Alappuzha local

കഴിഞ്ഞ വര്‍ഷം ജില്ലയില്‍ റോഡപകടങ്ങളില്‍ പൊലിഞ്ഞത് 350 ജീവനുകള്‍

ആലപ്പുഴ: റോഡ് സുരക്ഷയെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിനായി അധ്യാപകര്‍ക്ക് ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്ര(നാറ്റ് പാക്ക്)ത്തിന്റെ നേതൃത്വത്തില്‍ രണ്ട് ദിവസമായി നടന്നുവന്ന പരിശീലനം അവസാനിച്ചു.
കഴിഞ്ഞ വര്‍ഷം ജില്ലയില്‍ 350 ജീവനുകള്‍ റോഡപകടങ്ങളില്‍ പൊലിഞ്ഞതായാണ് കണക്കുകള്‍. സംസ്ഥാനത്ത് 1400 പേര്‍ റോഡ് അപകടങ്ങളില്‍ മരണപ്പെട്ടിട്ടുണ്ട്. റോഡപകടങ്ങളില്‍ മരണപ്പെടുന്നവരില്‍ ഏറെയും 15 വയസ്സിന് താഴെ പ്രായമുള്ള വിദ്യാര്‍ഥികളാണ്. അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുക, ബസ് കയറുന്നതിനിടെയുണ്ടാവുന്ന അപകടങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ അപകടങ്ങളുണ്ടാവുന്നത്. 90 കിലോ മീറ്റര്‍ ദേശീയ പാത കടന്നു പോവുന്ന ജില്ലയില്‍ കരീലക്കുളങ്ങരയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ റോഡപകടങ്ങളില്‍ മരിച്ചിരിക്കുന്നത്.
റോഡ് സുരക്ഷാ വിദ്യാഭ്യാസം വിദ്യാലയങ്ങളിലൂടെ എന്ന പദ്ധതി പ്രകാരമാണ് പരിശീലനം നല്‍കുന്നത്. ജില്ലയില്‍നിന്ന് നൂറ് അധ്യാപകര്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനത്തെ നാലാമത്തെ ജില്ലയിലാണ് നാറ്റ് പാക്ക് റോഡ് സുരക്ഷ അതോറിറ്റിയുമായി ചേര്‍ന്ന് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്.
നാറ്റ്പാക്ക് കണ്‍സള്‍ട്ടന്റ് ടി വി സതീഷ്, ടി വി ശശികുമാര്‍, ആര്‍.ടി.ഒ. എബി ജോണ്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി അശോകന്‍, നാറ്റ്പാക്ക് ശാസ്ത്രജ്ഞന്‍ ബി സൂബിന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it