wayanad local

കശാപ്പ് നിരോധനം : അഖിലേന്ത്യാ കിസാന്‍സഭ സുപ്രിംകോടതിയിലേക്ക്



കല്‍പ്പറ്റ: കന്നുകാലികളെ ഇറച്ചിക്കായി വില്‍ക്കുന്നതു നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ കര്‍ഷകരുടെ അവകാശം സംരക്ഷിക്കാന്‍ അഖിലേന്ത്യാ കിസാന്‍സഭ സുപ്രിംകോടതിയില്‍ പൊതുതാല്‍പര്യഹരജി നല്‍കുമെന്ന് ഖജാഞ്ചി പി കൃഷ്ണപ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളിലെയും ക്ഷീരകര്‍ഷകരും ഹരജിയില്‍ കക്ഷിചേരും. ഇതോടൊപ്പം സര്‍ക്കാര്‍ ഉത്തരവിനെതിരേ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി നാളെ ഡല്‍ഹിയില്‍ കര്‍ഷക-കര്‍ഷക തൊഴിലാളി സംഘടനകളുടെ യോഗം ചേരും. പോത്തിനെ കശാപ്പ് ചെയ്യരുതെന്നു രാജ്യത്തെവിടെയും നിയമമില്ല. നിയമത്തിന് വിരുദ്ധമായി ചട്ടമുണ്ടാക്കാന്‍ പ്രധാനമന്ത്രിക്ക് അവകാശമില്ല. എന്നിട്ടും പോത്തിനെ വില്‍ക്കാനുള്ള കര്‍ഷകരുടെ അവകാശം നിഷേധിച്ചത് എന്തിനാണെന്നു പ്രധാനമന്ത്രി വിശദീകരിക്കണം. ചന്ത നിരോധിക്കുന്നത് കരാര്‍ കൃഷി നടപ്പാക്കാനാണ്. 2015ലെ ബജറ്റില്‍ കാര്‍ഷിക മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ നൂറു ശതമാനം വിദേശനിക്ഷേപം അനുവദിച്ചു. 17ലെ ബജറ്റില്‍ രാജ്യത്താകെ കരാര്‍ കൃഷി നടപ്പാക്കാന്‍ നിയമം കൊണ്ടുവരുമെന്നു പ്രഖ്യാപിച്ചു. പാല്‍പ്പൊടിയും പാക്കറ്റ് മാംസവും നിര്‍മിക്കുന്ന വന്‍കിട കമ്പനികളുടെ കരാര്‍ കര്‍ഷകരാക്കി രാജ്യത്താകെയുള്ള കന്നുകാലി വളര്‍ത്തുന്ന കര്‍ഷകരെ മാറ്റുക എന്നതാണ് കന്നുകാലികളെ വില്‍ക്കാനുള്ള അവകാശം നിഷേധിച്ചതിലൂടെ പ്രധാനമന്ത്രി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it