കള്ളക്കേസുകളില്‍ കുടുങ്ങിയവര്‍ക്ക് നഷ്ടപരിഹാരം

ന്യൂഡല്‍ഹി: വ്യാജ കേസുകളില്‍ തടവില്‍ കഴിഞ്ഞ് പിന്നീട് നിരപരാധിയാണെന്നു തെളിഞ്ഞ് കോടതി വിട്ടയക്കുന്നവര്‍ക്ക് മാന്യമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുന്ന നിയമനിര്‍മാണം സംബന്ധിച്ചു പഠിക്കാന്‍ ദേശീയ നിയമ കമ്മീഷനു ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശം. കള്ളക്കേസുകളില്‍ കുടുങ്ങുന്നവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ രാജ്യത്തു നിലവില്‍ നിയമമില്ലെന്നു ചൂണ്ടിക്കാട്ടി ജസ്റ്റിസുമാരായ എസ് മുരളീധര്‍, ഐ എസ് മേത്ത എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. ഇതു സംബന്ധിച്ചു പഠനം നടത്തി എത്രയും വേഗം കേന്ദ്ര സര്‍ക്കാരിനു ശുപാര്‍ശ നല്‍കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഏറെക്കാലം തടവിലിട്ട ശേഷം പിന്നീട് നിരപരാധികളാണെന്നു കണ്ടെത്തി വെറുതെ വിടുന്ന കേസുകള്‍ കുറവല്ല.  ഇത്തരം കേസുകളില്‍ നഷ്ടപരിഹാരങ്ങള്‍ കോടതി മുമ്പാകെ ആവശ്യപ്പെടാന്‍ മാത്രം ചില ഇരകള്‍ ശക്തരോ കഴിവുള്ളവരോ ആവണമെന്നില്ല. മതിയായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുന്ന വിധത്തില്‍ എത്രയും പെട്ടെന്നു നിയമം ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. ഈ നിയമം ഇരകളെന്നപോലെ ഇരകളുടെ ബന്ധുക്കള്‍ക്കും ഗുണം ലഭിക്കുന്നതാവണം. പഠനം നടത്തുമ്പോള്‍ വിഷയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകളുമായി ആശയവിനിമയം നടത്തണം. ഇതു സംബന്ധിച്ച് അമിക്കസ് ക്യൂറിയായ നാഷനല്‍ ലോ യൂനിവേഴ്‌സിറ്റിയിലെ ക്രിമിനോളജി ആന്റ് ക്രിമിനല്‍ ജസ്റ്റിസ് വകുപ്പിലെ ജി എസ് ബാജ്‌പേയി സമര്‍പ്പിച്ച റിപോര്‍ട്ട് പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടപെടലുകള്‍. കള്ളക്കേസുകളില്‍ തടവിലാക്കപ്പെട്ടവര്‍ക്ക് അമേരിക്കയില്‍ സാമ്പത്തിക നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള പരിഹാര മാര്‍ഗങ്ങള്‍ നല്‍കുന്നതായി ബാജ്‌പേയി കോടതിയെ അറിയിച്ചിരുന്നു. ബ്രിട്ടന്‍, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലും വ്യാജ കേസുകളുടെ ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്ന നിയമമുണ്ട്. ഇന്ത്യയില്‍ ഇക്കാര്യത്തില്‍ പ്രത്യേക നിയമമില്ലെന്നും അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു.
Next Story

RELATED STORIES

Share it