'കള്ളപ്രചാരണത്തില്‍ കോടിയേരിയും സുധീരനും മല്‍സരിക്കുന്നു'

കൊച്ചി: സിപിഎമ്മും കോണ്‍ഗ്രസ്സും ഒത്തുകളി രാഷ്ട്രീയം അവസാനിപ്പിച്ച് ആദര്‍ശ രാഷ്ട്രീയവുമായി ജനങ്ങളുടെ മുന്നിലെത്തി വോട്ടുതേടണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍. എറണാകുളം പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ കുറെ ദിവസങ്ങളായി എല്‍ഡിഎഫും യുഡിഎഫും കള്ളപ്രചാരണം നടത്തുകയാണ്. ഇത്തരം കള്ളപ്രചാരണങ്ങള്‍ നടത്തുന്നതില്‍ സിപിഎം ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കെപിസിസി പ്രസിഡന്റ് വി എം സുധീരനും തമ്മില്‍ മല്‍സരിക്കുകയാണെന്നും എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പോലിസ് സംവിധാനത്തെ ഉപയോഗിച്ച് എന്‍ഡിഎക്കു ജയസാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തി അവിടെ സിപിഎമ്മുമായി കൈകോര്‍ക്കുകയാണ് കോണ്‍ഗ്രസ്. മുമ്പു നേമത്തു സംഭവിച്ചത് പോലെയുള്ള ഒത്തുകളിക്കാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. എന്നാല്‍, തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയായി മാറുമെന്നും തങ്ങള്‍ തീരുമാനിക്കുന്നവരാവും മന്ത്രിസഭയില്‍ എത്തുന്നതെന്നും എ എന്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. ബിജെപിക്ക് 30,000ലേറെ വോട്ട് നേടാന്‍ സാധിക്കുന്ന നാല്‍പതോളം മണ്ഡലങ്ങള്‍ കേരളത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്സും സിപിഎമ്മും ഒഴികെ ആരുമായും കൈകോര്‍ക്കും.
ഭരിക്കാന്‍ ചുമതല ലഭിച്ചവര്‍ തിരഞ്ഞെടുപ്പ് പ്രചാരണവുമായി നടക്കുകയാണ്. രാജിവച്ചു പുറത്തുവന്ന ശേഷമാണു തിരഞ്ഞെടുപ്പ് പ്രചാരണം നടത്തേണ്ടത്. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പട്ടികജാതിക്കാരോട് കാട്ടുനീതിയാണ് കാട്ടുന്നത്. സംഘടിതമായ മറ്റൊരു വോട്ടുബാങ്ക് കൈയിലുള്ളതുകൊണ്ടാണ് പിന്നാക്ക വിഭാഗങ്ങളോടു മോശം സമീപനം കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it