Kottayam Local

കളിമണ്ണില്‍ ചുവര്‍ചിത്രം തീര്‍ത്ത് കലാകാരന്‍മാര്‍



കോട്ടയം: കളിമണ്ണ് കൊണ്ട് ശില്‍പ്പങ്ങള്‍ മാത്രമല്ല നിര്‍മിക്കാന്‍ കഴിയുകയെന്നു പ്രവൃത്തിയിലൂടെ തെളിയിക്കുകയാണ് ഒരുകൂട്ടം കലാകാരന്‍മാര്‍. കോട്ടയം കേരളാ ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയിലെത്തിയാല്‍ അദ്ഭുതം നേരില്‍ക്കണ്ട് ബോധ്യപ്പെടാം. നിലമ്പൂര്‍ സ്വദേശികളായ കലാകാരന്‍മാര്‍ കളിമണ്ണ് ഉപയോഗിച്ച് നിര്‍മിച്ച വ്യത്യസ്ത ചിത്രങ്ങളുടെ പ്രദര്‍ശനമാണ് ഒരുക്കിയിട്ടുള്ളത്. മാത്രമല്ല, കളിമണ്‍ മാസ്‌കുകള്‍, ഗാര്‍ഡന്‍ ലാംബ്, ഗാര്‍ഡന്‍ ജാര്‍, ബേര്‍ഡ് ബാത്ത്, ഫഌവര്‍വേസ് തുടങ്ങിയ 50ലധികം ഉല്‍പ്പന്നങ്ങളുടെ വന്‍ശേഖരവുമുണ്ടിവിടെ. യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴം, ഉയര്‍ത്തെഴുന്നേല്‍പ്പ്, കൃഷ്ണനും രാധയും, ഹംസവും ദമയന്തിയും, സരസ്വതി, ഗണപതി, മുളങ്കാടുകള്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് കലാകാരന്‍മാര്‍ കളിമണ്ണില്‍ തീര്‍ത്തിരിക്കുന്നത്. ആവശ്യക്കാരുടെ ഇഷ്ടത്തിനനുസരിച്ച് ഏത് ചിത്രങ്ങള്‍ വേണമെങ്കിലും ഇവര്‍ നിര്‍മിച്ച് നല്‍കുകയും ചെയ്യും. കളിമണ്‍ തൊഴില്‍ ചെയ്യുന്ന കുംഭാരസമുദായത്തില്‍പ്പെട്ട കലാകാരന്‍മാരുടെ കൂട്ടായ്മയായ 'സൃഷ്ടി'യാണ് പ്രദര്‍ശനത്തിന് മേല്‍നോട്ടം വഹിക്കുന്നത്. 10 പേരാണ് ഇവരുടെ സംഘടയിലുള്ളത്. മലപ്പുറം ജില്ലയില്‍ ഏകദേശം 2,000 കുടുംബങ്ങളുണ്ടെങ്കിലും ഇപ്പോള്‍ കളിമണ്‍പാത്ര നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത് 500 പേര്‍ മാത്രമാണെന്ന് കലാകാരന്‍മാര്‍ പറയുന്നു. ഇവരില്‍ 10 പേര്‍ മാത്രമാണ് കലാമേഖലയിലേക്കെത്തിയിരിക്കുന്നത്.സര്‍ക്കാര്‍ തലത്തില്‍ നിന്ന് നല്ല പ്രോല്‍സാഹനം ലഭിക്കുന്നുണ്ടെന്ന് പ്രദര്‍ശനത്തിനു നേതൃത്വം വഹിക്കുന്ന ടി പി നാരായണനും ബാബുവും വ്യക്തമാക്കി. മുമ്പും കോട്ടയത്തു പ്രദര്‍ശനം നടത്തിയിട്ടുണ്ടെങ്കിലും കലാപ്രദര്‍ശനം ഇതാദ്യമാണ്. കലയോടുള്ള സ്‌നേഹമാണ് പാത്രനിര്‍മാണത്തില്‍ നിന്ന് വേറിട്ട രംഗത്തേക്കു മാറാന്‍ പ്രചോദനമായതെന്നും ഇവര്‍ പറയുന്നു. കളിമണ്‍ ഉപയോഗിച്ച് ഒരുചിത്രം നിര്‍മിക്കാന്‍ ഏകദേശം 10 ദിവസം മുതല്‍ ഒരുമാസം വരെ സമയമെടുക്കാറുണ്ട്. കാലാവസ്ഥ അനുയോജ്യമല്ലെങ്കില്‍ ദൈര്‍ഘ്യം വര്‍ധിക്കും. ഇത്തരത്തില്‍ നിരവധി ദിവസത്തെ കാത്തിരിപ്പിനു ശേഷമാണ് ഇവര്‍ ഒരു ചിത്രവുമായി രംഗത്തെത്തുന്നത്. കളിമണ്ണ് കുഴച്ച് ഷീറ്റുകളാക്കുകയാണ് നിര്‍മാണത്തിന്റെ ആദ്യഘട്ടം. പിന്നീട് ഈ ഷീറ്റില്‍ ചിത്രങ്ങള്‍ പതിപ്പിക്കുന്നു. ബ്ലേഡ് ഉപയോഗിച്ചു ഷീറ്റിനെ പലഭാഗങ്ങളായി മുറിക്കുകയാണ് അടുത്ത ജോലി. ഇത്തരത്തില്‍ മുറിച്ചെടുത്ത ടൈലുകളില്‍ ചുവന്ന മണ്ണുതേച്ച് മിനുസപ്പെടുത്തി ഉണക്കിയെടുത്ത് പ്രത്യേക രീതിയില്‍ ക്രമീകരിച്ച ചൂളയില്‍ ചുട്ടെടുക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ പാകപ്പെടുത്തിയെടുത്ത ടൈലുകള്‍ക്കു പ്രത്യേക നിറം നല്‍കാന്‍ ചായങ്ങള്‍ ഉപയോഗിക്കാറില്ല. ചൂളയിലെ ചൂട് ക്രമീകരിച്ചാണ് കറുപ്പ്, ചുവപ്പ്, ഓറഞ്ച് നിറങ്ങള്‍ നല്‍കുന്നതെന്നും കലാകാരന്‍മാര്‍ പറയുന്നു. ഏകദേശം 12 വര്‍ഷമായി കളിമണ്‍ചിത്ര നിര്‍മാണരംഗത്ത് ഇവര്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട്. നിലമ്പൂര്‍ പൂക്കോട്ടുംപാടം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കലാകാരന്‍മാര്‍ കേരളത്തിനു പുറമേ ഇതര സംസ്ഥാനത്തും പ്രദര്‍ശനമേള ഒരുക്കിയിട്ടുണ്ട്. ഇന്നലെ ആരംഭിച്ച പ്രദര്‍ശനം 21ന് അവസാനിക്കും.
Next Story

RELATED STORIES

Share it