kasaragod local

കള്ളവോട്ടിനെതിരേ പ്രതികരിച്ചു; വനിത കോണ്‍ഗ്രസ് നേതാവിന് ബിജെപി പ്രവര്‍ത്തകരുടെ തെറിയഭിഷേകം

മധൂര്‍: കള്ളവോട്ടിനെതിരേ പ്രതികരിച്ച വനിത കോണ്‍ഗ്രസ് നേതാവിന് ബിജെപി പ്രവര്‍ത്തകരുടെ വക തെറിയഭിഷേകവും ഭീഷണിയും. കൂടാതെ കാറിന്റെ ടയര്‍ കുത്തിക്കീറുകയും ബ്ലേഡ് കൊണ്ട് വരഞ്ഞ് പെയിന്റ് നശിപ്പിക്കുകയും ചെയ്തു. കോണ്‍ഗ്രസ് കാസര്‍കോട് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജമീല അഹമ്മദാണ് അക്രമത്തിനിരയായത്. മധൂര്‍ പഞ്ചായത്തിലെ കുഡ്‌ലു ശ്രീഗോപാലകൃഷ്ണ ഹൈസ്‌കൂളിലാണ് സംഭവം. ബിജെപിയുടെ ഉരുക്കുകോട്ടയെന്നറിയപ്പെടുന്ന ഈ പ്രദേശത്ത് കോണ്‍ഗ്രസിനോ മറ്റു പാര്‍ട്ടികള്‍ക്കോ നാമമാത്രമായ സ്വാധീനം മാത്രമാണുള്ളത്.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഈ ബൂത്തിലെ കള്ളവോട്ടിനെതിരെ പ്രതികരിച്ചതിനെത്തുടര്‍ന്ന് ജമീല ബിജെപി പ്രവര്‍ത്തകരുടെ കണ്ണിലെ കരടായിരുന്നു. ഞായറാഴ്ച രാത്രി 7.15ന് ഏജന്റ് പാസ് വാങ്ങാന്‍ കുഡ്‌ലു സ്‌കൂളിലെത്തിയ ജമീലയ്ക്കു നേരെ സ്ഥലത്തുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ അസഭ്യവര്‍ഷം നടത്തി. മടങ്ങിപ്പോയ ജമീല പോലിസ് സംരക്ഷണത്തോടെയെത്തി പാസ് വാങ്ങുകയായിരുന്നു. മടങ്ങിവരുന്നതിനിടെ സ്ഥലത്ത് തടിച്ചുകൂടിയ നൂറില്‍പരം ബിജെപി പ്രവര്‍ത്തകര്‍ ജമീലയ്ക്ക് നേരെ തെറിയഭിഷേകം നടത്തുകയും വോട്ടെടുപ്പ് ദിവസം ഇവിടെയെത്തിയാല്‍ കൊന്നുകളയുമെന്നും ഭീഷണി മുഴക്കുകയും ചെയ്തു. പോലിസ് ഇടപെട്ടാണ് ഇവരെ രക്ഷപെടുത്തിയത്.
ഭീഷണി വകവെയ്ക്കാതെ ഇന്നലെ രാവിലെയെത്തിയ ജമീലയ്‌ക്കെതിരെ പോലിസിന്റെയും ജനങ്ങളുടെയും മുന്നില്‍വെച്ച് അറപ്പുളവാക്കുന്ന അസഭ്യപ്രയോഗങ്ങളാണ് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയത്. ഇതുകൊണ്ടും ജമീല പിന്മാറിയില്ല. തുടര്‍ന്നാണ് അവരുടെ കാറിന്റെ ടയര്‍ കുത്തിക്കീറുകയും ഒരു ഭാഗത്തെ പെയിന്റിങ് ബ്ലേഡ് കൊണ്ട് വരഞ്ഞു നശിപ്പിക്കുകയും ചെയ്തത്. സംഭവത്തെത്തുടര്‍ന്ന് ജമീലയുടെ പരാതിയില്‍ ആറു പേര്‍ക്കെതിരെ കേസെടുത്തു. ജില്ലാ കലക്ടര്‍ക്കും റിട്ടേണിങ് ഓഫിസര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it