Idukki local

കള്ളനോട്ടിനെതിരേ ഇടുക്കിയില്‍ ജാഗ്രതാ നിര്‍ദേശം

അടിമാലി: കള്ളനോട്ടിനെതിരെ ഇടുക്കിയില്‍ ജാഗ്രത നിര്‍ദേശം. വെള്ളിയാഴ്ച്ച വൈകീട്ട് തലക്കോട് ചെക്ക്‌പോസ്റ്റില്‍ കള്ളനോട്ടുകളുമായി കൊല്‍ക്കത്ത സ്വദേശിനികളായ രണ്ട് യുവതികളും ഒരു മലയാളിയും പിടിയിലായ സാഹചര്യത്തിലാണ് നടപടി. തലക്കോട് ചെക്ക് പോസ്റ്റില്‍ നിന്ന് കള്ളനോട്ടുകളുമായി മലയാളി ഉള്‍പ്പെടെയുള്ള സംഘത്തെ അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് കള്ളനോട്ടുകള്‍ക്കെതിരെ ഇടുക്കിയില്‍ കര്‍ശന ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്. 7 ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകള്‍ ഇടുക്കി, കുമരകം തുടങ്ങിയ ഇടങ്ങളിലായി തട്ടിപ്പ് സംഘം മാറിയെടുത്തതായാണ് സൂചന. വെള്ളിയാഴ്ച്ച വൈകിട്ടായിരുന്ന 7 ലക്ഷം രൂപയുടെ ഇന്ത്യന്‍ കറന്‍സിയും 27,000 രൂപയുടെ വ്യാജ കറന്‍സിയുമായി പൊന്‍കുന്നം സ്വദേശിയായ അനൂപിനേയും കൊല്‍ക്കത്ത സ്വദേശിനികളായ സുവാന, സുഹിന്‍ എന്നീ യുവതികളെയും തലക്കോട് ചെക്ക് പോസ്റ്റില്‍ ഊന്നുകല്‍ പോലിസ് അറസ്റ്റ് ചെയ്തത്.  ഇടുക്കി ജില്ലയുടെ വിവിധ ഇടങ്ങളിലായി അനൂപും യുവതികളും യാത്ര നടത്തിയതായും യാത്രക്കിടയില്‍ ഇവര്‍ കൈവശം സൂക്ഷിച്ചിരുന്ന വ്യാജ നോട്ടുകള്‍ വിവിധ ഇടങ്ങളിലെ വ്യാപാരശാലകളില്‍ മാറിയെടുത്തതായും സൂചനയുണ്ട്. ഒടുവില്‍ അടിമാലിയില്‍ നിന്നും എറണാകുളത്തിന് മടങ്ങുന്നതിനിടയില്‍ ഇരുമ്പുപാലത്തുള്ള ബേക്കറിയില്‍ കയറി സാധനങ്ങള്‍ വാങ്ങിയശേഷം വ്യാജനോട്ടു നല്‍കിയതാണ് കള്ളനോട്ട് സംഘത്തെ കുരുക്കിലാക്കിയത്.  പണം നല്‍കി മൂവര്‍ സംഘം പോയശേഷം ബേക്കറി ഉടമ നോട്ട് പരിശോധിച്ചപ്പോഴായിരുന്നു തട്ടിപ്പ് മനസ്സിലായത്. ഉടന്‍ തന്നെ ബേക്കറി ഉടമ ദേശിയപാതയോരത്ത് കച്ചവടം നടത്തിവരുന്ന സുഹൃത്തുക്കളെയും തലക്കോട് ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചു. തട്ടിപ്പ് നടന്ന് അരമണിക്കൂറിനുള്ളില്‍ തന്നെ മൂവര്‍ സംഘത്തെ പിടികൂടാനായെന്ന് ബേക്കറി ഉടമ പറഞ്ഞു. തട്ടിപ്പ് നടന്നശേഷം മൂവര്‍ സംഘത്തെ ദേശിയപാതയില്‍ ചീയപ്പാറയില്‍ വച്ച് വ്യാപാരികള്‍ തടയാന്‍ നോക്കിയെങ്കിലും അമിതവേഗത്തില്‍ കാര്‍ ഓടിച്ച് കള്ളനോട്ട് സംഘം രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്നാണ് തലക്കോട് വച്ച് ഉന്നുകല്‍ പോലിസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. വിദഗ്ധ പരിശോധനക്ക് ശേഷം മാത്രമേ കള്ളനോട്ടുകള്‍ എത്രയെന്ന് തിട്ടപ്പെടുത്താനാവു എന്നും മൂവര്‍ സംഘം സംസ്ഥാനത്തിന്റെ മറ്റിടങ്ങളില്‍ കള്ളനോട്ടുകള്‍ നല്‍കിയിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരുകയാണെന്നും പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it