കള്ളപ്പണം; പാനമ രേഖകളിലെ പേരുകള്‍ പുറത്തുവിടണം: എസ്പി

ന്യൂഡല്‍ഹി: വിദേശങ്ങളില്‍ കള്ളപ്പണം നിക്ഷേപിച്ച, പാനമ രേഖകളില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാരുടെ പേരുകള്‍ പുറത്തുവിടണമെന്നു സമാജ്‌വാദി പാര്‍ട്ടി എംപി നരേഷ് അഗര്‍വാള്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടു.
പാനമയിലെ നിയമകാര്യസ്ഥാപനമായ മൊസാക് ഫോണ്‍സെകയുടെ കള്ളപ്പണക്കാരുടെ പേരുകളുള്ള ഫയലുകളാണ് ചോര്‍ന്നത്. കള്ളപ്പണക്കാരായ ഇന്ത്യക്കാരുടെ പേരുകളില്‍ സര്‍ക്കാര്‍ മനപ്പൂര്‍വം അടയിരിക്കുകയാണെന്ന് അഗര്‍വാള്‍ ആരോപിച്ചു. കാര്യപരിപാടി നിര്‍ത്തിവച്ചു സഭ വിഷയം ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാനമ -ഇന്ത്യ നികുതി കരാര്‍ പ്രകാരം രാജ്യത്ത് ആസ്ഥാനമുള്ള കമ്പനികള്‍ മാത്രമേ നികുതി അടയ്‌ക്കേണ്ടതുള്ളൂ. അതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള കള്ളപ്പണം പാനമയില്‍ നിക്ഷേപിക്കപ്പെടുന്നു. അഞ്ചുശതമാനം നാമമാത്രമായ നികുതി അടച്ചു കള്ളപ്പണം വെളുപ്പിക്കുന്നു. പിന്നീട് അതു പ്രത്യക്ഷ വിദേശ നിക്ഷേപമെന്ന നിലയില്‍ ഇന്ത്യയില്‍ തിരിച്ചുകൊണ്ടുവരുന്നു - അഗര്‍വാള്‍ പറഞ്ഞു.
കരാര്‍ പ്രകാരം കമ്പനി ഉടമസ്ഥരുടെ പേരുകള്‍ പാനമയ്ക്കു പുറത്തുവിടാനാവില്ല. നികുതി ഒഴിവാക്കി കള്ളപ്പണം വെളുപ്പിക്കുന്നതിന്, ഈവഴി സ്വീകരിച്ച എല്ലാവരുടെയും പേരുകള്‍ സര്‍ക്കാരിനറിയാം. കള്ളപ്പണം വെളിപ്പെടുത്തുമെന്ന വാഗ്ദാനം നല്‍കി അധികാരത്തില്‍ വന്ന സര്‍ക്കാര്‍ ഇതുവരെ കാര്യമായി ഒന്നും ചെയ്തിട്ടില്ല. 5000 കോടിയുടെ മാത്രം കള്ളപ്പണത്തിന്റെ കണക്കാണ് നിയമലംഘകര്‍ സ്വമേധയാ വെളിപ്പെടുത്തിയത്. പാനമ, മൗറിഷ്യസ്, ദുബൈ, സിംഗപ്പൂര്‍ എന്നീ രാഷ്ട്രങ്ങളെ കള്ളപ്പണം വെളുപ്പിക്കാന്‍ ഇതിനുമുമ്പ് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. നിയമപരമായ പണത്തിന്റെ മൂന്നിരട്ടിവരും കള്ളപ്പണമെന്നും അദ്ദേഹം ആരോപിച്ചു.
Next Story

RELATED STORIES

Share it