wayanad local

കള്ളുഷാപ്പിനെതിരേ പ്രതിഷേധം ; സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക്



മാനന്തവാടി: നാലാംമൈല്‍ റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന കള്ളുഷാപ്പ് പായോട് കണ്ഠകര്‍ണന്‍ റോഡിലെ ജനവാസകേന്ദ്രത്തിലേക്ക് മാറ്റുന്നതിനെതിരേ പ്രദേശവാസികളുടെ പ്രതിഷേധം. ഇന്നലെ രാവിലെ കള്ളുഷാപ്പ് തുറന്നപ്പോഴാണ് പ്രതിഷേധവുമായി നാട്ടുകാരെത്തിയത്. ഇതുമായി ബന്ധപ്പെട്ട് കള്ള് അളക്കുന്നവരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. പ്രദേശവാസികളായ ഏലിയാമ്മ കുരിശിങ്കല്‍ (60), എല്‍സമ്മ വട്ടക്കുന്നേല്‍ (48), വേലംപറമ്പില്‍ ജീജേഷ് (32), ആര്യാട്ടുകുടിയില്‍ ലെനിന്‍ ജേക്കബ് (27), കള്ള്് അളക്കുകയായിരുന്ന തലപ്പുഴ തെക്കേക്കര മനോജ് (36) എന്നിവരാണ് ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടിയത്. യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് കള്ളുഷാപ്പ് തുടങ്ങുന്നതെന്നു പ്രദേശവാസികള്‍ ആരോപിച്ചു. വയല്‍ മണ്ണിട്ടു നികത്തിയാണ് കള്ളുഷാപ്പ് തുടങ്ങുന്നതിനായി താല്‍ക്കാലിക കെട്ടിടം നിര്‍മിച്ചത്. പ്രദേശത്തെ പുഴയ്ക്കു സമീപത്താണ് കള്ളുഷാപ്പ് തുടങ്ങാന്‍ ശ്രമിക്കുന്നത്. ഇതു ഭാവിയില്‍ വലിയ ദുരന്തങ്ങള്‍ക്കും സ്‌കൂള്‍, കോളജ് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ വഴിതെറ്റുന്നതിനും കാരണമാവുമെന്നു പ്രദേശവാസികള്‍ പറഞ്ഞു. എന്നാല്‍, തങ്ങള്‍ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് കള്ളുഷാപ്പ് തുടങ്ങിയതെന്നു ഷാപ്പ് അധികൃതര്‍ വ്യക്തിമാക്കി. കെട്ടിടത്തിന് എടവക പഞ്ചായത്തില്‍ നിന്നു നമ്പര്‍ ലഭിച്ചിട്ടുണ്ട്. രാവിലെ കള്ള്് അളന്നുകൊണ്ടിയിരിക്കുകയായിരുന്ന തന്നെ യാതൊരു പ്രകോപനമില്ലാതെ പ്രദേശവാസികള്‍ മര്‍ദിക്കുകയായിരുന്നെന്ന് ചികില്‍സയില്‍ കഴിയുന്ന മനോജ് പറഞ്ഞു. എന്നാല്‍, തങ്ങള്‍ ആരെയും മര്‍ദിച്ചിട്ടില്ലെന്നും തങ്ങള്‍ക്കെതിരേ കള്ളക്കേസുണ്ടാക്കാന്‍ ശ്രമിക്കുകയാണുണ്ടായതെന്നും ജീജേഷ് പറഞ്ഞു. കള്ളുഷാപ്പ് തുടങ്ങുന്നതിനെതിരേ വരും ദിവസങ്ങളില്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് കള്ളുഷാപ്പ് സമരസമിതി ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.
Next Story

RELATED STORIES

Share it