Flash News

കശാപ്പ് നിയന്ത്രണം : കേന്ദ്രത്തെ പിന്തുണച്ച് ഹൈക്കോടതി



കൊച്ചി: കന്നുകാലി കച്ചവടത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കൊണ്ടു വന്ന വിജ്ഞാപനത്തെ പിന്തുണച്ച് കേരള ഹൈക്കോടതി. കന്നുകാലിച്ചന്തകളില്‍ മാടുകളെ കശാപ്പിനായി വില്‍ക്കുന്നത് മാത്രമാണ് വിജ്ഞാപനത്തിലൂടെ നിരോധിച്ചതെന്നും വീട്ടില്‍ വളര്‍ത്തുന്ന കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നതിന് തടസ്സമില്ലെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. വിജ്ഞാപനം വായിക്കുക പോലും ചെയ്യാതെയാണ് ആളുകള്‍ പ്രതിഷേധവുമായി ഇറങ്ങുന്നതെന്നും ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. കേന്ദ്രവിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ടി ജെ സുനില്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയാണ് കോടതിയുടെ ഈ പരമാര്‍ശങ്ങളുണ്ടായത്. കന്നുകാലിച്ചന്തകളിലെ വില്‍പനയാണ് നിരോധിച്ചിരിക്കുന്നത്. ഒരാള്‍ക്ക് താന്‍ വളര്‍ത്തുന്ന കന്നുകാലികളെ വില്‍ക്കുന്നതിന് തടസ്സമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിനോ കഴിക്കുന്നതിനോ വില്‍ക്കുന്നതിനോ കേന്ദ്ര വിജ്ഞാപനം നിരോധനമേര്‍പ്പെടുത്തിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വീട്ടില്‍ വളര്‍ത്തുന്ന കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നതിനും വിജ്ഞാപനത്തില്‍ തടസ്സമില്ല. കന്നുകാലികളെ കൂട്ടത്തോടെ ചന്തയിലെത്തിച്ച് വില്‍ക്കുന്നതാണ് തടഞ്ഞിരിക്കുന്നത്. കാലികളെ അറുക്കാനോ വില്‍ക്കാനോ ഭക്ഷിക്കാനോ പാടില്ലെന്ന് നിയമത്തില്‍ പറയുന്നില്ല. നിങ്ങള്‍ക്ക് വീട്ടിലോ വഴിവക്കിലോ പുരപ്പുറത്തോ മാടുകളെ വില്‍ക്കാം. ഇതില്‍ എവിടെയാണ് മൗലികാവകാശങ്ങളുടെയും തൊഴിലെടുക്കാനുള്ള അവകാശങ്ങളുടെയും ലംഘനമെന്നും ഹൈക്കോടതി ആരാഞ്ഞു. കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് ഇവിടെ പ്രതിഷേധം അരങ്ങേറുന്നത്. മദ്രാസ് ഹൈക്കോടതിയുടെ മധുരെ ബെഞ്ച് കേന്ദ്രവിജ്ഞാപനം സ്റ്റേ ചെയ്ത നടപടി തന്നെ അല്‍ഭുതപ്പെടുത്തിയെന്നും ഹരജി പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് പറഞ്ഞു.  കേസ് നിലനില്‍ക്കില്ലെന്നു കോടതി അറിയിച്ചതോടെ പരാതിക്കാരന്‍ ഹരജി പിന്‍വലിച്ചു. അതേസമയം, കോഴിക്കോട് മീറ്റ് വര്‍ക്കേഴ്‌സ് അസോസിയേഷനും തൃശൂര്‍ സ്വദേശി നാസറും സമര്‍പ്പിച്ച ഹരജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജസ്റ്റിസ് പി ബി സുരേഷ് കുമാര്‍ ഇടക്കാല ഉത്തരവിന് വേണ്ടി മാറ്റി.
Next Story

RELATED STORIES

Share it