കള്ളപ്പണം വെളുപ്പിച്ച കേസ്: ഛഗന്‍ ഭുജ്ബലിന് ജാമ്യം

മുംബൈ: കള്ളപ്പണം വെളുപ്പിച്ച കേസില്‍ എന്‍സിപിയുടെ മുതിര്‍ന്ന നേതാവും മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രിയുമായ ഛഗന്‍ ഭുജ്ബലിന് മുംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചു. അഞ്ച് ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ട് കെട്ടിവയ്ക്കാന്‍ ജസ്റ്റിസ് പി എന്‍ ദേശ്മുഖ് ഭുജ്ബലിന് നിര്‍ദേശം നല്‍കി. 2016 മാര്‍ച്ചിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യാന്‍ വിളിക്കുമ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മുമ്പില്‍ എത്തണമെന്നതടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ആരോഗ്യപരമായ കാരണങ്ങളാല്‍ തനിക്ക് ജാമ്യം അനുവദിക്കണമെന്നഭ്യര്‍ഥിച്ച് ജനുവരിയില്‍ ഭുജ്ബല്‍ കോടതിയില്‍ ഹരജി നല്‍കിയിരുന്നു.
ഭുജ്ബല്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന സമയത്ത് അദ്ദേഹവും കൂട്ടാളികളും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നും അതുവഴി സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടമുണ്ടായെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു.  മന്ത്രിയായിരുന്ന സമയത്ത് ഡല്‍ഹിയിലെ മഹാരാഷ്ട്ര സദന്‍ അടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ കരാറുകള്‍ ഒരു പ്രത്യേക കമ്പനിക്ക് നല്‍കിയെന്നും പകരം അദ്ദേഹവും കുടുംബവും കോഴ സ്വീകരിച്ചുവെന്നുമാണ് കേസ്.
ഭുജ്ബലും മരുമകനായ സമീര്‍ ഭുജ്ബലും സ്വന്തം ഉടമസ്ഥതയിലുള്ള അനധികൃത കമ്പനികള്‍ വഴി കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ആരോപിക്കുന്നത്. സമീര്‍ സമര്‍പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ജൂണിലേക്ക് മാറ്റി.
Next Story

RELATED STORIES

Share it