thiruvananthapuram local

കഴക്കൂട്ടം പോലിസ് സബ്ഡിവിഷന്‍; ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ എസിയാക്കാന്‍ നീക്കം

കഴക്കൂട്ടം: കഴക്കൂട്ടത്ത് ജനുവരി ഒന്നുമുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന സിറ്റി പോലിസ് കമ്മീഷണറുടെ കീഴിലുള്ള പോലിസ് സബ് ഡിവിഷന്റെ തലപ്പത്ത് നടപടിക്ക് വിധേയനായ ഉദ്യോഗസ്ഥനെ നിയമിക്കാന്‍ നീക്കം.
പ്രമാദമായ മനുഷ്യക്കടത്ത് കേസില്‍ നടപടി നേരിട്ട ഉദ്യോഗസ്ഥനെ അസിസ്റ്റന്റ് കമ്മീഷണറാക്കാന്‍ ഉന്നതതല രാഷ്ട്രീയ ഇടപടല്‍ സജീവമാണ്. നേരത്തെ ഈ ഉദ്യോഗസ്ഥന്‍ കഴക്കൂട്ടം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി സേവനമനുഷ്ഠിച്ചിരുന്നു. മേഖലയിലെ ഗുണ്ടാ-റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക് ഇദ്ദേഹത്തിന്റെതന്നെ അടുത്തബന്ധുക്കള്‍ സഹായം ചെയ്തിരുന്നതായി അന്ന് ആരോപണമുയര്‍ന്നിരുന്നു.
ഓണ്‍ലൈന്‍ പെണ്‍വാണിഭവും ഗുണ്ടാമാഫിയ സംഘങ്ങളും അടക്കിവാഴുന്ന കഴക്കൂട്ടം പോലുള്ള ഐടി നഗരത്തില്‍ മികച്ച സര്‍വീസ് റിക്കോര്‍ഡുള്ള ഉദ്യോഗസ്ഥനെ നിയമിക്കണമെന്നാണ് പൊതുവികാരം. അതേസമയം തനിക്ക് താല്‍പ്പര്യമുള്ള മറ്റൊരു ഉദ്യോഗസ്ഥനെ കൊണ്ടുവരാനുള്ള നീക്കം സ്ഥലം എംഎല്‍എയും ശക്തമാക്കിയതായി വാര്‍ത്തയുണ്ട്.
എന്നാല്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കോ മറ്റു മാഫിയ സംഘങ്ങള്‍ക്കോ അടിമപ്പെടാതെ സ്വതന്ത്രമായി ജോലി നോക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ വരുന്നതാണ് കഴക്കൂട്ടത്തെ പോലിസ് ഉദ്യോഗസ്ഥരുടേയും ആഗ്രഹം. അതേസമയം അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫിസിന്റെ ഉദ്ഘാടനം ജനുവരി ഒന്നിന് നടക്കും. രണ്ടുമാസങ്ങള്‍ക്ക് മുമ്പ് പോത്തന്‍കോട് സിഐ ഓഫിസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ വ്യാപാരികളില്‍ നിന്നും 25 ലക്ഷം പിരിച്ചെടുത്ത് ഗാനമേള നടത്തിയും ഫര്‍ണിച്ചറും വാങ്ങിയെന്ന വിഷയവും ഏറെ വിവാദമായിരുന്നു. ആയതിനാല്‍ അത്തരത്തിലുള്ള വിവാദങ്ങളുണ്ടാക്കാതിരിക്കാനും അനാവശ്യ ആഡംബരങ്ങള്‍ ഒഴിവാക്കാനും മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്മാര്‍ നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം.
Next Story

RELATED STORIES

Share it