thrissur local

കള്ളനോട്ട് കേസ്: ഉന്നത ബിജെപി നേതാക്കള്‍ക്കും പങ്കുണ്ടെന്ന് സിപിഐ



തൃശൂര്‍: കൊടുങ്ങല്ലൂര്‍ മതിലകത്ത് യുവമോര്‍ച്ച നേതാവിന്റെ വീട്ടില്‍ നിന്ന് കള്ളനോട്ടും അച്ചടി സാമഗ്രികളും കണ്ടെത്തിയതില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് ആവശ്യപ്പെട്ടു. ഒരാളിന്റെ അറസ്റ്റില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല ഈ കേസ് എന്നാണ് മനസിലാക്കുന്നത്. ഇതിന്റെ പിന്നിലുള്ള സംഘത്തേയും പുറത്തു കൊണ്ടുവരുവാന്‍ ശക്തമായ അന്വേഷണം തന്നെ വേണം. രാജ്യം ഭരിക്കുന്ന സര്‍ക്കാരിന്റെ പിന്‍ബലത്തിലാണ് ഇത്തരക്കാര്‍ മുന്നോട്ടു പോകുന്നത്. ഉന്നതരായ ബിജെപി നേതാക്കള്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അച്ചടിച്ച നോട്ടുകള്‍ എവിടെയെല്ലാം വിതരണം ചെയ്തതെന്നും അത് ആരെല്ലാം ഉപയോഗിച്ചിട്ടുണ്ട് എന്നതിനെയും കുറിച്ചും അന്വേഷണം നടക്കണം. കൊടുങ്ങല്ലൂരില്‍ ബിജെപിയും സംഘപരിവാരും നടത്തുന്ന അക്രമപ്രവര്‍ത്തനങ്ങള്‍ക്കും കലാപങ്ങള്‍ക്കും വേണ്ടി പണം എത്തിച്ചിരുന്നത് ഇത്തരം മാര്‍ഗ്ഗങ്ങളിലൂടെയാണെന്നും വിശ്വസിക്കേണ്ടിയിരിക്കുന്നു. രാജ്യസ്‌നേഹത്തിന്റെ പേരില്‍ അക്രമങ്ങള്‍ അഴിച്ചു വിടുമ്പോഴും ബിജെപിയുടെ നേതൃത്വത്തില്‍ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നുള്ളതിന്റെ തെളിവാണിത്. അറസ്റ്റിലായ പ്രതിയെ ബിജെപിയില്‍ നിന്നും പുറത്താക്കി എന്ന് പ്രസ്താവന ഇറക്കി പ്രശ്‌നത്തില്‍ നിന്ന് തലയൂരാനാണ് ബിജെപി ശ്രമിക്കുന്നത്. സമഗ്ര അന്വേഷണം നടത്തി ഇതിന്റെ പുറകിലുള്ള മുഴുവന്‍ ആളുകളേയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it