കവിതകള്‍ക്കും ഗാനങ്ങള്‍ക്കും ഇടയിലെ അകലം കുറച്ച കവി

ഏഴാച്ചേരി രാമചന്ദ്രന്‍

കവിതയില്‍നിന്ന് ഗാനങ്ങളിലേക്കുള്ള ദൂരവ്യത്യാസം കുറച്ച കവിയായിരുന്ന ഒഎന്‍വി. പാട്ടുകളില്‍നിന്ന് കവിതകളിലേക്കുള്ള അകല്‍ച്ച ഇല്ലാതാക്കാന്‍ വയലാര്‍, ഭാസ്‌കരന്‍, തിരുനല്ലൂര്‍ എന്നിവര്‍ക്കൊപ്പം അദ്ദേഹവും ശ്രമിച്ചു. ഭാവഗീതത്തിന്റെ ഗുണസമ്പൂര്‍ണത അദ്ദേഹത്തിന്റെ പാട്ടുകളില്‍ ദൃശ്യമായിരുന്നു. ഒഎന്‍വിയുടെ കവിതകള്‍ ഏതും നല്ല ഗാനമാക്കാന്‍ കഴിയുമായിരുന്നു. അദ്ദേഹത്തിലെ കവിയെയും ഗാനരചയിതാവിനെയും വ്യവച്ഛേദിക്കാന്‍ കഴിയില്ല. ഗാനാത്മകത തികഞ്ഞ കവിതകളും കവിത തുളുമ്പുന്ന പാട്ടുകളും പരസ്പര പൂരകമായിരുന്നു അദ്ദേഹത്തിന്റെ രചനകളില്‍. അതുകൊണ്ടുതന്നെയാണ് ഒഎന്‍വി സാര്‍ 84ാം വയസ്സില്‍ മരിക്കുമ്പോഴും അകാലമരണം എന്നു വിശേഷിപ്പിക്കേണ്ടിവരുന്നത്.
ഇടതുപക്ഷത്തിന്റെ കവിയെന്ന് അദ്ദേഹത്തെ പറയുമെങ്കിലും അതു മാത്രമായിരുന്നില്ല ഒഎന്‍വി സാര്‍. മനുഷ്യത്വം തന്നെയായിരുന്നു ഒഎന്‍വിയുടെ രക്തപതാകയിലെ യഥാര്‍ഥ അടയാളം. കോണ്‍ഗ്രസ്സുകാരനായ ലാല്‍ ബഹദൂര്‍ ശാസ്ത്രി മരിച്ചപ്പോള്‍ അതിലെ വ്യസനം മറച്ചുവയ്ക്കാതെ കവിതയെഴുതാന്‍ അദ്ദേഹം തയ്യാറായതും അതുകൊണ്ടുതന്നെ. മനുഷ്യത്വം എവിടെയെല്ലാം മുറിവേല്‍ക്കുന്നുവോ അവിടെയെല്ലാം സംഹാരാത്മകനായ രുദ്രനെപ്പോലെ ഒഎന്‍വി ഉയിര്‍ത്തെഴുന്നേല്‍ക്കും. അതുകൊണ്ടുതന്നെയാണ് കുമാരനാശാനുമായി അഭേദ്യമായ ബന്ധം അദ്ദേഹത്തിനുണ്ടെന്നു എനിക്കു തോന്നുന്നത്.
ആശാന്‍, വൈലോപ്പിള്ളി, ഒഎന്‍വി എന്നിങ്ങനെ പുതിയ കവിത്രയ സംവിധാനം വേണം. അതിന് നിരൂപകര്‍ ഇനിയെങ്കിലും തയ്യാറാവണം. ചുവന്ന ദശകത്തില്‍ കമ്മ്യൂണിസ്റ്റുകാരുടെ പടപ്പാട്ടുകാരനെന്ന് അദ്ദേഹത്തെ ആക്ഷേപിച്ച നിരൂപകരുമുണ്ടായിരുന്നു.
സ്‌കൂള്‍ പഠനകാലം മുതല്‍ എന്റെ മനസ്സിലെ സര്‍ഗസാന്നിധ്യമായിരുന്നു ഒഎന്‍വി സാര്‍. എന്റെ നാട്ടില്‍ രാമപുരത്തുവാര്യരുടെ പേരിലുള്ള വായനശാലയുടെ ഉദ്ഘാടനത്തിന് അദ്ദേഹമെത്തിയ കാലം. സഖാവ് ഒഎന്‍വി എന്നാണ് അന്നത്തെ നോട്ടീസില്‍ അച്ചടിച്ചിരുന്നത്. ദാഹിക്കുന്ന പാനപാത്രം എന്ന അദ്ദേഹത്തിന്റെ കവിതാസമാഹാരം വ്യാപകമായി വായിക്കപ്പെട്ട കാലം കൂടിയായിരുന്നു അത്. ഒഎന്‍വി സാറിന്റെ പ്രസംഗം കേള്‍ക്കാന്‍ ഞാന്‍ വല്ലാതെ കൊതിച്ചു. പക്ഷേ, യുപി സ്‌കൂള്‍ കുട്ടിയായ എന്നെ ആരും കൂടെക്കൂട്ടിയില്ല. പിന്നീട് ദേശാഭിമാനി ലേഖകനായി തിരുവനന്തപുരത്തു വന്നപ്പോള്‍ അതു ഞാന്‍ സാറിനോട് നേരിട്ടു പറഞ്ഞു. പൊട്ടിച്ചിരിയായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
Next Story

RELATED STORIES

Share it