palakkad local

കള്ളിയമ്പാറ മാലിന്യ പ്രശ്‌നം;ആദിവാസി കോളനിക്കാര്‍ക്ക് ആരോഗ്യകരമായ ജീവിതം ഉറപ്പാക്കും

പാലക്കാട്: മാലിന്യ പ്രശ്‌നത്തില്‍ വീര്‍പ്പുമുട്ടുന്ന മുതലമട ഗ്രാമപ്പഞ്ചായത്തിലെ കള്ളിയമ്പാറ ആദിവാസി കോളനിയിലെ താമസക്കാര്‍ക്ക് പൂര്‍ണ്ണമായ സുരക്ഷിതത്വവും ആരോഗ്യകരമായ ജീവിതവും ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി. കോളനിയിലെ മാലിന്യം നീക്കം ചെയ്യുന്നത് സംബന്ധിച്ച് കളക്ടറേറ്റില്‍ നടന്ന ബന്ധപ്പെട്ട ഉദേ്യാഗസ്ഥരുടെ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാകലക്ടര്‍. സ്ഥലത്തെ മാലിന്യങ്ങളുടെ സാമ്പിളുകള്‍ എടുത്ത് വിവിധ വകുപ്പുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട് ഇതിന്റെ ഫലം കിട്ടുന്ന മുറയ്ക്ക് കൂടുതല്‍ നടപടികള്‍ ഉണ്ടാവും.
കോളനിവാസികള്‍ക്ക് ജീവിക്കാനുള്ള അവകാശം സ്ഥാപിച്ചു കൊടുക്കുവാന്‍ ജില്ലാ ഭരണ കൂടം പ്രതിജ്ഞാബദ്ധമാണെന്നും ജില്ലാകലക്ടര്‍ പറഞ്ഞു. മാലിന്യം നിക്ഷേപിക്കുന്നതിന് സൗകര്യം ചെയ്ത സ്ഥലമുടമയ്‌ക്കെതിരെ പട്ടികവര്‍ഗക്കാര്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ വകുപ്പില്‍പ്പെടുത്തി കേസ് എടുത്തതായി യോഗത്തില്‍ പങ്കെടുത്ത പോലിസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. നിക്ഷേപിച്ചത് മാലിന്യമാണെന്ന് ഉറപ്പാകുന്ന ലാബ് റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് നടപടി എടുക്കാന്‍ കഴിയുമെന്നും അദ്ദേഹം മറുപടി നല്‍കി. സ്ഥലുമടമയെ വിളിച്ചു വരുത്തി വിശദീകരണം തേടിയതായി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ജില്ലാ കലക്ടറെ അറിയിച്ചു. എന്നാല്‍ ഉടമ ഹാജരാവുന്നതിന് പകരം അഡ്വേക്കേറ്റ് ഹാജരാകുകയാണ് ചെയ്തത്. സ്ഥലത്തെ മാലിന്യം നീക്കിയില്ലെങ്കില്‍ റവന്യൂ റിക്കവറി നടപടികള്‍ ഉണ്ടാകുമെന്ന് അറിയിച്ചതായി സെക്രട്ടറി പറഞ്ഞു. ആരോഗ്യവകുപ്പ് മേഖലയില്‍ ജനുവരി 22ന് നടത്തിയ മെഡിക്കല്‍ ക്യാംപില്‍ 103 പേര്‍ പങ്കെടുത്തതായി ഡിഎംഒ പറഞ്ഞു. തുടര്‍ ക്യാംപ് ഫെബ്രുവരി 6ന് കോളനി കേന്ദ്രീകരിച്ച് നടക്കും. പ്രദേശത്തെ കുടിവെള്ള സാംപിളുകളും ശേഖരിച്ച് കോഴിക്കോട് ലാബിലേക്ക് അയച്ചിട്ടുണ്ട്.
കൃഷി വകുപ്പ് പ്രദേശത്തെ മാലിന്യസാംപിള്‍ ശേഖരിച്ച് ബാംഗഌര്‍ റീജിയണല്‍ സെന്റര്‍ ഫോര്‍ ഓര്‍ഗാനിക് ഫെര്‍ട്ടിലൈസര്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് എറണാക്കുളത്തു നിന്ന് പരിശോധനാ ഫലം കാത്തിരിക്കുകയാണ്. ഒരാഴ്ചക്കകം ഇതിന്റെ മറുപടി പ്രതീക്ഷിക്കുന്നു. ലാബുകളിലെ പരിശോധനാ ഫലം വരുന്ന മുറയ്ക്ക് മാത്രമേ മാലിന്യ പ്രശ്‌നത്തെ നിയമപരമായി നേരിടാന്‍ കഴിയൂ. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും നടപടികള്‍ ശക്തമാക്കുന്നതിനുമായി ഫെബ്രുവരി 8ന് വീണ്ടും ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേരുമെന്നും കളക്ടര്‍ അറിയിച്ചു. യോഗത്തില്‍ ആര്‍ ഡി ഒ. കെ ശെല്‍വരാജ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി എസ് മജീദ് , ഡിവൈഎസ്പിസി കെ രാമചന്ദ്രന്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ ബേബി സുധ, തഹസില്‍ദാര്‍ ആര്‍ പി സുരേഷ് പങ്കെടുത്തു.
Next Story

RELATED STORIES

Share it