thrissur local

കള്ള മിനുട്‌സ് റദ്ദാക്കാന്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ പ്രത്യേക യോഗം 22ന്



തൃശൂര്‍: കൗണ്‍സില്‍ യോഗത്തില്‍ ഉണ്ടാകാത്ത തീരുമാനം കളവായി എഴുതി ചേര്‍ത്തതു റദ്ദാക്കണമെന്ന പ്രതിപക്ഷം ആവശ്യത്തില്‍ മേയര്‍ അജിത ജയരാജന്‍ പ്രത്യേക കൗണ്‍സില്‍ യോഗം വിളിച്ചു. മേയ് 22ന് 3.30 നാണ് യോഗം. കളവായ മിനുട്‌സ്‌സ് റദ്ദാക്കാന്‍ പ്രത്യേക യോഗം വിളിക്കണമെന്ന കോ ണ്‍ഗ്രസിലെ 20 കൗണ്‍സിലര്‍മാര്‍ ഒപ്പിട്ട് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചിട്ടുള്ളത്. 55 അംഗ കൗ ണ്‍സിലില്‍ 23 അംഗങ്ങളാണ് കോണ്‍ഗ്രസ്സിനുള്ളത്. ആറംഗ ബിജെപിയും ഇതേ ആവശ്യം ഉന്നയിച്ച് കത്ത് സെക്രട്ടറിക്ക് നല്‍കിയിട്ടുണ്ട്. മിനുട്‌സ് റദ്ദാക്കണമെന്ന ആവശ്യത്തിന് ഇതോടെ 55ല്‍ 29 അംഗങ്ങളുടെ പിന്തുണയായി. എല്‍ഡിഎഫ് ഭരണപക്ഷത്ത് 23 അംഗങ്ങളേയുള്ളൂ. അതില്‍ സിപിഎം അംഗം മരാമത്ത് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.എം പി ശ്രീനിവാസന്‍ കളവായി മിനുട്്‌സ് എഴുതി ചേര്‍ത്തതില്‍ വിജോയനകുറിപ്പ് നല്‍കിയിട്ടുണ്ട്. ഇതോടെ കള്ള മിനുട്്‌സ് റദ്ദാകുമെന്നുറപ്പായി. തൃശൂര്‍ കോര്‍പറേഷന്റെ ചരിത്രത്തിലാദ്യമായാണ് പ്രത്യേക കൗണ്‍സില്‍ യോഗം വിളിച്ചുകൂട്ടി ഒരു തീരുമാനം റദ്ദാക്കുന്ന സാഹചര്യമുണ്ടാകുന്നത്. മുനിസിപ്പല്‍ ആക്ടിലെ കൗണ്‍സില്‍ യോഗ നടപടിക്രമ ചട്ടങ്ങള്‍ ഏഴ് പ്രകാരം ഏതെങ്കിലും വിഷയത്തില്‍ അംഗങ്ങളുടെ മൂന്നിലൊന്ന് അംഗങ്ങള്‍ ഒപ്പിട്ട് നോട്ടിസ് നല്‍കിയാല്‍ മേയര്‍ സ്‌പെഷല്‍ കൗണ്‍സില്‍ യോഗം വിളിച്ചുകൂട്ടണമെന്നാണ് നിയമം. പ്രതിപക്ഷനേതാവ് അഡ്വ. എം കെ മുകുന്ദന്‍ ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച് നോട്ടിസ് മേയര്‍ക്കു നല്‍കിയത്. ഇന്നലെതന്നെ മേയര്‍ അജിത ജയരാജന്‍ യോഗം ദിവസവും സമയവും നിശ്ചയിച്ച് പ്രതിപക്ഷനേതാവിന് രേഖാമൂലം മറുപടിയും നല്‍കി. കോര്‍പറേഷന്‍ വൈദ്യുതി വിഭാഗത്തില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയോ പിഎസ്‌സി വഴിയോ മാത്രമേ നിയമനം നടത്താന്‍ പാടുള്ളൂ എന്നിരിക്കേ നേരിട്ടും സ്വകാര്യ ഏജന്‍സിക്ക് നിയമനകരാര്‍ നല്‍കിയും നിയമവിരുദ്ധമായുള്ള നിയമനങ്ങള്‍ക്കും മേയര്‍ മുന്‍കൂര്‍ അനുമതി നല്‍കിയിരുന്നു. ഒരു വര്‍ഷം മുമ്പ് 68 പേരെ നിയമിച്ചതിന് സാധൂകരണം നല്‍കി 27ലെ കൗണ്‍സില്‍ യോഗത്തിന്റെ മിനുട്‌സില്‍ കളവായി എഴുതിചേര്‍ത്തുവെന്നാണ് ആരോപണം. തീരുമാനം റദ്ദാക്കുന്നപക്ഷം ജീവനക്കാര്‍ വാങ്ങിയ ഒരു കോടിയിലേറെ രൂപയുടെ ശമ്പള ബാധ്യത മേയറുടെ തലയിലാകും. മാത്രമല്ല അനധികൃതമായ നിയമനം നേടിയ ജീവനക്കാര്‍ ഇപ്പോഴും വൈദ്യുതിവിഭാഗത്തില്‍ ജോലിയില്‍ തുടരുകയാണ്. കെഎസ്ഇബി തയ്യാറാക്കി നല്‍കിയ മാനദണ്ഡമനുസരിച്ച് 99 പേര്‍ മാത്രം ആവശ്യമായ വൈദ്യുതി വിഭാഗത്തില്‍ ഇരട്ടിയിലധികം 209 പേരാണിപ്പോള്‍ ജോലി ചെയ്യുന്നത്.
Next Story

RELATED STORIES

Share it