Flash News

കശാപ്പ് നിയന്ത്രണം : കേന്ദ്രവിജ്ഞാപനം സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു



കൊച്ചി: കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കശാപ്പ് നിയന്ത്രണ വിജ്ഞാപനം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സ്‌റ്റേ ചെയ്തില്ല. ഹരജിയില്‍ വിശദമായ വാദംകേള്‍ക്കണമെന്നും കോടതി പറഞ്ഞു. ഗൗരവമുള്ള വിഷയമായതിനാല്‍ അടിയന്തരമായി പരിഗണിക്കുമെന്നും ഹരജിയില്‍ അടുത്ത മാസം 26ന് വാദം കേള്‍ക്കുമെന്നും ജസ്റ്റിസ് പി ബി സുരേഷ് കുമാര്‍ പറഞ്ഞു. കശാപ്പ് നിയന്ത്രണമില്ലെന്നും ചന്തയിലെ വില്‍പനയ്ക്കു ചില നിയന്ത്രണങ്ങള്‍ മാത്രമാണ് ഏര്‍പ്പെടുത്തിയതെന്നുമുള്ള കേന്ദ്ര സര്‍ക്കാര്‍ വാദം പരിഗണിച്ച് വിജ്ഞാപനത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്നും ജസ്റ്റിസ് പി ബി സുരേഷ് കുമാര്‍ വ്യക്തമാക്കി. കന്നുകാലി കശാപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടിയില്‍ കേന്ദ്രസര്‍ക്കാരിനോട് കേരള ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. സംസ്ഥാന പരിധിയില്‍ വരുന്ന വിഷയത്തിലാണ് കേന്ദ്രം ഇടപെട്ടതെന്ന് കേരള സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്ര പരിസ്ഥിതിമന്ത്രാലയം ഉത്തരവ് പുറത്തിറക്കിയതെന്നും ഭക്ഷണസ്വാതന്ത്ര്യത്തെ ഒരുതരത്തിലും ബാധിക്കുന്നില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരേ കോഴിക്കോട് മീറ്റ് വര്‍ക്കേഴ്‌സ് അസോസിയേഷനും തൃശൂര്‍ സ്വദേശി നാസറും സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്.
Next Story

RELATED STORIES

Share it