malappuram local

കള്ളക്കേസിന്റെ പേരില്‍ പോലിസ് മര്‍ദിച്ചതായി പരാതി

മലപ്പുറം: വ്യാജ കളവ് കേസ് ആരോപിച്ച് പോലിസ് പിടിച്ചുകൊണ്ടുപോവുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തതായി പരാതി. കൊണ്ടോട്ടി മല്‍സ്യമാക്കറ്റില്‍ കച്ചവടക്കാരാനായ കൊണ്ടോട്ടി മേലങ്ങാടി വടക്കേകണ്ടി കുഞ്ഞിമൂസയാണു കൊണ്ടോട്ടി പോലിസ് അതി ക്രൂരമായി മര്‍ദിച്ചുവെന്ന് കാണിച്ച് മലപ്പുറം പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം നടത്തിയത്. കഴിഞ്ഞ 29ന് പുലര്‍ച്ചെ മുന്നിന് വ്യാജ കേസിന്റെ പേര് പറഞ്ഞ് സ്വകാര്യ വാഹനത്തില്‍ മഫ്തിയിലെത്തിയ മൂന്നു പോലിസുകാര്‍ മാര്‍ക്കറ്റില്‍ വച്ച് വലിച്ചിഴച്ച് കൊണ്ടുപോവുകയും പോലിസ് സ്‌റ്റേഷന്റെ പിറക് വശത്തുള്ള റൂമിലിട്ട് മദ്യലഹരിയിലുള്ള പോലിസുകാര്‍ മണിക്കൂറുകളോളം മര്‍ദിച്ചുവെന്നും കുഞ്ഞിമൂസ പറഞ്ഞു. കിഡ്‌നി രോഗത്തിന് മരുന്ന് കഴിക്കുന്നാളെണെന്നും പറഞ്ഞിട്ടും അതൊന്നും കേള്‍ക്കാതെ മര്‍ദനം തുടര്‍ന്നു. ഒരു നോട്ടീസ് പോലും നല്‍കാതെ നിയമ നടപടികളും പൂര്‍ത്തിയാക്കാതെ പുലര്‍ച്ചെ ഗുണ്ടകളെപ്പോലെ തന്നെ സ്‌റ്റേഷനിലേക്ക് പിടിച്ചുകൊണ്ടു പോവുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന് ദിവസങ്ങള്‍ക്ക മുന്ന് നേരത്തെ അയല്‍വാസിയായ ആളുടെ രോഗ സന്ദര്‍ശനത്തിന് അദ്ദേഹത്തിന്റെ മകന്റെ തുറക്കലിലെ വീട്ടില്‍ പോയിരുന്നു. പക്ഷേ, അവിടെ ആരെയും കാണാത്തതിനാല്‍ തിരിച്ചുപോന്നു. അന്ന് രാത്രി അവിടെ മോഷണം നടന്നു. രാത്രി മോഷണം നടത്തിയ മോഷ്ടാവിന്റെയും പകലില്‍ താന്‍ വിട്ടിലെത്തിയ ദൃശ്യവും ആ വീട്ടിലെ സിസി ടിവിയില്‍ നിന്നു ലഭിക്കും. ഇതൊന്നും പരിശോധിക്കാതെ തന്നെ കള്ളനാക്കി പോലിസ് കസ്റ്റഡിയിലെടുക്കുകയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നുവെന്നും കുഞ്ഞിമൂസ പറഞ്ഞു. ഒരു പെറ്റികേസ് പോലുമില്ലാത്തെയാളെ 12 മണിക്കൂറോളം കസ്റ്റഡിയില്‍ വക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്ത പോലിസുകാര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആദ്യം കൊണ്ടോട്ടി സിഐക്ക് പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ല. തുടര്‍ന്ന് കഴിഞ്ഞ ദിവസം മലപ്പുറം എസ്പിക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെ പോലിസിന്റെ ഭാഗത്തു നിന്നു യാതൊരു നടപടിയും ഉണ്ടായില്ലെന്നും കുഞ്ഞിമൂസയുടെ ഭാര്യ മുംതാസ് പറഞ്ഞു. ഒരു എഫ്‌ഐആര്‍ ഇടാന്‍ പോലും തയ്യാറായില്ലെന്നും ഭാര്യയായ തനിക്കോ ബന്ധുക്കള്‍ക്കോ സ്റ്റഷനില്‍നിന്നും വിട്ടുതരാതെ പോലിസുമായി ബന്ധമുള്ള നാട്ടിലെ ഒരു വ്യക്തിക്കാണ് സ്റ്റഷനില്‍ നിന്നു ഭര്‍ത്താവിനെ വിട്ടുനല്‍കിയതതെന്നും നിരവധി രേഖകളില്‍ പോലിസ് ഒപ്പിടുവിച്ചുവെന്നും അവര്‍ പറഞ്ഞു. കുഞ്ഞിമൂസയുടെ കൈ ഒടിഞ്ഞിട്ടുണ്ട്. കൊണ്ടോട്ടി മലബാര്‍ ഹോസ്പ്റ്റലില്‍ ചികില്‍സയിലിരിക്കെയാണ് എസ്പിക്ക് പരാതി നല്‍കാനായി കുഞ്ഞിമൂസയെത്തിയത്. ഒരു നടപടിക്രമങ്ങളും പാലിക്കാതെയാണ് കുഞ്ഞിമൂസയെ പോലിസ് കസ്റ്റഡിയിലെടുത്തതും ഇത് പോലിസ് രാജ് ഇപ്പോഴും തുടരുന്നുവെന്നതിനുള്ള തെളിവാണെന്നും ഇതിനെതിരേ നിയമനടപടികളുമായി മുന്നോട്ടുപോവുമെന്നും എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന സമിതി അംഗം അലി അക്ബര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it