Flash News

കശാപ്പു നിരോധനം: എംഎല്‍എമാരുടെ വേറിട്ട പ്രതിഷേധം ശ്രദ്ധ നേടി



തിരുവനന്തപുരം: കശാപ്പിനായി കന്നുകാലി വില്‍പന നിരോധിച്ച കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന നിയമസഭാ സമ്മേളനത്തിനിടെ എംഎല്‍എമാരുടെ വേറിട്ട പ്രതിഷേധം ശ്രദ്ധ നേടി. ഇന്നലെ നിയമസഭാ കാന്റീനില്‍ പ്രഭാതഭക്ഷണത്തിനൊപ്പം സ്‌പെഷ്യലായി ബീഫ് റോസ്റ്റ് കഴിച്ചാണ് കേന്ദ്ര നിലപാടിനോട് പ്രതിഷേധിച്ചത്. നേരത്തേ തീരുമാനിച്ചുറപ്പിച്ച പ്രതിഷേധമായിരുന്നില്ല ഇത്. രാവിലെ 9നാണ് നിയമസഭയുടെ പ്രത്യേക സമ്മേളനം ആരംഭിച്ചത്. എന്നാല്‍, ഒരു മണിക്കൂര്‍ മുമ്പേ നിയമസഭാ കാന്റീനിലെത്തിയ എംഎല്‍എമാര്‍ ബീഫ് റോസ്റ്റ് ഉള്‍പ്പെടെയുള്ള വിഭവങ്ങളാണ് പ്രഭാതഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്തത്. കാന്റീനിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, ബീഫിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഭക്ഷണം ഇങ്ങനെയാക്കിയെന്നായിരുന്നു മറുപടി. സാധാരണ നിലയില്‍ രാവിലെ 11നു ശേഷമാണ് നിയമസഭാ കാന്റീനില്‍ ബീഫ് വിഭവങ്ങള്‍ വിളമ്പുക. എന്നാല്‍, ഇന്നലെ രാവിലെത്തന്നെ ബീഫ് റോസ്റ്റ് റെഡിയായി. മാത്രമല്ല, ബീഫ് റോസ്റ്റ് ഉണ്ടെന്ന അറിയിപ്പ് ബോര്‍ഡും രാവിലെത്തന്നെ കാന്റീനില്‍ പ്രത്യക്ഷപ്പെട്ടു. ബീഫ് വിഷയത്തില്‍ ചര്‍ച്ച നടക്കുന്നതിനാല്‍ 10 കിലോ ബീഫ് വാങ്ങി അതിരാവിലെത്തന്നെ വിഭവങ്ങള്‍ തയ്യാറാക്കുകയായിരുന്നുവെന്ന് ജീവനക്കാര്‍ പറഞ്ഞു. രാവിലെയെത്തിയ മിക്ക എംഎല്‍എമാരും പ്രഭാതഭക്ഷണത്തിനൊപ്പം ബീഫ് കഴിച്ചു. ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനായിരുന്നു ആദ്യം കാന്റീനിലെത്തിയത്. തൊട്ടുപിന്നാലെ പ്രതിഭ ഹരിയും സി കെ ആശയുമെത്തി. ഇരുവരും ബീഫ് റോസ്റ്റ് കഴിച്ചു. ആഹാരം കഴിച്ചു മടങ്ങിയ എംഎല്‍എമാര്‍ ബീഫ് വിഭവത്തെക്കുറിച്ച് പറഞ്ഞതോടെ മറ്റുള്ള എംഎല്‍എമാരും കാന്റീനിലെത്തി. ഇതിനിടെ എംഎല്‍എമാര്‍ ബീഫ് കഴിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളിലും പ്രചരിച്ചു. ഹൈബി ഈഡനും ശബരീനാഥനും എല്‍ദോസ് കുന്നപ്പിള്ളിയും ഭക്ഷണത്തില്‍ ബീഫ് ഉള്‍പ്പെടുത്തി. എ പ്രദീപ് കുമാര്‍, ഐ ബി സതീഷ്, ആര്‍ രാജേഷ് എന്നിവരും പിന്നാലെയെത്തി. നോമ്പ് തുറന്നശേഷമായിരുന്നെങ്കില്‍ ബീഫ് കഴിച്ചുള്ള പ്രതിഷേധത്തില്‍ ഞങ്ങളും കൂടിയേനെയെന്ന് മുസ്‌ലിംലീഗ് എംഎല്‍എമാരും വ്യക്തമാക്കി.
Next Story

RELATED STORIES

Share it