കള്ളം പറഞ്ഞ് കലാപത്തിന് നീക്കം



രാഷ്ട്രീയ കേരളം

ഹനീഫ  എടക്കാട്

തങ്ങള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചാല്‍ ഒരുപക്ഷേ, നാട്ടില്‍ സമാധാനം ഉണ്ടാവുമെന്നും എന്നാല്‍ തങ്ങള്‍ അതിനു തയ്യാറല്ലെന്നുമുള്ള ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. സുരേന്ദ്രന്റെ പതിവ് അബദ്ധങ്ങളെന്നതരത്തില്‍ ട്രോള്‍ പേജുകളില്‍ ആ പ്രസ്താവന നന്നായി ഓടി. അക്രമത്തിനു തുടക്കമിടുന്നത് തങ്ങളാണെന്ന് ബിജെപി സമ്മതിച്ചെന്ന തരത്തിലും നവമാധ്യമങ്ങളില്‍ ചര്‍ച്ച കൊടുമ്പിരികൊണ്ടു. പക്ഷേ, പറഞ്ഞത് സുരേന്ദ്രനായതുകൊണ്ട് ചിരിച്ചുതള്ളേണ്ട. നാട്ടിലെ സമാധാനം തകര്‍ക്കുന്നതാണ് സംഘപരിവാര സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ എന്ന് എല്ലാവര്‍ക്കും നേരത്തേ ബോധ്യമായതാണ്. ഏതുവിധേനയും സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ത്ത് പാര്‍ട്ടി വളര്‍ത്തുന്നതിനുള്ള ബഹുമുഖവും സര്‍വതല സ്പര്‍ശിയുമായ പ്രവര്‍ത്തനങ്ങള്‍ക്ക് സംഘപരിവാരം രൂപം നല്‍കിയിട്ടുണ്ടെന്ന് നേതാക്കളുടെ പ്രസ്താവനകളും ഫേസ്ബുക്ക് പോസ്റ്റുകളും തെളിയിക്കുന്നു. മാലിന്യക്കൂമ്പാരങ്ങളില്‍ രോഗാണു തഴച്ചുവളരുന്നതുപോലെയാണ് സംഘര്‍ഷങ്ങളും കലാപാന്തരീക്ഷവുമുള്ളിടത്ത് ഇത്തരം പ്രസ്ഥാനങ്ങള്‍ക്ക് വളര്‍ച്ചയുണ്ടാവുന്നത്. ആശയപ്രചാരണം നടത്തിയാല്‍ നേരാംവണ്ണം നാലാളെ കിട്ടാന്‍ ബുദ്ധിമുട്ടാണ്. അതേസമയം, നുണപ്രചരിപ്പിച്ചും വര്‍ഗീയത പരത്തിയും സത്യങ്ങള്‍ വളച്ചൊടിച്ച് അവതരിപ്പിച്ചും നാട്ടില്‍ കുഴപ്പങ്ങളുണ്ടാക്കുമ്പോള്‍, കുറച്ചുപേരെങ്കിലും തങ്ങളുടെ കൂടെ വരുമെന്ന് അവര്‍ മനസ്സിലാക്കിയിട്ടുണ്ട്. നിരന്തരം ആവര്‍ത്തിക്കപ്പെടുന്ന നുണകള്‍ അവസാനം ആത്യന്തികമായ സത്യമായി അവതരിപ്പിക്കപ്പെടുന്ന അവസ്ഥ എത്രയോ നാം കണ്ടതുമാണ്. സംഘപരിവാരത്തിന്റെ വെബ്‌സൈറ്റുകളില്‍ ആദ്യം പ്രത്യക്ഷപ്പെട്ട 'ലൗ ജിഹാദ്' എന്ന ഇല്ലാക്കഥ അവസാനം കോടതിയിലും പോലിസ് റിപോര്‍ട്ടിലും പരാമര്‍ശിക്കപ്പെടുന്ന അവസ്ഥയുണ്ടായത് നുണപ്രചാരണത്തിന്റെ ശക്തികൊണ്ടായിരുന്നു.നുണ പ്രചരിപ്പിക്കുന്ന കാര്യത്തില്‍ നേതാക്കളെന്നോ അണികളെന്നോ വ്യത്യാസമില്ല അവര്‍ക്ക്. കണ്ണൂര്‍ പയ്യന്നൂരില്‍ കൊലക്കേസ് പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സന്ദര്‍ഭത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ സാമൂഹിക മാധ്യമങ്ങളില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലയില്‍ ആഹ്ലാദനൃത്തം ചെയ്യുന്ന സിപിഎം പ്രവര്‍ത്തകരെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിപ്പിച്ചത്. ഒരു ഫുട്‌ബോള്‍ മല്‍സരത്തിലെ ആരവങ്ങളാണ് തങ്ങളുടെ സ്വാര്‍ഥതയ്ക്കു വേണ്ടി നേതാവ് തന്നെ തെറ്റായി പ്രചരിപ്പിച്ചത്. കേന്ദ്രം കശാപ്പിന് നിയന്ത്രണമേര്‍പ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ച വേളയില്‍ സംസ്ഥാനത്ത് വിവിധ വിദ്യാര്‍ഥി-യുവജന സംഘടനകള്‍ വ്യാപകമായി ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചിരുന്നു. എന്നാല്‍, ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ഇതിനെ വിമര്‍ശിച്ചും ഭീഷണിപ്പെടുത്തിയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിനോടൊപ്പം നല്‍കിയത് എവിടെയോ എപ്പോഴോ മാടുകളെ കൂട്ടത്തോടെ അറവുചെയ്ത ചിത്രം. കണ്ണൂര്‍ സിറ്റിയില്‍ യൂത്ത് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ കാളക്കുട്ടിയെ അറുത്ത സംഭവത്തെ, പശുവിനെ കശാപ്പു ചെയ്‌തെന്ന രീതിയിലാണ് സംഘപരിവാര കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചത്. കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി വരെ ഈ വിഷയത്തില്‍ ഇടപെടുന്ന തരത്തില്‍ സംഘപരിവാരത്തിന് ചിത്രം ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞു. ഇപ്പോഴും ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ്സിന്റെ ഹിന്ദുവിരുദ്ധത ചൂണ്ടിക്കാട്ടാന്‍ ഈ ചിത്രം ഉപയോഗപ്പെടുത്തുന്നു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ബീഫ് ഫെസ്റ്റില്‍ പങ്കെടുത്ത് ഇറച്ചിവിഭവം ഭക്ഷിക്കുന്നതുപോലും സംഘപരിവാരം തങ്ങളുടെ അജണ്ടയ്ക്കായി തെറ്റായി ഉപയോഗിച്ചതും കഴിഞ്ഞ വാരം രാഷ്ട്രീയകേരളം കണ്ടതാണ്. ദേവസ്വം മന്ത്രി പരസ്യമായി പശുവിറച്ചി കഴിച്ചെന്നും ഇതു വിശ്വാസികളെ വേദനിപ്പിച്ചെന്നുമുള്ള രീതിയിലായിരുന്നു സംഘപരിവാരത്തിന്റെ പ്രചാരണം. പശുവിറച്ചിയായിരുന്നില്ല വിളമ്പിയതെന്നു വ്യക്തമായിട്ടും പ്രചാരണം നിര്‍ത്താന്‍ അവര്‍ തയ്യാറായിട്ടുമില്ല.സംഘര്‍ഷമുണ്ടാക്കുക, ഹര്‍ത്താല്‍ പ്രഖ്യാപിക്കുക, ഹര്‍ത്താലിന്റെ മറവില്‍ വീണ്ടും അക്രമം അഴിച്ചുവിടുകയെന്നതാണ് ഇപ്പോള്‍ ഇവര്‍ കേരളത്തില്‍ പതിവാക്കിയിരിക്കുന്നത്. ആറുമാസത്തിനിടെ സംഘപരിവാരം കേരളത്തില്‍ അടിച്ചേല്‍പ്പിച്ചത് ഡസന്‍കണക്കിന് ഹര്‍ത്താലുകളാണ്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടിയിലേക്കു കൂടുതല്‍ സംഘടനകളെയും ജനസ്വാധീനമുള്ള വ്യക്തികളെയും അടുപ്പിക്കുക ലക്ഷ്യമിട്ട് കേരളത്തിലെത്തിയ ദേശീയ പ്രസിഡന്റ് അമിത്ഷായുടെ സന്ദര്‍ശനം പരാജയമായിരുന്നുവെന്നാണു മാധ്യമങ്ങള്‍ വിലയിരുത്തിയത്. കൊച്ചിയിലും തിരുവനന്തപുരത്തും ക്യാംപ് ചെയ്തിട്ടും ജനശ്രദ്ധയാകര്‍ഷിക്കുന്നവരാരും അമിത്ഷായെ കാണാനെത്തിയില്ല. എന്‍ഡിഎയുടെ ഭാഗമായുള്ള നേതാക്കള്‍പോലും അമിത്ഷായെ തിരിഞ്ഞുനോക്കിയില്ല. ഇതിനു പിന്നാലെയാണ് തിരുവനന്തപുരത്തും കോഴിക്കോട്ടും വ്യാപകമായും മറ്റു ജില്ലകളില്‍ പലയിടത്തായും സംഘപരിവാരത്തിന്റെ നേതൃത്വത്തില്‍ അക്രമങ്ങള്‍ അരങ്ങേറിയത്. 2017 ജനുവരി 1 മുതല്‍ ജൂണ്‍ 10 വരെയുള്ള കാലയളവില്‍ കേരളത്തില്‍ 63 ഹര്‍ത്താലുകള്‍ നടന്നു. ഇതില്‍ ബഹുഭൂരിപക്ഷവും പ്രഖ്യാപിച്ചത് സംഘപരിവാര സംഘടനകളായിരുന്നു. 25ലധികം ഹര്‍ത്താലുകളാണ് ഈ കാലയളവില്‍ സംഘപരിവാരം സംഘടിപ്പിച്ചത്. ഹര്‍ത്താല്‍ പ്രഖ്യാപനത്തില്‍ ഇവര്‍ക്കു പിന്നാലെ സിപിഎമ്മുമുണ്ട്. കഴിഞ്ഞ 7ന് തിരുവനന്തപുരം ജില്ലയില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് ജില്ലാ ഓഫിസിനു നേരെ ബോംബെറിഞ്ഞെന്ന് ആരോപിച്ചായിരുന്നു. അന്നേദിവസം ഡല്‍ഹിയില്‍ എകെജി ഭവനില്‍ സീതാറാം യെച്ചൂരിയെ സംഘപരിവാര പ്രവര്‍ത്തകര്‍ ആക്രമിച്ചതിന്റെ പശ്ചാത്തലത്തില്‍ പിറ്റേദിവസം സിപിഎം വ്യാപകമായി പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചയുടനെയായിരുന്നു ഓഫിസ് അക്രമവും ഹര്‍ത്താല്‍ പ്രഖ്യാപനവും ഉണ്ടായതെന്നത് ശ്രദ്ധേയമാണ്. ബൈക്കിലെത്തിയ സംഘം ബോംബെറിയുമ്പോള്‍ ഓഫിസില്‍ ആരുമില്ല, സിസിടിവിയും ഓഫായിരുന്നുവത്രേ. സമാനമായ ബോംബേറ് മാസങ്ങള്‍ക്കു മുമ്പും നടന്നിരുന്നു. അന്നും സിസിടിവി ഓഫായിരുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ആര്‍എസ്എസും അനുബന്ധ പരിവാര സംഘടനകളും വ്യാപക കലാപമാണ് ലക്ഷ്യമിടുന്നതെന്ന് ഓരോ സംഭവങ്ങളും വ്യക്തമാക്കുന്നു. കാസര്‍കോട് ചൂരി പഴയ ജുമാമസ്ജിദില്‍ ഉറങ്ങിക്കിടന്ന യുവ മതപണ്ഡിതനെ അതിനിഷ്ഠുരമായി കൊലപ്പെടുത്തിയത് വര്‍ഗീയകലാപം ഉദ്ദേശിച്ചായിരുന്നു. എന്നാല്‍, മുസ്‌ലിം സമുദായം പതിവുപോലെ ആത്മസംയമനം പാലിച്ചതു കാരണം ആര്‍എസ്എസിന്റെ ഉദ്ദേശ്യം നടപ്പായില്ല. മലപ്പുറം കൊടിഞ്ഞിയില്‍ ഫൈസലിനെ അരുംകൊല ചെയ്തതും സംഘര്‍ഷത്തിന് വഴിമരുന്നിടാനായിരുന്നു.ആര്‍എസ്എസ് അതിന്റെ ഗൂഢലക്ഷ്യങ്ങള്‍ നടപ്പാക്കാന്‍ വ്യാപകമായ അക്രമങ്ങള്‍ക്ക് കോപ്പുകൂട്ടുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ പതിവ് വാചകമടികളില്‍ അഭിരമിക്കുന്നു എന്നതാണ് ഖേദകരമായ വസ്തുത. ആര്‍എസ്എസിന്റെ കുടിലതന്ത്രങ്ങള്‍ നന്നായി അറിയാമെന്നു പറയാറുള്ള പിണറായി വിജയന്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരിക്കുമ്പോള്‍ തന്നെയാണ് പള്ളിയില്‍ വച്ച് മുസ്‌ലിം യുവപണ്ഡിതന്‍ കൊല്ലപ്പെടുന്നതും ഇസ്‌ലാം മതം വിശ്വസിച്ചതിന്റെ പേരില്‍ കൊടിഞ്ഞിയില്‍ ഫൈസല്‍ കൊല്ലപ്പെടുന്നതും. എന്നാല്‍, ഈ കേസിലൊന്നും ഗൂഢാലോചന നടത്തിയവരെയോ ആസൂത്രണം ചെയ്തവരെയോ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല.  ഫലത്തില്‍ ആര്‍എസ്എസ് ആഗ്രഹിക്കുന്നതാണ് സിപിഎം ചെയ്തുകൊണ്ടിരിക്കുന്നത്. കൊണ്ടാലും കൊടുത്താലും ലാഭം ആര്‍എസ്എസിനാണെന്ന് സിപിഎമ്മിനും സര്‍ക്കാരിനും എന്നാണു മനസ്സിലാവുക.
Next Story

RELATED STORIES

Share it