Cricket

കളി കാര്യവട്ടത്ത്; സചിനെ വിമര്‍ശിച്ച് കെസിഎ

കളി കാര്യവട്ടത്ത്; സചിനെ വിമര്‍ശിച്ച് കെസിഎ
X


തിരുവനന്തപുരം: നവംബറില്‍ തീരുമാനിച്ചിരിക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന മല്‍സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. മല്‍സരം കാര്യവട്ടത്ത് നടത്തണമെന്ന കായിക മന്ത്രിയുടെ നിര്‍ദേശം കേരള ക്രിക്കറ്റ് അസോസിയേഷന്‍ അംഗീകരിച്ചു. റൊട്ടേഷന്‍ വ്യവസ്ഥയില്‍ ഭാവിയില്‍ കൊച്ചിയിലും ക്രിക്കറ്റ് മല്‍സരങ്ങള്‍ നടത്താമെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയുടെ അഭ്യര്‍ഥന മാനിച്ചാണു തീരുമാനമെന്നും ഇതു താല്‍ക്കാലികമാണെന്നും കൊച്ചിയില്‍ ഇനിയും മല്‍സരം നടത്തുമെന്നും കെസിഎ അറിയിച്ചു. ശനിയാഴ്ച ചേരുന്ന കെസിഎ ജനറല്‍ ബോഡി യോഗത്തിലാവും അന്തിമ തീരുമാനം എടുക്കുക. മല്‍സരം സംബന്ധിച്ചുണ്ടായ തര്‍ക്കങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് കായികമന്ത്രി എ സി മൊയ്തീന്‍ നിയമസഭയില്‍ പറഞ്ഞു.
അന്താരാഷ്ട്ര മല്‍സരങ്ങള്‍ക്ക് തിരുവനന്തപുരവും കൊച്ചിയും യോഗ്യമാണ്. കൊച്ചി സ്‌റ്റേഡത്തില്‍  പ്രകൃതിദത്ത പുല്‍ത്തകിടിയാണുള്ളത്. ഇപ്പോള്‍ ക്രിക്കറ്റ് മല്‍സരം നടന്നാല്‍ ഒരു മാസത്തിനുശേഷം നടക്കുന്ന ഫുട്‌ബോള്‍ മല്‍സരത്തിനായി വീണ്ടും മൈതാനമൊരുക്കുക എന്നത്് ശ്രമകരമാണ്. കൊച്ചിയില്‍ ക്രിക്കറ്റ് സ്‌റ്റേഡിയം ആലോചനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ക്രിക്കറ്റ് തിരുവനന്തപുരത്തു നടത്തണമെന്ന് അഭിപ്രായപ്പെട്ട സചിന്‍ ടെണ്ടുല്‍ക്കറിന് പിച്ച് തയ്യാറാക്കാന്‍ അറിയില്ലെന്ന് കെസിഎ സെക്രട്ടറി ജയേഷ് ജോര്‍ജ് വിമര്‍ശിച്ചു. കൊച്ചിയില്‍ ഫുട്‌ബോള്‍ മതിയെന്ന സച്ചിന്റെ നിലപാട് ബ്ലാസ്‌റ്റേഴ്‌സ് ഉടമയായതുകൊണ്ടാണ്. ഫുട്‌ബോള്‍ ടര്‍ഫ് തകര്‍ക്കുമെന്ന വാദം ക്രിക്കറ്റ് പിച്ച് ഇല്ലാതാക്കിയ സംഭവത്തിലും ബാധകമാണെന്നും സെക്രട്ടറി വ്യക്തമാക്കി.
ക്രിക്കറ്റ് മല്‍സരം കൊച്ചിയിലോ തിരുവനന്തപുരത്തോ എന്ന കാര്യത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അനിശ്ചിതത്വമുണ്ടായിരുന്നു. കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയം ഉടമകളായ ജിസിഡിഎ വിളിച്ച ക്രിക്കറ്റ്  ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികളുടെ യോഗം ഫുട്‌ബോളിനു തടസ്സമാവാതെ ക്രിക്കറ്റും കൊച്ചിയില്‍ നടത്തണമെന്ന അനുരഞ്ജന നിലപാടിലാണു പിരിഞ്ഞത്. ബിസിസിഐ ആദ്യം പ്രഖ്യാപിച്ച വേദി തിരുവനന്തപുരമാണ്. കൊച്ചിയില്‍ മല്‍സരം നടത്താനായിരുന്നു കെസിഎ ശ്രമം. വിവാദങ്ങളൊഴിവാക്കി തിരുവനന്തപുരം സ്‌പോര്‍ട്‌സ് ഹബ് സ്‌റ്റേഡിയത്തില്‍ നടത്തണമെന്നു ബിസിസിഐ ഇടക്കാല ഭരണസമിതി നിലപാടെടുത്തു. കൊച്ചിയിലെ ഫുട്‌ബോള്‍ കളിക്കളം പിച്ച് നിര്‍മാണത്തിനു കുത്തിക്കുഴിക്കാതെ തിരുവനന്തപുരത്തു മല്‍സരം നടത്തണമെന്നു സചിന്‍ ടെണ്ടുല്‍ക്കറും ശശി തരൂര്‍ എംപിയും ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായിയോട് അഭ്യര്‍ഥിച്ചിരുന്നു.
കൊച്ചിയിലെ സ്‌റ്റേഡിയത്തില്‍ കെസിഎ നടത്തിയ നിക്ഷേപം സംബന്ധിച്ചും ദീര്‍ഘകാല പാട്ടത്തിനായി ജിസിഡിഎയുമായി ഉണ്ടാക്കിയ ധാരണാപത്രത്തിന്റെ വിവരങ്ങളുമെല്ലാം വിശദമാക്കി കെസിഎ വിനോദ് റായിക്ക് ഇമെയില്‍ അയച്ചു. കെസിഎ സെക്രട്ടറി ജയേഷ് ജോര്‍ജുമായി ബിസിസിഐ ആക്ടിങ് സെക്രട്ടറി അമിതാബ് ചൗധരി ബന്ധപ്പെട്ടു വിവാദത്തിന്റെ പശ്ചാത്തലം ചോദിച്ചറിഞ്ഞു. കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ഫിഫ മാനദണ്ഡം അനുസരിച്ചു നിര്‍മിച്ച ഫുട്‌ബോള്‍ കളിപ്രതലത്തിനു തകരാറില്ലാതെ ക്രിക്കറ്റ് പിച്ച് നിര്‍മാണം സാധ്യമാവുമോ എന്നകാര്യത്തില്‍ വിദഗ്ധരുടെ അഭിപ്രായവും സംസ്ഥാന സര്‍ക്കാരിന്റെ നിലപാടും തേടാനായിരുന്നു ജിസിഡിഎയുടെ തീരുമാനം.
Next Story

RELATED STORIES

Share it