Kerala

കള്ളവോട്ടിന് അറസ്റ്റ്; തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ വഴിത്തിരിവാകും

ബഷീര്‍ പാമ്പുരുത്തി

കണ്ണൂര്‍: എല്ലാ തിരഞ്ഞെടുപ്പു കാലത്തും കണ്ണൂരില്‍ നിന്ന് ഉയര്‍ന്നുവരുന്നതാണ് കള്ളവോട്ട് ആരോപണങ്ങള്‍. പഴുതടച്ച നിരീക്ഷണ സംവിധാനങ്ങളും കേന്ദ്രസേന ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനവും ഒരുക്കിയിട്ടും പതിവുപോലെ ഇരുമുന്നണികളും കള്ളവോട്ട് ആരോപണങ്ങളില്‍ നിന്ന് ഇക്കാലമത്രയും പിന്തിരിഞ്ഞിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് തടയുന്നതില്‍ വീഴ്ച വരുത്തുകയോ സഹായം ചെയ്യുകയോ ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരേ ജനപ്രാതിനിധ്യ നിയപ്രകാരം പോലിസ് കേസെടുക്കുകയും 11 പോളിങ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുകയും ചെയ്തത് വരും തിരഞ്ഞെടുപ്പുകളില്‍ വഴിത്തിരിവാകുമെന്നാണു വിലയിരുത്തല്‍.
സംസ്ഥാനത്തു തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നതെന്നതും ശ്രദ്ധേയമാണ്. ഉദ്യോഗസ്ഥര്‍ക്കെതിരായ അറസ്റ്റ് നടപടികളോടെ പോലിസിന്റെ ഇടപെടല്‍ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണു സൂചന. ഉദ്യോഗസ്ഥര്‍ക്കുള്ള താക്കീതായതിനാല്‍ വരും തിരഞ്ഞെടുപ്പുകളില്‍ സൂക്ഷ്മത പാലിക്കുന്നതോടൊപ്പം വോട്ടര്‍മാ ര്‍ക്കു ആത്മവിശ്വാസം നല്‍കുകയും ചെയ്യും. കുറ്റം തെളിയിക്കപ്പെട്ടാല്‍ ഒരു വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തില്‍ പോളിങ് ഉദ്യോഗസ്ഥരെയാണ് അറസ്റ്റ് ചെയ്തതെങ്കിലും തുടര്‍നടപടികളുടെ ഭാഗമായി കള്ളവോട്ട് ചെയ്ത രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യും.
കണ്ണൂരിലെ കള്ളവോട്ടില്‍ കോടതി നിര്‍ദേശ പ്രകാരം 53 പേര്‍ക്കെതിരേ കേസെടുത്തതില്‍ തളിപ്പറമ്പ് മണ്ഡലത്തിലെ എരുവേശ്ശി പഞ്ചായത്തിലെ 26 സിപിഎം പ്രവര്‍ത്തകരും 20 യുഡിഎഫ് പ്രവര്‍ത്തകരും തളിപ്പറമ്പ് ബിഇഎംഎല്‍പി സ്‌കൂളില്‍ കള്ളവോട്ട് ചെയ്ത 6 മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണ് പ്രതിക്കൂട്ടില്‍. സാധാരണയായി പോലിസിന് ലഭിക്കാന്‍ സാധ്യത കുറഞ്ഞ, തിരഞ്ഞെടുപ്പ് ദിവസത്തെ മാര്‍ക്ക് ചെയ്ത വോട്ടര്‍ ലിസ്റ്റ്, വോട്ടമാര്‍ ഒപ്പ് രേഖപ്പെടുത്തിയ രജിസ്റ്റര്‍ തുടങ്ങിയവ കോടതി നിര്‍ദേശ പ്രകാരം സബ്ട്രഷറിയില്‍ നിന്ന് പിരിച്ചെടുത്ത് പരിശോധിച്ചതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ദിവസം വിദേശത്തുള്ളവരുടെയും ആശുപത്രിയില്‍ കഴിഞ്ഞവരുടെയും വോട്ടുകളാണ് വ്യാജമായി രേഖപ്പെടുത്തിയത്. ഇതില്‍ വിദേശത്തുള്ളവരുടെ രേഖകള്‍ പോലിസ് സംഘടിപ്പിക്കുകയും കിടപ്പുരോഗികളുടെ വീട്ടിലെത്തി മൊഴിയെടുക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി. മംഗലാപുരം, കരിപ്പൂര്‍, നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ കൂടുതല്‍ രേഖകള്‍ക്കായി പോലിസ് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതുകൂടി ലഭിച്ചാല്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാവുമെന്നാണു സൂചന. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കള്ളവോട്ടിനെതിരേ കണ്ണൂര്‍ഡിസിസി നിയമനടപിയുമായി ആദ്യട്ടഘട്ടത്തില്‍ മുന്നോട്ടുപോയിരുന്നു. എന്നാല്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ നളിനി നെറ്റോ ഇത് തിരസ്‌കരിക്കുകയും തെളിവുകള്‍ ശേഖരിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തതോടെ നിയമപോരാട്ടം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ 173 ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സംവിധാനമൊരുക്കിയാണ് വോട്ടെടുപ്പ് നടത്തിയത്. അതാത് പാര്‍ട്ടികള്‍ക്ക് സ്വാധീനമുള്ള സ്ഥലങ്ങളിലെല്ലാം സിപിഎം, കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നാണു കണക്കൂകൂട്ടല്‍. പോലിസിന്റെ അറസ്റ്റ് നടപടികളോടെ കള്ളവോട്ട് ചെയ്യുന്നവരും കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരും ആശങ്കയിലാവും.
Next Story

RELATED STORIES

Share it