wayanad local

കള്ളുഷാപ്പ് അടച്ചുപൂട്ടി

കല്‍പ്പറ്റ: മദ്യലഹരിയിലായിരുന്ന ആദിവാസി മധ്യവയസ്‌കന്‍ മരിച്ചതുമായി ബന്ധപ്പെട്ട് കള്ളുഷാപ്പിനെതിരേ പ്രതിഷേധം ശക്തമായി. വിഷമദ്യം കഴിച്ചതാണ് മരണകാരണമെന്ന ആക്ഷേപവുമായി നാട്ടുകാര്‍ രംഗത്തെത്തി. അതിനിടെ, തുടര്‍ച്ചയായ മദ്യപാനത്തെ തുടര്‍ന്നുണ്ടായ നിര്‍ജലീകരണമാണ് മരണകാരണമെന്നും സൂചനയുണ്ട്. കോട്ടത്തറ കള്ളുഷാപ്പിനെതിരേയാണ് ജനരോഷം. പ്രതിഷേധത്തെ തുടര്‍ന്ന് എക്‌സൈസ് അധികൃതര്‍ ഷാപ്പ് താല്‍ക്കാലികമായി അടച്ചുപൂട്ടി. ചികില്‍സയിലായിരുന്നവരില്‍ ഒരാളൊഴികെയുള്ളവര്‍ ആശുപത്രി വിട്ടു.
വെങ്ങപ്പള്ളി തെക്കുംതറ മരമൂല കോളനി ഗോപി (53) ആണ് മരിച്ചത്. കള്ളുഷാപ്പില്‍ നിന്നു വീട്ടിലേക്കു പോവുന്ന വഴിയില്‍ കുഴഞ്ഞുവീഴുകയും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിക്കുകയുമായിരുന്നു. വ്യാജ കള്ള് കഴിച്ചുവെന്നു സംശയിക്കുന്ന തരത്തിലാണ് അവശനിലയിലായ ഗോപിയെ കഴിഞ്ഞ ദിവസം വൈകീട്ട് പാതയോരത്ത് കണ്ടെത്തിയത്.
തുടര്‍ന്ന് വാര്‍ഡ് മെംബര്‍ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗോപി മദ്യപിച്ച ഷാപ്പില്‍ നിന്നു കള്ള് കുടിച്ച നാലുപേര്‍ കൂടി രാത്രി അവശരാവുകയും അവരെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
കാലാര്‍ കോളനിക്ക് സമീപം താമസിക്കുന്ന വര്‍ഗീസ്, മനോജ്, വിനു, വാസു എന്നിവരാണ് ചികില്‍സ തേടിയത്. ഇതില്‍ വര്‍ഗീസ് ഒഴികെയുള്ളവര്‍ ആശുപത്രി വിട്ടു. എന്നാല്‍, തങ്ങള്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യമാണ് കുടിച്ചതെന്നും കള്ള് കുടിച്ചിട്ടില്ലെന്നും ഇവര്‍ പോലിസിന് മൊഴി നല്‍കിയതായാണ് സൂചന.
കോട്ടാന്തറ മണിയന്‍കോട് കോളനിമുക്ക് കള്ളുഷാപ്പില്‍ നിന്നു നാലുപേരും മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നുണ്ട്. രാത്രിതന്നെ സ്ഥലത്തെത്തിയ എക്‌സൈസ് സംഘം ഷാപ്പില്‍ നിന്നു കള്ളിന്റെ സാംപിള്‍ ശേഖരിച്ചു. ഗോപിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
നിര്‍ജലീകരണവും ഹൃദയാഘാതവുമായിരിക്കാം മരണകാരണമെന്നാണ് പ്രാഥമിക മൃതദേഹ പരിശോധനയ്ക്ക് ശേഷം പോലിസില്‍ നിന്നു ലഭിക്കുന്ന സൂചന. ശാന്തയാണ് ഗോപിയുടെ ഭാര്യ. സുനിത, അനിത, അനു, രാജന്‍ എന്നിവര്‍ മക്കളാണ്.
ഷാപ്പില്‍ വിതരണം ചെയ്യുന്നതു വ്യാജ കള്ളാണെന്നു നാട്ടുകാര്‍ ആരോപിച്ചു. പാലക്കാട് നിന്നു വരുന്ന കള്ളാണ് രാവിലെ മുതല്‍ രാത്രി വരെ തുടര്‍ച്ചയായി വില്‍ക്കുന്നതെന്നും പല തൊഴിലുടമകളും ആദിവാസികള്‍ക്ക് കൂലിക്ക് പകരം കള്ള് നല്‍കുകയാണെന്നും കോളനിയിലെ സ്ത്രീകള്‍ കുറ്റപ്പെടുത്തുന്നു.
വിശ്വനാഥന്‍ എന്നയാളുടെ പേരിലാണ് ഷാപ്പിന്റെ ലൈസന്‍സ്. സുകുമാരന്‍, കുമാരന്‍ എന്നിവരാണ് നടത്തിപ്പുകാര്‍. സംഭവവുമായി ബന്ധപ്പെട്ട് പോലിസും എക്‌സൈസും ഓരോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it