കശാപ്പ് നിരോധനം:പ്രത്യേക നിയമസഭാ സമ്മേളനം എട്ടിന്

തിരുവനന്തപുരം: കന്നുകാലികളെ വില്‍ക്കുന്നതിനും കശാപ്പിനും നിരോധനം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചര്‍ച്ച ചെയ്യാന്‍ എട്ടിനു പ്രത്യേക നിയമസഭാ സമ്മേളനം ചേരും. വിഷയത്തില്‍ പൊതു അഭിപ്രായരൂപീകരണത്തിനു പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ബുധനാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇക്കാര്യം ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. കന്നുകാലിക്കച്ചവടം സംബന്ധിച്ച കേന്ദ്ര ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ സമ്മേളനത്തില്‍ പ്രമേയം പാസാക്കും. കേന്ദ്ര ഉത്തരവ് മറികടക്കുന്നതിനായുള്ള നിയമനിര്‍മാണവും സമ്മേളനത്തില്‍ ചര്‍ച്ചയാവും. കന്നുകാലിക്കച്ചവടം നിയന്ത്രിച്ച് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം രാജ്യത്തുടനീളം കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മൃഗങ്ങള്‍ക്കെതിരേയുള്ള ക്രൂരത തടയല്‍ നിയമം-2017 എന്ന പേരിലാണ് കേന്ദ്രസര്‍ക്കാരിനു വേണ്ടി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുതിയ വിജ്ഞാപനം പുറത്തിറക്കിയത്. കാള, പശു, പോത്ത്, എരുമ, ഒട്ടകം എന്നിവയെല്ലാം നിരോധിത പട്ടികയില്‍പ്പെടും. കന്നുകാലികളെ കൊല്ലില്ലെന്ന സത്യവാങ്മൂലം നല്‍കാതെ ഇവയെ വില്‍പനയ്ക്കായി പോലും എത്തിക്കരുതെന്നും കന്നുകാലികളെ വാങ്ങുന്നയാള്‍ കൃഷിക്കാരനാണെന്ന് ഉറപ്പുവരുത്തണമെന്നും ഉത്തരവ് നിര്‍ദേശിക്കുന്നു. ഏതെങ്കിലും മതാചാരച്ചടങ്ങുകളുടെ ഭാഗമായി കന്നുകാലികളെ ബലികൊടുക്കുന്നതും ഉത്തരവിലൂടെ നിരോധിച്ചു. 2012ലെ കണക്കെടുപ്പുപ്രകാരം ഇന്ത്യയില്‍ 19 കോടി കന്നുകാലികളാണ് ഉണ്ടായിരുന്നത്. ലൈസന്‍സുള്ള 3,900 അറവുശാലകളുമുണ്ട്.
Next Story

RELATED STORIES

Share it