thrissur local

കള്ള മിനുട്‌സ്: പ്രത്യേക യോഗം വിളിക്കാന്‍ പ്രതിപക്ഷം കത്ത് നല്‍കി



തൃശൂര്‍: തൃശൂര്‍ കോര്‍പറേഷന്റെ കൗണ്‍സില്‍ യോഗം മിനുട്‌സില്‍ കളവായി എഴുതിചേര്‍ത്ത തീരുമാനങ്ങള്‍ റദ്ദാക്കാന്‍ സ്‌പെഷല്‍ കൗണ്‍സില്‍ യോഗം വിളിച്ചുകൂട്ടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിപക്ഷം മേയര്‍ക്ക് നോട്ടിസ് നല്‍കി. ഏപ്രില്‍ 27ലെ കൗണ്‍സില്‍ യോഗം അജണ്ടയില്‍ ഇല്ലാത്തതും ചര്‍ച്ചചെയ്യാത്തതുമായ വിഷയ തീരുമാനങ്ങള്‍ കളവായി മിനുട്്‌സില്‍ എഴുതിചേര്‍ത്തത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി അംഗങ്ങളും കോര്‍പറേഷന്‍ സെക്രട്ടറിക്കു കത്ത് നല്‍കി. പ്രതിപക്ഷ നേതാവ് അഡ്വ.എം കെ മുകുന്ദന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി കമ്മിറ്റിയുടെ തീരുമാനമനുസരിച്ചാണ് സ്‌പെഷല്‍ കൗണ്‍സില്‍ യോഗത്തിന് ഇന്നലെ നോട്ടിസ് നല്‍കിയത്.55 അംഗ കൗണ്‍സിലിലെ ഭൂരിപക്ഷം വരുന്ന 29 അംഗങ്ങളുടെ പിന്തുണയുള്ള കോണ്‍ഗ്രസ്- ബിജെപി പ്രതിപക്ഷം ആവശ്യമുന്നയിച്ചതോടെ കളവായി എഴുതി ചേര്‍ത്ത മിനുട്‌സ് റദ്ദാക്കുമെന്നുറപ്പായി. എ ല്‍ ഡിഎഫ് ഭരണപക്ഷത്ത് 26 അംഗങ്ങളേയുള്ളൂ. അതില്‍തന്നെ സിപിഎം കൗണ്‍സിലറും മരാമത്ത് കമ്മിറ്റി ചെയര്‍മാനുമായ അഡ്വ.എം പി ശ്രീനിവാസന്‍ അജണ്ടയിലില്ലാത്തതും ചര്‍ച്ച ചെയ്യാത്തതുമായ തീരുമാനം എഴുതി ചേര്‍ക്കുന്നതില്‍ വിയോജനകുറിപ്പ് രേഖപ്പെടുത്തി സെക്രട്ടറിക്ക് ഏപ്രില്‍ 28ന് തന്നെ കത്ത് നല്‍കിയിരുന്നു. കൗണ്‍സില്‍ എടുത്തുവെന്ന രേഖപ്പെടുത്തിയ ഒരു മിനുട്്‌സ് പ്രത്യേക കൗണ്‍സില്‍ യോഗം വിളിച്ച് റദ്ദാക്കപ്പെടുന്ന സാഹചര്യം കോര്‍പറേഷന്റെ ചരിത്രത്തിലുണ്ടായിട്ടില്ല.വൈദ്യുതി വിഭാഗത്തില്‍ എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയോ പിഎസ്‌സി വഴിയോ മാത്രമേ നിയമനം നടത്താകൂ എന്നാണ് ചട്ടമെന്നിരിക്കേ നിയമവിരുദ്ധമായി നേരിട്ടും സ്വകാര്യ ഏജന്‍സിക്കു കരാര്‍ നല്‍കിയും 68 ജീവനക്കാരെ നിയമിക്കാന്‍ മേയര്‍ നല്‍കിയ മുന്‍കൂര്‍ അനുമതിക്ക് സാധൂകരണം നല്‍കിയതായാണ് ഏപ്രില്‍ 27ലെ കൗണ്‍സില്‍ യോഗത്തിന്റെ മിനുട്‌സില്‍ എഴുതിചേര്‍ത്തത്. ജനകീയാസൂത്രണം സംബന്ധിച്ച് ഏക അജണ്ടയുമായി വിളിച്ചുകൂട്ടിയ യോഗത്തിന്റെ മിനുട്‌സിലാണ് തീരുമാനം എഴുതി ചേര്‍ത്തത്. 2016 ഏപ്രില്‍ മുതല്‍ നടത്തിയ നിയമനത്തിന് മാര്‍ച്ചിലാണ് മേയര്‍ മുന്‍കൂര്‍ അനുമതി നല്‍കിയത്. ഒന്നേകാല്‍ വര്‍ഷമായി കൗണ്‍സില്‍ അനുമതിയില്ലാതെ ജോലിയില്‍ തുടരുന്ന ജീവനക്കാര്‍ ഒരു കോടി ചിലവധികം രൂപ ശമ്പളത്തില്‍തന്നെ കൈപ്പറ്റി കഴിഞ്ഞു. മുന്‍കൂര്‍ അനുമതിക്ക് കൗണ്‍സില്‍ അംഗീകാരമില്ലെങ്കില്‍ സാമ്പത്തിക ബാധ്യത പൂര്‍ണമായും നിയമനം നടത്തിയ മേയറുടെ തലയിലാകും. കഴിഞ്ഞ ജനുവരിയില്‍ മുന്‍കൂര്‍ അനുമതി സാധൂകരണം കൗണ്‍സിലിന്റെ അജണ്ടയില്‍വെച്ചിരുന്നുവെങ്കിലും കോണ്‍ഗ്രസും ബിജെപിയും എതിര്‍ത്തതിനാല്‍ അംഗീകാരം ലഭിച്ചില്ല.
Next Story

RELATED STORIES

Share it