thiruvananthapuram local

കഴക്കൂട്ടം മേഖലയില്‍ അനധികൃത കെട്ടിടനിര്‍മാണം വ്യാപകം



കഴക്കൂട്ടം: പാങ്ങപ്പാറ മോഡലില്‍ കഴക്കൂട്ടം മണ്ഡത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പടുകൂറ്റന്‍ ഫഌറ്റ് സമുച്ഛയങ്ങളുടെ നിര്‍മാണം തകൃതി. വയല്‍ നികത്തിയുള്ള ഫഌറ്റു നിര്‍മാണങ്ങളാണ് പ്രദേശത്ത് നടക്കുന്നത്. ഈ നിര്‍മാണങ്ങള്‍ക്കാകട്ടെ ബന്ധപ്പെട്ട വിഭാഗത്തിന്റെ അനുമതിയോ സര്‍ട്ടിഫിക്കറ്റുകളോ ഇല്ലെന്ന പരാതി ശക്തമാണ്. ഏക്കര്‍ കണക്കിന് ഭൂമി പറയുന്ന വിലക്ക് വാങ്ങി സമീപവാസികള്‍ക്കുപോലും പ്രവേശനം വിലക്കി പ്രദേശവാസികളായ ഗുണ്ടകളെ സുരക്ഷയ്ക്ക് നിയോഗിച്ചാണ് കെട്ടിടനിര്‍മാണം ഉടമകള്‍ നടത്തുന്നത്. ഇതിനുപിന്നാലെ പരിസരത്തെ പുറമ്പോക്ക് ഭൂമിയും ജലാശയങ്ങളും കൈയേറുന്നതും പതിവാണ്. ഫഌറ്റ് മാഫിയകളുടെ കൈയേറ്റങ്ങള്‍ക്കെതിരേ സമരം ചെയ്യുന്നവരെ  വേട്ടയാടുന്ന സംഭവങ്ങളും നിരവധിയുണ്ട്. മൂന്ന് ബീഹാര്‍ സ്വദേശികളുള്‍പ്പെടെ നാല്  തൊഴിലാളികളുടെ ജീവന്‍ അപഹരിച്ച പാങ്ങപ്പാറയിലെ ഫഌറ്റ് നിര്‍മാണത്തിന്റെ മറവില്‍ ഇവിടെ നിന്നും മണല്‍ കടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫിസില്‍ സാമൂഹികപ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടും കൈയേറ്റക്കാര്‍ക്ക് ഒത്താശചെയ്യുന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചത്്്. മുട്ടത്തറ സിബിഐ ഓഫിസ് പുരയിടം നികത്തുവാന്‍ എന്ന പേരിലാണ് മണ്ണെടുപ്പിന് മൈനിങ് ആന്റ് ജിയോളജി പാസ് ഫഌറ്റ് നിര്‍മാതാക്കള്‍ നേടിയത്. എന്നാല്‍ ആക്കുളത്തുള്ള സ്വകാര്യ കോളജിന് വേണ്ടിയുള്ള പുരയിടം നികത്താനായിരുന്നു മണല്‍ കൊണ്ടുപോയിരുന്നത്. പരാതിയെ തുടര്‍ന്ന് പേട്ട പോലിസ് ഒന്നര മാസം മുമ്പ് മണ്ണുമായി വന്ന ടിപ്പര്‍ ലോറി പിടിച്ചെടുത്തു. തുടര്‍ന്ന് മണ്ണെടുക്കല്‍ തടഞ്ഞുകൊണ്ട് റവന്യു അധികാരികള്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്തു. എന്നാല്‍ ചില മൈനിങ് ആന്റ് ജിയോളജി ഉദ്യോഗസ്ഥര്‍ മുന്‍കൈയെടുത്ത് മണല്‍ കടത്തിന് വീണ്ടും അനുമതി നല്‍കി.  റോഡ് നിരപ്പില്‍ നിന്നും 50 അടി താഴ്ചയില്‍വരെ കുഴിച്ച് അപകടം നടന്ന പ്രദേശത്ത് മണല്‍ മാറ്റിയിട്ടുണ്ട്. വസ്തുക്കള്‍ വാങ്ങി ഒന്നാക്കിയാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. എന്നാല്‍ ഈ ഭൂമി നിരപ്പായ പ്രദേശങ്ങളല്ല. കുണ്ടും കുഴിയും കുന്നും നിറഞ്ഞ ഈ സ്ഥലം നിരപ്പാക്കാതെയും മറ്റുമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.  മണ്ഡലത്തിലെ ആറ്റിപ്ര, കരിയില്‍, കഴക്കൂട്ടം, ശ്രീകാര്യം, മണ്‍വിള, കല്ലിങ്ങള്‍, കോട്ടൂര്‍, തൃപ്പാദപുരം പ്രദേശങ്ങളില്‍ സമാനമായ ഫഌറ്റ് നിര്‍മാണം അഹോരാത്രം തുടരുകയാണ്. അധികൃതര്‍ ഇവിടങ്ങളില്‍ ഇതുവരെ ഒരുതരത്തിലുള്ള പരിശോധനകളും നടത്തിയിട്ടില്ല.
Next Story

RELATED STORIES

Share it