kasaragod local

കള്ളവോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്തിട്ടില്ല; വിശദീകരണവുമായി കെ സുധാകരന്‍

ഉദുമ: കള്ളവോട്ട് ചെയ്യാനുള്ള ആഹ്വാനം ഞാന്‍ എവിടെയും നടത്തിയിട്ടില്ലെന്ന് ഉദുമ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍ പറഞ്ഞു. തന്റെ പ്രസംഗം വിവാദമാക്കിയത് രാഷ്ട്രീയ പ്രേരിതമാണെന്നും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ഉദുമയില്‍ യുഡിഎഫ് എല്ലാ തിരഞ്ഞെടുപ്പിലും അഭിമുഖീകരിക്കുന്ന കുറഞ്ഞ വോട്ടിങ്ങ് ശതമാനം വര്‍ദ്ധിപ്പിക്കണമെന്നാണ് ഞാന്‍ ആവശ്യപ്പെട്ടത്. മുസ്‌ലിം ലീഗും കോണ്‍ഗ്രസും മാത്രമുള്ള പ്രദേശങ്ങളില്‍ 64 മുതല്‍ 75 വരെ ശതമാനം വരെ കുറഞ്ഞ പോളിങ്ങ് നടക്കുമ്പോള്‍ എല്‍ഡിഎഫിന് കായികബലമുള്ള മേഖലകളില്‍ മരിച്ചവരുടെയും സ്ഥലത്തിലില്ലാത്തവരുടെയും പേരില്‍ കള്ളവോട്ടുകള്‍ ചെയ്ത് 95 ശതമാനം വരെ വോട്ടിങ്ങ് നടക്കാറുണ്ട്. ഈ അന്തരം ചൂണ്ടിക്കാട്ടി നമ്മുടെ പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ കൊണ്ടുവന്ന് വോട്ട് ചെയ്ത് നമ്മുടെ മേഖലകളില്‍ വോട്ടിങ് ശതമാനം 90 ശതമാനമാക്കി ഉയര്‍ത്തണം എന്ന് മാത്രമാണ് ആവശ്യപ്പെട്ടത്. യുഡിഎഫിന്റെ യഥാര്‍ത്ഥ വോട്ടര്‍മാര്‍ വന്നില്ലെങ്കില്‍ നിങ്ങള്‍ വോട്ട് ചെയ്യണം എന്ന് ഞാന്‍ പറഞ്ഞിട്ടില്ല.
അങ്ങനെ പറഞ്ഞാല്‍ അത് കള്ളവോട്ട് ആഹ്വാനമാണ്. ജീവിച്ചിരിക്കുന്ന എല്ലാ യുഡിഎഫ് പ്രവര്‍ത്തകരും വന്ന് വോട്ട് ചെയ്ത് ശതമാനം ഉയര്‍ത്തണം എന്നാണ്. 24 വര്‍ഷമായി കള്ളവോട്ടിനെതിരെ നിയമപോരാട്ടം നടത്തുന്ന ഒരാളാണ് ഞാന്‍. കള്ളവോട്ട് ഇല്ലാതാക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍, ജുഡീഷ്യറി, സര്‍ക്കാര്‍ എന്നീ ജനാധിപത്യ സംവിധാനങ്ങളെ നിരവധി തവണ ഞാന്‍ സമീപിച്ചിട്ടുണ്ട്.
ഈ തിരഞ്ഞെടുപ്പിലും ഉദുമ മണ്ഡലത്തില്‍ കള്ളവോട്ടുകള്‍ തടയാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഇലക്ഷന്‍ കമ്മീഷന് നിര്‍ദ്ദേശം കൊടുക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍ കിടക്കുകയാണ്. കള്ളവോട്ട് ഇല്ലാതാക്കാന്‍ ഇതൊക്കെ ചെയ്യുന്ന ഒരു വ്യക്തി കള്ളവോട്ടിന് ആഹ്വാനം ചെയ്തു എന്ന് പറയുന്നത് ബാലിശവും പരിഹാസ്യവുമാണ്.
ഈ വാര്‍ത്ത ആദ്യം ഉദുമയിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി കുഞ്ഞിരാമന്റെ ഇലക്ഷന്‍ പ്രചരണാര്‍ത്ഥമുള്ള എല്‍ഡിഎഫ് ഉദുമ എന്ന ഫെയ്‌സ്ബുക്ക് പേജിലാണ്. യുഡിഎഫിന്റെ കുടുംബസംഗമങ്ങളില്‍ ആളെ കടത്തിവിട്ട് സ്വകാര്യ സംഭാഷണങ്ങള്‍ ചോര്‍ത്തിയെടുത്ത് രാഷ്ട്രീയമുതലെടുപ്പ് നടത്തുന്നത് രാഷ്ട്രീയ മാന്യതയ്ക്കും രാഷ്ട്രീയ ധാര്‍മ്മികതയ്ക്കും നിരക്കാത്തതാണെന്നും സുധാകരന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it