ്ഞ പവാര്‍, അല്ലെങ്കില്‍ ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പൂരില്‍ ഒരു കന്നുകാലി ആശ്രമം തുടങ്ങട്ടെയെന്നും പരിഹസിച്ചു.  കൃഷിയും കന്നുകാലിയുടെ തുകല്‍ വിറ്റും ഉപജീവനം നടത്തുന്ന ദലിതരുള്‍പ്പെടെയുളള വലിയൊരു വിഭാഗത്തെ സര്‍ക്കാരിന്റെ തീരുമാനം ബാധിക്കുമെന്ന് ത്രിപുര സിപിഎം സംസ്ഥാന സെക്രട്ടറി ബിജാന്‍ ധര്‍ പറഞ്ഞു. അതേസമയം കന്നുകാലികളെ കശാപ്പുചെയ്യുന്നത് നിരോധിക്കുന്നതും ഇളവുവരുത്തുന്നതും സംസ്ഥാനസര്‍ക്കാരുകള്‍ക്കു കീഴില്‍ വരുന്ന നിയമമാണെന്നും അതില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടേണ്ടതില്ലെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.  മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷിക വേളയില്‍ സര്‍ക്കാരിനെതിരേ തയ്യാറാക്കിയ കുറ്റപത്രമടങ്ങിയ ലഘുലേഖയും പ്രകാശനംചെയ്തു. ഗോസംരക്ഷണത്തിന്റെ മറവില്‍ ദലിതുകളെയും മുസ്‌ലിംകളെയും ആക്രമിക്കുകയാണെന്ന് ലഘുലേഖയില്‍ പറയുന്നു.
Next Story

RELATED STORIES

Share it