കള്ളപ്പണം: രേഖകള്‍ പുറത്ത്; അഞ്ഞൂറിലേറെ ഇന്ത്യക്കാര്‍ക്ക് വിദേശരാജ്യങ്ങളില്‍ രഹസ്യ കമ്പനികള്‍

മുഹമ്മദ് സാബിത്

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കുന്നതിന് സഹായിക്കുന്ന കമ്പനിയായ മൊസാക് ഫൊന്‍സെകയുടെ നിര്‍ണായക രേഖകള്‍ ചോര്‍ന്നു. രേഖകളില്‍ നിരവധി ഇന്ത്യന്‍ പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകളും ഉണ്ട്.
ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, വ്യവസായികളായ സമീര്‍ ഗെഹ്‌ലോട്ട്, കെ പി സിങ് തുടങ്ങി, ലോക്‌സത്ത പാര്‍ട്ടി ഡല്‍ഹി ഘടകം മുന്‍ അധ്യക്ഷന്‍ അനുരാഗ് കെജ്‌രിവാള്‍ തുടങ്ങി അഞ്ഞൂറോളം ഇന്ത്യക്കാര്‍ക്ക് നികുതി ഇളവുകളുള്ള വിദേശരാജ്യങ്ങളില്‍ കമ്പനികളോ ട്രസ്റ്റുകളോ ഉള്ളതായി റിപോര്‍ട്ട് പറയുന്നു. 72 രാഷ്ട്രത്തലവന്മാരുടെ പേരുകളും പട്ടികയിലുണ്ട്.
ലാറ്റിനമേരിക്കന്‍ രാജ്യമായ പാനമ കേന്ദ്രീകരിച്ച് 1977 മുതല്‍ പ്രവര്‍ത്തിക്കുന്ന മൊസാക് ഫൊന്‍സെകയുടെ 38 വര്‍ഷത്തെ 11 മില്യണ്‍ രേഖകളാണു പുറത്തായത്. കഴിഞ്ഞ വര്‍ഷം ഒരു ജര്‍മന്‍ പത്രത്തിനാണ് കമ്പനിയുടെ നിര്‍ണായക രേഖകള്‍ ചോര്‍ന്നുകിട്ടിയത്. ഇതു പിന്നീട് വാഷിങ്ടണ്‍ ആസ്ഥാനമായ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരുടെ ആഗോള സംഘടനയ്ക്കു കൈമാറി.
തുടര്‍ന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് ഉള്‍പ്പെടെ വിവിധ മാധ്യമസ്ഥാപനങ്ങളുമായി സഹകരിച്ചു നടത്തിയ പ്രവര്‍ത്തനഫലമായാണ് ഈ രേഖകള്‍ കഴിഞ്ഞ ദിവസം ലോകവ്യാപകമായി പ്രസിദ്ധീകരിച്ചത്. രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ച് നിരവധി വിദേശ കമ്പനികളിലും ട്രസ്റ്റുകളിലും ഡയറക്ടര്‍മാരോ ഓഹരി ഉടമകളോ ആണ് പട്ടികയിലുള്ള ഇന്ത്യക്കാര്‍. ഇവര്‍ തങ്ങളുടെ വിദേശ ഇടപാടുകള്‍ നടത്തിയതും മൊസാക് ഫൊന്‍സെക മുഖേന തന്നെ. നിയമ, കോര്‍പറേറ്റ് മേഖലകളില്‍ സേവനം ലഭ്യമാക്കുന്ന കമ്പനിക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓഫിസുകളുണ്ട്.
അതിസമ്പന്നര്‍ക്ക് നികുതിരഹിതമായി തങ്ങളുടെ സമ്പത്ത് കേന്ദ്രീകരിക്കാനും വാണിജ്യ-വ്യവസായങ്ങളില്‍ ഏര്‍പ്പെടാനും കമ്പനി സഹായങ്ങള്‍ ചെയ്യാറുണ്ട്. വടക്കന്‍ അമേരിക്കയിലെ ദ്വീപ് രാജ്യങ്ങളായ ബ്രിട്ടിഷ് വിര്‍ജിന്‍ ഐലന്‍ഡ്, ബഹമാസ് എന്നിവിടങ്ങളില്‍ 1993ല്‍ സ്ഥാപിതമായ നാലു കപ്പല്‍ഗതാഗത കമ്പനികളുടെ ഡയറക്ടര്‍ ആയിരുന്നു അമിതാഭ് ബച്ചന്‍. 5,000 മുതല്‍ 50,000 ഡോളര്‍ വരെ മുതല്‍മുടക്കില്‍ തുടങ്ങിയ ഇവ ഓരോന്നും വന്‍തുക വരുമാനം ഉണ്ടാക്കിയിരുന്നതായി റിപോര്‍ട്ട് പറയുന്നു.
മാതാപിതാക്കള്‍, സഹോദരന്‍ ആദിത്യ റായ് എന്നിവര്‍ക്കൊപ്പമാണ് ഐശ്വര്യ റായിയുടെ പേര് 2005ല്‍ ബ്രിട്ടിഷ് വിര്‍ജിന്‍ ഐലന്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കമ്പനിയുടെ ഡയറക്ടര്‍മാരുടെ പട്ടികയിലുള്ളത്. അമിക് പാര്‍ട്‌ണേഴ്‌സ് ലിമിറ്റഡ് എന്ന പേരിലുള്ള കമ്പനി 2008ല്‍ ഇല്ലാതായി. അതിനു മുമ്പ് ഡയറക്ടറെന്ന നിലയില്‍നിന്ന് ഐശ്വര്യ ഓഹരിയുടമയുടെ പദവിയിലെത്തി.
റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ ഡിഎല്‍എഫിന്റെ മേധാവി കെ പി സിങ്, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെ മൂത്ത സഹോദരന്‍ വിനോദ് അദാനി, ദാവൂദ് ഇബ്രാഹിമിന്റെ സഹായി ഇഖ്ബാല്‍ മിര്‍ച്ചി എന്നിവരും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യയിലെ ക്രിക്കറ്റ് വ്യവസായവുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖകളിലുണ്ട്. പ്രമുഖ വ്യവസായികളും രാഷ്ട്രീയക്കാരും കലാകാരന്മാരും കുറ്റവാളികളും ഉള്‍പ്പെടെയുള്ള തങ്ങളുടെ ആഗോള ഉപഭോക്താക്കള്‍ക്ക് അവരുടെ പേരുവിവരങ്ങള്‍ രഹസ്യമാക്കി ഇടപാടുകള്‍ നടത്താനും മൊസാക് ഫൊന്‍സെക അവസരമൊരുക്കിയിരുന്നതായി റിപോര്‍ട്ടുകള്‍ പറയുന്നു.
ജര്‍മന്‍ അഭിഭാഷകനായ മൊസാക്കും പാനമന്‍ അഭിഭാഷകനും എഴുത്തുകാരനുമായ റമോണ്‍ ഫൊന്‍സെക മോറയുമാണ് കമ്പനിയുടെ സ്ഥാപകര്‍. നിലവിലെ പാനമന്‍ പ്രസിഡന്റിന്റെ മാതൃസംഘടനയായ പാനമനിസ്ത പാര്‍ട്ടിയുടെ അധ്യക്ഷന്‍കൂടിയായിരുന്നു ഒരുമാസം മുമ്പുവരെ ഫൊന്‍സെക. അഴിമതി ആരോപണത്തെ തുടര്‍ന്ന് ഒരുമാസം മുമ്പ് ഫൊന്‍സെകയെ പദവികളില്‍നിന്ന് നീക്കിയിരുന്നു.
Next Story

RELATED STORIES

Share it